ഒന്നാം സങ്കീർത്തനം എല്ലാ സങ്കീർത്തനങ്ങളുടെയും ഒരു ആമുഖമാണ്. സങ്കീർത്തനങ്ങൾ പ്രതിപാദിക്കുന്ന സകല പ്രമേയങ്ങളും ഉൾക്കൊള്ളുന്ന ഒരു മുഖവുര. ജീവിതത്തിന്റെ രണ്ടു വഴികളെയാണ് ഈ സങ്കീർത്തനം അവതരിപ്പിക്കുന്നത്.
ഒന്നാമത്തേത് നീതിമാന്റെ വഴി (വാക്യം 1-3), രണ്ടാമത്തേത് ദുഷ്ടന്മാരുടെ വഴി (വാക്യം 4-6). നീതിമാന്റെ വഴി ദൈവപ്രമാണം കാത്തുസൂക്ഷിക്കുന്നവന്റെ വഴിയാണ്. അവിടെ നീതിയും അനുഗ്രഹവും സമൃദ്ധിയും ഉണ്ട്. എന്നാൽ ദുഷ്ടന്മാരുടെ വഴി നാശകരമാണ്. അത് കാറ്റത്തു പറന്നു പോകുന്ന പതിർ പോലെയാണ്.
വൈരുധ്യങ്ങളായ രണ്ടു വസ്തുതകൾ അവതരിപ്പിക്കുന്നത് തിരുവെഴുത്തുകളുടെ പ്രത്യേകതയാണ്. ഇരുളും വെളിച്ചവും, ജഡവും ആത്മാവും, മരണവും ജീവനും, മൂഢനും ബുദ്ധിമാനും, ജഡികനും ആത്മീയനും ഇങ്ങനെ തിന്മയും നന്മയും വേർതിരിച്ചറിയുവാൻ നിരവധി പ്രയോഗങ്ങൾ കാണാം. ആത്മീയതയുടെ അന്തഃസത്തയിൽ ജീവിക്കുവാനുള്ള ഉദ്ബോധനമാണ് ഇവയിലൂടെ തിരുവെഴുത്തുകൾ നൽകുന്നത്.
പാപികളുടെ വഴിയിൽ നടക്കരുത് എന്ന് സങ്കീർത്തനം ഉപദേശിക്കുന്നു. ദൈവത്തെ അനുസരിക്കാത്തവരുടെ ഉപദേശം സ്വീകരിച്ചു ജീവിക്കുത് എന്നാണ് ഇതിന്റെ അർഥം. അവർ നിരീശ്വരവാദികളോ ദൈവവിരുദ്ധരോ ആയിരിക്കില്ല. ചിലപ്പോൾ മതഭക്തി ഉള്ളവരും ആയിരിക്കും. അവർ ദൈവത്തെ ഭയപ്പെട്ട് അനുസരിക്കാത്തതുകൊണ്ടാണ് അവരുടെ ഉപദേശം സ്വീകാര്യമാകാത്തത്.
ദുഷ്ടൻ, പാപി, പരിഹാസി എന്നീ നിലകളിൽ ദൈവഭയമില്ലാത്തവരെപ്പറ്റി പറഞ്ഞിരിക്കുന്നു. അവരുടെ ആലോചന പ്രകാരം നടക്കുകയോ നിൽക്കുകയോ ഇരിക്കുകയോ പാടില്ല. ജീവിതത്തിന്റെ സമ്പൂർണമായ ഇടപാടുകളെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.
തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ശരിയായ വഴി തിരഞ്ഞെടുക്കുവാൻ ഈ ഉപദേശം സഹായിക്കും. വിവാഹം, പഠനം, ജോലി, ദൈവിക ശുശ്രൂഷ, സുഹൃദ്ബന്ധങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ദൈവികമല്ലാത്ത തീരുമാനങ്ങളിലേക്കു പോകുവാൻ പാടില്ല.
