വിഭവശേഷി ഇല്ലാതെ ഒരു കാര്യവും ചെയ്യുവാനാകില്ല.
ശൂന്യതയിൽ നിന്ന് ഒന്നും സൃഷ്ടിക്കുവാൻ മനുഷ്യന് കഴിയില്ല.
അതിലുപരി, ഏതൊരു കാര്യവും ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ അളവിലുള്ള വിഭവങ്ങൾ എങ്കിലും ആവശ്യമാണ്. അതില്ലാതെ ഒന്നും സാധ്യമല്ല.
എന്നാൽ ദൈവത്തിന് ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുവാനും തീരെ പരിമിതമായതിനെ പര്യാപ്തമാക്കുവാനും കഴിയും.
അല്പം കൊണ്ടും അധികം കൊണ്ടും പ്രവർത്തിക്കുവാൻ ദൈവത്തിനു കഴിയുമെന്ന വിശ്വാസം യോനാഥാന് ഉണ്ടായിരുന്നു. വെറും അല്പം കൊണ്ട് മാത്രം ദൈവം അവനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. അവനു വേണ്ടി മാത്രമല്ല, മുഴുവൻ ഇസ്രായേൽ രാജ്യത്തിന് വേണ്ടിയും പ്രവർത്തിച്ചു.
ഇന്നും നമ്മുടെ അല്പത്തെ അധികമാക്കുവാനും പരിമിതികളിൽ പര്യാപ്തത നൽകുവാനും ദൈവം മതിയായവനാണ്. എന്താണ് നാം അതിനായി ചെയ്യേണ്ടത്?
1. ദൈവത്തിൽ വിശ്വസിക്കുക.
അല്പത്തെ അധികമാക്കുവാനും പരിമിതിയെ പര്യാപ്തതയാക്കുവാനും ദൈവത്തിനു കഴിയുമെന്ന് വിശ്വസിക്കുക.
യോനാഥാൻ അത് മാത്രമാണ് ചെയ്തത്.
ഇസ്രായേലിനെതിരെ വലിയൊരു സൈന്യം യുദ്ധത്തിന് വന്നു. അവരുടെ കയ്യിൽ ധാരാളം ആയുധങ്ങളുമുണ്ടായിരുന്നു.
ഇസ്രായേലിൽ പടപൊരുതുവാനുള്ളത് വെറും 600 പേർ മാത്രം. ആയുധമായിട്ട് വെറും രണ്ടു വാളുകൾ. ഒന്ന് ശൗലിൻറെതും രണ്ടാമത്തേത് യോനാഥാന്റെയും.
യോനാഥാൻ ഒറ്റയ്ക്കൊരു തീരുമാനമെടുത്തു. ശത്രുവിന്റെ പാളയത്തിലേക്ക് കയറിച്ചെല്ലുക. ആയുധവാഹകനോട് പറഞ്ഞപ്പോൾ അവനും തയ്യാറായി. ഫെലിസ്ത്യ പാളയത്തിനകത്തു കൂടി യോനാഥാൻ നടന്നപ്പോൾ അവർ അവന്റെ മുൻപിൽ വീണു. ആയുധവാഹകൻ വീണവരെ കൊന്നു കൊണ്ട് കൂടെ നടന്നു. അത് ഇസ്രയേലിന്റെ ഒരു മഹാവിജയത്തിന്റെ തുടക്കമായിരുന്നു.
രക്തസ്രാവക്കാരത്തിക്ക് വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശുവിന്റെ മുൻപിൽ വന്ന രോഗികൾക്കു വിശ്വസിക്കുവാനല്ലാതെ വേറൊന്നിനും കഴിവില്ലായിരുന്നു. ചുമന്നു കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ട് പോലും യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കി.
നിങ്ങളുടെ സാഹചര്യങ്ങൾ വളരെ മോശമായിരിക്കാം. നിങ്ങളുടെ പ്രാപ്തി വളരെ കുറവായിരിക്കാം. മറ്റുള്ളവർക്ക് സാധ്യമായ പലതും നിങ്ങള്ക്ക് സാധ്യമല്ലായിരിക്കാം.
പക്ഷെ വിശ്വാസമുണ്ടോ? ഒരു മാറ്റത്തിന് അത് മാത്രം മതി. വിശ്വാസത്തോട് കൂടി nadathunna ചുവടുവെപ്പുകൾ നിങ്ങളെ വിജയത്തിലേക്ക് നയിക്കും.
2. ഉള്ളതിനെ ദൈവകരങ്ങളിൽ സമർപ്പിക്കുക.
അയ്യായിരം പുരുഷന്മാരും ബാക്കി മനുഷ്യരും ഭക്ഷണത്തിനായി മുൻപിലിരിക്കുമ്പോൾ യേശുവിന്റെ കയ്യിൽ വെറും അഞ്ച് അപ്പവും രണ്ടു മീനുകളും മാത്രമാണുണ്ടായിരുന്നത്.
