ഈ മുന്നറിയിപ്പ് ഇന്ത്യയിലെ ദൈവസഭയ്ക്കുള്ളതാണ്.
സഭ എല്ലാ കാലത്തും പ്രതികൂലങ്ങളെ നേരിട്ടിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ പ്രതികൂലങ്ങൾ ദൈവം അനുവദിക്കാറുണ്ടെന്ന് പഴയ നിയമം നമ്മെ പഠിപ്പിക്കുന്നു. ഒരു മടങ്ങിവരവും മാനസാന്തരവും ശുദ്ധീകരണവും ആവശ്യമാകുന്ന സമയത്താണ് ദൈവം അങ്ങനെ ചെയ്യാറുള്ളത്. നിരവധി ഉദാഹരണങ്ങൾ അതിന് വേദപുസ്തകത്തിലുണ്ട്.
എന്നാൽ ദൈവജനം ആണെന്നുള്ള ഒരൊറ്റ കാരണം കൊണ്ട് മാത്രം സഭയ്ക്ക് പ്രതികൂലത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. എസ്തേറിന്റെ കാലത്ത് യഹൂദനെ നശിപ്പിക്കുവാൻ ഹാമാൻ നടത്തിയ ശ്രമം അങ്ങനെയൊന്നാണ്.
ഇതുതന്നെയാണ് ഇന്ന് ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ ജനത്തോട് പിശാചിന് എന്നും ശത്രുതയുണ്ട്. അവരെ ഇല്ലായ്മ ചെയ്യുവാൻ സാത്താൻ എന്നും ശ്രമിച്ചുകൊണ്ടിരിക്കും.
സഭക്കെതിരെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യർ സഭയുടെ ശത്രുക്കളല്ല. അവരോട് നമുക്ക് ദേഷ്യം ഉണ്ടാകുവാൻ പാടില്ല. അവരെ സ്നേഹിക്കുക, അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.
അവരെത്തന്നെ നശിപ്പിക്കുവാനായി പൈശാചിക ശക്തികൾ അവരെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയുവാൻ കഴിയാതെ പിശാചിന്റെ അടിമത്തത്തിലേക്ക് പോയ സാധുക്കളാണ് അവർ. ദൈവം അവരെയും സ്നേഹിക്കുന്നത് കൊണ്ട് നമ്മളും അവരെ സ്നേഹിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക, അവരോട് ക്ഷമിക്കുക.
പ്രതികൂലങ്ങളും പീഡനങ്ങളും വർദ്ധിച്ചപ്പോൾ ദൈവജനം മുൻകാലങ്ങളിൽ ചെയ്തതുതന്നെ ഇന്ന് ദൈവസഭയും ചെയ്യുക.
എസ്തേറും മോർദേഖായിയും സകല യഹൂദരും ഒന്നടങ്കം ഉപവസിച്ചു പ്രാർത്ഥിച്ചു. അവർ ഉപവസിച്ചു പ്രാർത്ഥിച്ച് ജയം പ്രാപിച്ചു.
യഹോശാഫാത്തും അതുതന്നെയാണ് ചെയ്തത്. സകല യഹൂദരും പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉപവാസത്തിനായി മുട്ടുമടക്കി.
ദൈവം അത്ഭുതം പ്രവർത്തിച്ചു.
ശത്രുവിന്റെ ശക്തി വളരെ വലുതായിരുന്നു. യഹോശാഫാത്ത് ബലഹീനനും. അവൻ ഭയപ്പെട്ടുപോയി.
ഇന്ന് ഇന്ത്യയിലെ ദൈവസഭയുടെ സ്ഥിതി ഇതാണ്. അവർ ഭയപ്പെട്ടിരിക്കുകയാണ്. ഉപവസിച്ച ജനത്തെ ഇതിനു മുൻപ് വിടുവിച്ചിട്ടുള്ള ദൈവം ഇന്ന് ഉപവസിക്കാമെങ്കിൽ ഇന്ത്യയിലെ ദൈവസഭയ്ക്ക് വേണ്ടിയും പ്രവർത്തിക്കും.
യഹോശാഫാത്തും കൂട്ടരും ഉപവസിച്ചപ്പോൾ യെഹസിയേലിന്റെ മേൽ ദൈവാത്മാവ് വന്നു. അവൻ ദൈവാലോചന വിളിച്ച് പറഞ്ഞു. അത് ആ ജനത്തിന്റെ വിജയത്തിന്റെ ആരംഭം ആയിരുന്നു.
ഇന്ന് സഭ പലതും ചെയ്യുന്നുണ്ട്. പക്ഷേ പ്രാർത്ഥനയും ഉപവാസവും പഴയതുപോലെ ഇല്ലാത്തതിനാൽ ദൈവാലോചന പ്രാപിക്കുവാനുള്ള ആത്മശക്തി
വെളിപ്പെടുന്നില്ല.
ആത്മാർത്ഥമായി ഉപവസിച്ചാൽ ഇന്ത്യയിലെ ദൈവസഭ അത്ഭുതങ്ങൾക്ക് സാക്ഷിയാകുക തന്നെ ചെയ്യും.
ദൈവം യഹൂദന് പാർക്കുവാൻ കൊടുത്ത ദേശത്തു നിന്ന് അവനെ ഇല്ലായ്മ ചെയ്യുവാൻ ശത്രു ശ്രമിച്ചു. പക്ഷേ ഉപവസിച്ച ദൈവജനത്തിനു വേണ്ടി ദൈവം ഇറങ്ങിവന്ന് പ്രവർത്തിച്ചു.
