യോഹന്നാൻ്റെ സുവിശേഷത്തിലെ വാക്യങ്ങൾ ആധാരമാക്കിയാണല്ലോ ഞാൻഎഴുതിക്കൊണ്ടിരി’ക്കുന്നത് . ഒന്നാം അദ്ധ്യായം മൂന്നാം വാക്യത്തിൽ “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” എന്ന് കാണുന്നു .പ്രപഞ്ചവും അതിലുള്ളതെല്ലാം ദൈവത്തിൻ്റെ സൃഷ്ടിയാണ് . എന്നാൽ സൃഷ്ടിയിൽ ഏറ്റവും വിശേഷമായ സൃഷ്ടി മനുഷ്യൻ തന്നെയാണ് . സകലത്തെയും
വാക്കിനാൽ സൃഷ്ടിച്ച ദൈവം മനുഷ്യനെ മാത്രം ദൈവത്തിൻ്റെ
സ്വരൂപത്തിലും സാദൃശ്യത്തിലും (നീതിയിലും വിശുദ്ധിയിലും ) ,
സ്വന്തം കൈ കൊണ്ടു മെനഞ്ഞു .സങ്കീർത്തനക്കാരൻ്റെ ഭാഷയിൽ, “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” നിത്യതയിൽ ദൈവത്തോടു കൂടെ വസിക്കുവാനും ,
ദൈവത്തിൻ്റെ സ്നേഹം പകരുവാനും സൃഷ്ടിക്കപ്പെട്ടത് മനുഷ്യൻ
മാത്രമാണ് .. അതുകൊണ്ടാണ് ആദം പാപം ചെയ്തിട്ടും അവനെ തിരക്കി , കാലൊച്ച കേൾപ്പിച്ച് ,പേര് വിളിച്ച് യഹോവ തോട്ടത്തിൽ
വന്നതും .കാണാതെ പോയതിനെ ( ഞാൻ ഉൾപ്പെടെ ) തിരഞ്ഞ്
രക്ഷിപ്പാനാണല്ലോ യേശു ഭൂമിയിൽ വന്നത് .
ഒരോ മനുഷ്യനും സൃഷ്ടിക്കപ്പെട്ടത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ
ആണ് . ഓരോരുത്തരും ജീവിക്കുന്ന തലമുറയിൽ ,ദൈവത്തെ അറിഞ്ഞും , ആരാധിച്ചും , ദൈവഹിതം പൂർത്തീകരിക്കുകയെന്നത്
അത്യന്താപേക്ഷിതമാണ് .
ഒരു വ്യക്തി , തന്നെക്കുറിച്ചുള്ള ദൈവഹിതം പ്രാർത്ഥനയോടെ
കണ്ടെത്തേണ്ടതാണ് . അപ്പോഴാണ് ജീവിതത്തിന് ലഷ്യബോധവും ,
ജീവിക്കാൻ ആശയും കുതിപ്പും ലഭിക്കുന്നത് . ഓരോരുത്തർക്കും
ദൈവം നൽകിയിട്ടുള്ള കഴിവുകളും കൃപാവരങ്ങളും ദൈവനാമ
മഹത്വത്തിനായി ഉപയോഗിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത് .
കൃസ്തു മാർഗത്തെ ഇല്ലാതാക്കുന്നതാണ് തൻ്റെ ജീവിത ലക്ഷ്യമെന്ന് കരുതി പോന്ന ഒരാളായിരുന്നു ശൗൽ . എന്നാൽ
ഒരു ക്രിസ്തു ദർശനം ഉണ്ടായപ്പോൾ തൻ്റെ ജീവിതം മാറി .
ദമസ്കോസിൻ്റെ പടിവാതിൽക്കൽ വച്ച് ശൗൽ കർത്താവിനോട്
ചോദിക്കുന്ന രണ്ട് ചോദ്യങ്ങൾ പരമപ്രധാനമാണ് . ഒന്നാമത് “നീ
ആരാകുന്നു ” എന്നും രണ്ടാമത് “കർത്താവേ, ഞാൻ എന്തം ചെയ്യേണം ” എന്നും ചോദിച്ചു . ഈ രണ്ട് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തിയ ശൗൽ പിന്നീട് പറയുന്നത് “എനിക്ക് ജീവിക്കുന്നത്
ക്രിസ്തു , മരിക്കുന്നത് ലാഭം ” എന്നാണ് . ജീവിതത്തിൻ്റെ ലക്ഷ്യം കണ്ടെത്തിയവർ ക്രിസ്തുവിനു വേണ്ടി ജീവിക്കും. അവർക്ക് മരണത്തെ ഭയവുമില്ല . എത്ര ധന്യമായ ജീവിതം .
നിങ്ങൾ എന്ത് ചെയ്യണമെന്ന് യേശുവിനോട് ചോദിച്ചിട്ടുണ്ടോ ? നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം വചന ധ്യാനത്തിലൂടെയും
പ്രാർത്ഥനയിലൂടെയും കണ്ടെത്തിയിട്ടുണ്ടോ ? ഇനിയും വൈകരുത് . ജീവിതം ഒന്നേ ഉള്ളൂ , അത് ക്ഷണികമാണ്.
തിരുസന്നിധിയിൽ – 4| നിങ്ങൾ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് | പാസ്റ്റർ ഫിലിപ്പ് പി.തോമസ്
Oplus_0