അത് ഒന്നിനും പര്യാപ്തമായിരുന്നില്ല.
യേശു അത് കയ്യിലെടുത്തിട്ട് സ്വർഗത്തിലേക്ക് നോക്കി. (ലൂക്കോസ് 9:16)
പിതാവേ ഇത് ഞാൻ നിന്റെ കയ്യിൽ സമർപ്പിക്കുന്നു എന്നായിരുന്നില്ലേ സ്വർഗത്തിലേക്ക് നോക്കിയതിന്റെ അർഥം?
അതെ, നിങ്ങളുടെ കയ്യിലുള്ളത് എത്ര ചെറുതും, കുറവും, അപര്യാപ്തവും, ഒന്നിനും കൊള്ളാത്തതാണെന്നു നിങ്ങൾക്കു തോന്നിയാലും അതിനെ വിശ്വാസത്തോടെ ദൈവകരങ്ങളിൽ ഏല്പിക്കുക. ദൈവമേ, ഇതും നിനക്ക് ധാരാളമെന്നു വിശ്വസിക്കുക. അസാധ്യതകളുടെ മുൻപിൽ ദൈവം അദ്‌ഭുതങ്ങൾ ചെയ്യും.
3. ഉള്ളതിനെ എപ്പോഴും അനുഗ്രഹിക്കുക
നമുക്കുള്ളത് ഒന്നിനും പോരാ, ഇത് കൊണ്ട് ഒന്നുമാകില്ല എന്നുള്ള പരാതിയാണ് നമുക്കെപ്പോഴും. ഇത് പോരാ, വേറെന്തെങ്കിലും വഴി കണ്ടേ മതിയാകൂ എന്നാണു നാം ചിന്തിക്കാറുള്ളത്. പക്ഷെ അയ്യായിരത്തിലധികം മനുഷ്യരുടെ വിശപ്പകറ്റുവാൻ ഒരു വിധത്തിലും പോരാതിരുന്ന അഞ്ചപ്പവും രണ്ടു മീനുമെടുത്ത് യേശു അതിനെ അനുഗ്രഹിച്ചു.
അനുഗ്രഹിച്ച ശേഷം നുറുക്കിയപ്പോൾ അത് വർധിച്ചു വന്നു. ആ പരിമിതിക്കകത്തു നിന്ന് ദൈവം പര്യാപ്തത വരുത്തി.
ഒന്നിനെയും കുറ്റം പറയരുത്. ഇത് ഒന്നിനും കൊള്ളില്ല എന്ന് പറയരുത്. നിങ്ങളുടെ ആരോഗ്യം, സാഹചര്യം, സ്ഥലം, പഠിക്കുന്ന സ്കൂൾ/കോളേജ് മോശമാണെന്നു പറഞ്ഞു കുറ്റപ്പെടുത്തരുത്. മാതാപിതാക്കളുടെ ചുറ്റുപാടുകളും പ്രാപ്തിയും പോരാ എന്ന് നിരാശപ്പെടരുത്.
നിങ്ങൾക്കെന്തുണ്ടോ അതിനെ അനുഗ്രഹിച്ചു കൊണ്ടിരിക്കുക. ഇന്നുള്ള നിങ്ങളുടെ അല്പമാണ് നാളത്തെ നിങ്ങളുടെ അധികമാകുവാൻ പോകുന്നത്. നിങ്ങൾക്കൊരു അനുഗ്രഹമാകുവാൻ ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന ചെറിയ കാര്യങ്ങളെ നിങ്ങൾ thanne പഴിച്ചു കൊണ്ടിരിക്കരുത്.
പരിമിതികളുണ്ടാകാം. പ്രശ്നങ്ങളുണ്ടാകാം. എങ്കിലും ഉള്ളതിനെ അനുഗ്രഹിക്കുക.
എപ്പോഴും രോഗത്തെയും ക്ഷീണത്തെയും കുറിച്ച് മാത്രം സംസാരിക്കുന്നവരുണ്ട്. എന്നാൽ ആ അവസ്ഥയിലും ഇത്രത്തോളം വരുവാൻ ദൈവം തന്ന ആരോഗ്യത്തെ നാം അനുഗ്രഹിക്കാറില്ല. അപ്പോൾ നമ്മുടെ രോഗവും ക്ഷീണവും വർധിച്ചു വരും.
രോഗത്തിന്റെ മധ്യത്തിലും ഉള്ള ആരോഗ്യത്തെ അനുഗ്രഹിച്ചു കൊണ്ടിരുന്നാൽ ദൈവശക്തി നമ്മിൽ വർധിച്ചു വരും.