നമ്മുടെ മരണംവരെ അല്ലെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് വരെ ഈ ഭൂമിയിൽ പരദേശികളായി പാർക്കുവാൻ ദൈവം നമുക്ക് അവകാശമായി തന്ന ഭൂമിയാണ് ഇന്ത്യ. ഇവിടെ സഭ ഉണ്ടാകരുത്, ആരാധിക്കരുത് എന്നൊക്കെ പിശാച് ചില മനുഷ്യരെ കരുക്കളാക്കി അവരിലൂടെ സഭയ്ക്കെതിരെ സംസാരിക്കുമ്പോൾ സഭ ഉപവസിച്ച പ്രാർത്ഥിക്കണം. ദൈവസന്നിധിയിൽ കണ്ണീരൊഴുക്കണം. അപ്പോൾ ദൈവം സഭയ്ക്ക് വിടുതൽ നൽകും. ദൈവ സഭ പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന ഒരു ആത്മീയതയിലേക്ക് മടങ്ങിവന്നേ മതിയാകൂ. അതല്ലാതെ വിടുതലിന് വേറൊരു മാർഗ്ഗവുമില്ല.
ഉപവസിച്ച ദൈവജനം ആത്മശക്തി പ്രാപിച്ചു. ദൈവശബ്ദം കേട്ടു. അതിനുശേഷം അവർ പാടി സ്തുതിക്കുവാനും ആരാധിക്കുവാനും തുടങ്ങി. അവർ ദൈവത്തെ സ്തുതിക്കുവാൻ തുടങ്ങിയപ്പോൾ ദൈവം ശത്രുപാളയത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. ശത്രുവിനോട് ഒരു യുദ്ധവും ചെയ്യാതെ തന്നെ ജനത്തിന് ദൈവം ജയം നൽകി.
ഇന്ന് സഭയിൽ പാട്ടുണ്ട് സ്തുതിയുണ്ട് ആരാധനയുണ്ട്. പക്ഷേ പ്രാർത്ഥനയും ഉപവാസവും കണ്ണീരുമില്ല. അതില്ലാത്ത ആരാധന കൊണ്ട് സഭയ്ക്ക് ഒരു ഗുണവുമില്ല. ദൈവത്തിന് ആവശ്യം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു സഭയാണ്. അവരുടെ ആരാധനയിൽ ദൈവം പ്രസാദിക്കും.
സംഗീതോപകരണങ്ങളുടെ താള കൊഴുപ്പും സ്വരമാധുരിയിൽ ഉള്ള ഗാനങ്ങളും സ്പീക്കറിൽ നിന്ന് പുറപ്പെടുന്ന ശബ്ദവും അല്ല ആരാധന എന്ന് സഭ തിരിച്ചറിയണം. പ്രാർത്ഥനയിൽ നിന്നും ഉപവാസത്തിൽ നിന്നും ഉടലെടുക്കുന്നതാണ് ആരാധന. ആ ആരാധന വെളിപ്പെടുമ്പോൾ ആണ് ദൈവജനം വിടുതൽ പ്രാപിക്കുന്നത്.
“വടക്കേ ഇന്ത്യയിൽ ഇനി ജീവിതം പ്രയാസമാണല്ലോ” എന്ന് കേരളത്തിൽ ജീവിക്കുന്ന ഒരു വിശ്വാസി പറഞ്ഞത് കേട്ടു. കേരളത്തിൽ ഞങ്ങൾ സുരക്ഷിതരാണ് എന്നായിരിക്കും ചിന്ത. വടക്കേ ഇന്ത്യയിൽ വീശി അടിക്കുന്ന കൊടുങ്കാറ്റ് കേരളത്തിൽ എത്താൻ അധികം സമയം എടുക്കില്ല. അതിനു മുൻപ് കേരളത്തിലെ ദൈവസഭ ഉപവാസത്തിനായി ദൈവസന്നിധിയിൽ വീഴുക. കേരളത്തിലെ സഭയ്ക്ക് മാത്രമായി ഒരു രക്ഷ ഇന്ത്യയിൽ സാധ്യമാകുമെന്ന് ആരും വ്യാമോഹിക്കരുത്. തകർന്ന ഹൃദയത്തോടെ ഉപവസിച്ചു പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത ഇതുവരെ മനസ്സിലാക്കാത്ത വിശ്വാസികൾ കേരളത്തിലുണ്ടെങ്കിൽ ഓർക്കുക, “അല്ലല്ല, ഉപവസിക്കാഞ്ഞാൽ നിങ്ങളെല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും.”
പണ്ടത്തെപ്പോലെ ഒരു നല്ല കാലത്തിനായി ഇന്ത്യയിലെ ദൈവസഭ തയ്യാറാകുമോ? വിശുദ്ധിയുടെ, ക്ഷമയുടെ, താഴ്മയുടെ, ഉപവാസത്തിന്റെ, പ്രാർത്ഥനയുടെ, കർത്താവിന്റെ വരവിനായുള്ള ഒരുക്കത്തിന്റെ ഒരു നല്ല കാലത്തിലേക്ക് സഭ മടങ്ങി വന്നാൽ ഒരു പിശാചിനും സഭയെ തകർക്കുവാൻ കഴിയില്ല.
വരൂ, നമുക്ക് പ്രാർത്ഥിക്കാം. കുടുംബങ്ങൾക്കകത്തും സഭാ ഹാളുകളിലും ഉപവാസവും പ്രാർത്ഥനയും ആരംഭിക്കട്ടെ. ദൈവസന്നിധിയിൽ നിലവിളിച്ചാൽ ശത്രുവായ പിശാചിന്റെ പ്രഹരമേറ്റ് നിലവിളിക്കേണ്ടി വരില്ല.
പ്രാർത്ഥിക്കാം, ഉപവസിക്കാം. ദൈവം ജയാളിയായതിനാൽ ജയം സഭയ്ക്കുള്ളതാണ്.
