കോട്ടയം: ഹൈക്കോടതി പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ വിവാഹമോചനത്തിലും കുടുംബത്തകർച്ചയിലും വൻവർദ്ധന. സംസ്ഥാനത്ത് ഒരു വർഷം രജിസ്റ്റർ ചെയ്യുന്നത് ഏകദേശം ഒരു ലക്ഷത്തി പതിനായിരം വിവാഹങ്ങളാണ്. എന്നാൽ ഒരു വർഷം കുടുംബ കോടതികളിൽ വിവാഹമോചനത്തിനു വേണ്ടി രജിസ്റ്റർ ചെയ്യുന്നത് മുപ്പതിനായിരത്തോളം കേസുകളാണ്. ഇത് കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയിലെ ഞെട്ടിക്കുന്ന കണക്കാണ്. വിവാഹമോചനം തേടുന്നവരുടെ എണ്ണം ഓരോ വർഷവും കൂടി വരുന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2016ൽ 19,233 കേസുകൾ ഉണ്ടായിരുന്നത് 2022 ൽ
26, 976 ആയി ഉയർന്നു. 40% വർദ്ധനവ്. 2025 ൽ ജൂൺ വരെ 30, 067 കേസുകളാണ് കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്നത്. കേസുകളിലേക്ക് പോകാതെ വക്കീൽനോട്ടീസ് അയച്ചശേഷം പിരിഞ്ഞു ജീവിക്കുന്നവർ ഇതിലും അധികമാണ്.
ഗാർഹിക പീഡനം, ദമ്പതികൾക്കിടയിലെ ആശയപരമായ അകൽച്ച, സാമ്പത്തിക സ്വാതന്ത്ര്യം, കുടിയേറ്റം, അന്യബന്ധങ്ങൾ, സ്ത്രീധനം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് പിന്നിൽ. ചുരുങ്ങിയ വർഷങ്ങൾക്കകം വിവാഹമോചനം തേടുന്ന ‘ഷോർട്ട് ലീവ്ഡ് ഡിവോഴ്സ് ‘ ഇപ്പോൾ ഒരു ട്രെൻഡ് പോലെ വർദ്ധിക്കുന്നു. വിവാഹമോചനം ദമ്പതികളെ മാത്രമല്ല, അവരുടെ മക്കൾ, കുടുംബാംഗങ്ങൾ എന്നിവരെയും പ്രതികൂലമായി ബാധിക്കുന്നു.