ഒന്നാം ഭാഗത്ത് ദൈവത്തെ അനുസരിക്കുന്ന നീതിമാനെപ്പറ്റി, അവൻ ദൈവത്തിന്റെ പ്രമാണങ്ങളിൽ സന്തോഷിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ ന്യായപ്രമാണത്തെ അവൻ രാപ്പകൽ ധ്യാനിക്കുന്നു. ഇങ്ങനെയുള്ളവനെ ഭാഗ്യവാൻ എന്നു വിളിക്കുന്നു.
പാപത്തെ വെറുത്ത് ദൈവത്തെ സ്നേഹിക്കുന്നവനാണ് ഭാഗ്യവാൻ. അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും(വാക്യം 3). നട്ടിരിക്കുന്ന വൃക്ഷം ആഴത്തിൽ വേരൂന്നുന്നതുകൊണ്ടാണ് ഇല വാടാതെയും തക്കകാലത്തു ഫലം കായ്ച്ചുമിരിക്കുന്നത്. ആഴത്തിൽ വേരുള്ളതിനാൽ പ്രതികൂലത്തിന്റെ കാറ്റുകൾ അതിനെ തകർത്തുകളയുകയില്ല. ആറ്റരികത്തായതുകൊണ്ട് ജല ലഭ്യതയുണ്ട്. ഇല വാടാതെയിരിക്കുന്നത് അതുകൊണ്ടാണ്.
ഒരു വിശ്വാസിക്ക് പരിശുദ്ധാത്മനദിയിൽ നിന്നുള്ള അനുഭവങ്ങളാണ് ഈ ജീവിത യാത്രയിൽ ആവശ്യം. അതാണ് വാടാതെ നിലനിർത്തുന്നത്. ജീവജലത്തിന്റെ നദിക്കരികെ വേരുന്നി നില്ക്കുമ്പോൾ അവനെ ഒരു ശക്തിക്കും തകർക്കുവാൻ കഴിയുകയില്ല. നിരന്തരം ഫലം കായ്ക്കുവാൻ സാധിക്കുകയും ചെയ്യും (യോഹ.15:1-16; വെളി.22:1,2; യെശ. 44:4; യിരെ.17:7,8 നോക്കുക).
നീതിമാൻ ചെയ്യുന്നതൊക്കെയും സാധിക്കും. “ എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു”(ഫിലി. 4:13) എന്നാണ് വിശുദ്ധപൗലൊസ് പറയുന്നത്. നീതിമാൻ സമൃദ്ധിയും അഭിവൃദ്ധിയും പ്രാപിക്കും.
പാപികൾ പതിരുപോലെയാണ്. പതിരിന് ഉറച്ച അടിസ്ഥാനമില്ല, ഉപയാഗപ്രദമായ ഫലവുമില്ല. ധാന്യങ്ങൾ കളപ്പുരയിൽ ശേഖരിക്കുമ്പോൾ പതിർ തീയിൽ ചുട്ടുകളയുന്നു.
ദുഷ്ടന്മാർക്ക് ദൈവിക ന്യായവിധിയിൽ നിവർന്നു നില്ക്കാൻ കഴിയില്ല. അവർക്ക് ദൈവസന്നിധിയിൽ പ്രാഗൽഭ്യമില്ല. കർത്താവിന്റെ വഴികളിൽ ജീവിക്കാത്ത ഏതു വ്യക്തിയും ശിക്ഷിക്കപ്പെടും.
‘യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു’ (വാക്യം 5). ദൈവം തന്റെ മക്കളെ അറിയുന്നു. അവിടുന്ന് അവരെ കരുതുകയും പരിപാലിക്കുകയും ചെയ്യുന്നു. നാം ദൈവത്തെ അറിയുന്നു എന്നതിലുപരി ദൈവം നമ്മെ വ്യക്തിപരമായി അറിയുന്നു എന്നത് എത്ര ശ്രേഷ്ഠമാണ്. ആടുകളെ പേർ ചൊല്ലി വിളിക്കുന്ന നല്ല ഇടയനാണ് നമ്മുടെ കർത്താവ്. അവിടുത്തെ വഴികളിൽ നടക്കുക എന്നതാണ് പ്രധാനം, അതാണ് ഭാഗ്യം (ആവ. 30:15; മത്താ. 7:13,14).