നിങ്ങൾ പഠിക്കുന്ന സ്കൂളിലും കോളേജിലും പല പ്രശ്നങ്ങൾ കാണും. ഒരു സ്കൂളിലോ കോളേജിലോ പോകുവാൻ കഴിയാതെ എത്രയോ കുട്ടികൾ കഷ്ടപ്പെടുമ്പോഴാണ് ദൈവം നിങ്ങൾക്കൊരു സ്ഥാപനം തന്നത്! മോശമെന്ന് നിങ്ങൾക്കു തോന്നിയാലും നിങ്ങൾക്കത് ദൈവം തന്നതല്ലേ? ദൈവം നിങ്ങൾക്കു തന്നത് എന്തായാലും എങ്ങനെയുള്ളതായാലും അത് നിങ്ങൾക്കൊരു അനുഗ്രഹമാണെന്ന് മനസിലാക്കി അതിനെ നിങ്ങൾ അനുഗ്രഹിക്കുക. ദൈവം നിങ്ങൾക്കു തന്നതിനെ നിങ്ങൾ തന്നെ ശപിച്ചു കൊണ്ടിരുന്നാൽ അത് എങ്ങനെയാണ് അത് നിങ്ങൾക്കൊരു അനുഗ്രഹമായി മാറുക?
നിങ്ങൾ താമസിക്കുന്ന ഗ്രാമം, പട്ടണം ചെറുതും അവികസിതവും സൗകര്യങ്ങളില്ലാത്തതും ആയിരിക്കാം. പക്ഷെ ആ പരിമിതികളെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കാതെ അവയെ അനുഗ്രഹിച്ചു കൊണ്ടിരുന്നാൽ നിങ്ങളുടെ സ്ഥലം നിങ്ങൾക്കൊരു അനുഗ്രഹമായി മാറും.
നിങ്ങളുടെ മക്കൾ കുറവുകളുള്ളവരാണെങ്കിലും അവരെ അനുഗ്രഹിച്ചു കൊണ്ടിരിക്കുക. നിങ്ങളുടെ അനുഗ്രഹവാക്കുകൾ അവരുടെ ജീവിതത്തിൽ അനുഗ്രഹമായി വെളിപ്പെട്ടു കൊണ്ടിരിക്കും.
4. ഉള്ളതിന് വേണ്ടി ദൈവത്തിനു നന്ദി പറയുക
എല്ലാറ്റിനും വേണ്ടി ദൈവത്തോട് നന്ദി പറയുക; അത് നമ്മെകുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടമാണെന്ന് വചനം പറയുന്നു. (1 തെസ്സ. 5:18)
എല്ലാറ്റിനും നന്ദി പറയുക എന്ന് പറയുമ്പോൾ, നമ്മുടെ പക്കലുള്ള സകലതിനും ദൈവത്തിനു നന്ദി പറയുക എന്നാണർത്ഥം. അതിനു പകരം ഉള്ളതിന്റെ കുറവുകളാണ് നമ്മുടെ സംസാരവിഷയമെങ്കിലോ? നാം നന്ദിയില്ലാത്തവരാകുകയല്ലേ?
നിങ്ങളുടെ മക്കളിൽ കുറവുകളുണ്ടാകാം. അവർ അലസരും ഉത്തരവാദിത്തമില്ലാത്തവരുമായിരിക്കാം. അവരിൽ പല ദുശീലങ്ങളുമുണ്ടാകാം.
ഇപ്പോഴും അവരുടെ കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കാതെ അവർക്കു വേണ്ടി ദൈവത്തിനെ നന്ദി പറഞ്ഞു കൊണ്ടിരിക്കുക. എത്രയോ മാതാപിതാക്കൾ മക്കളില്ലാത്തതിന്റെ വേദന അനുഭവിക്കുമ്പോൾ ദൈവം നിങ്ങൾക്കു മക്കളെ തന്നില്ലേ? എത്രയോ മാതാപിതാക്കൾ മക്കളെ നഷ്ടപ്പെട്ട വേദനയിലായിരിക്കുമ്പോൾ ദൈവം നിങ്ങളുടെ മക്കളെ ഒരു ദിശവും വരാതെ സംരക്ഷിച്ചില്ലേ? എത്രയോ മക്കൾ മന്ദബുദ്ധികളായിരിക്കുമ്പോൾ ദൈവം നിങ്ങളുടെ മക്കൾക്കു ബുദ്ധി കൊടുത്തില്ലേ? എത്രയോ മക്കൾ രോഗക്കിടക്കയിൽ കഴിയുമ്പോൾ ദൈവം നിങ്ങളുടെ മക്കൾക്കു ആരോഗ്യം കൊടുത്തില്ലേ?
ദൈവത്തിനു നന്ദി പറയുവാൻ ഇത്രയേറെ കാരണങ്ങൾ ഉണ്ടായിട്ടും അവയൊന്നും കാണാതെ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ നമ്മുടെ തലമുറകൾ എങ്ങനെയാണ് അനുഗ്രഹിക്കപ്പെടുക?
നമുക്കുള്ളതിനെ ദൈവം അനുഗ്രഹിക്കും എന്ന് നമുക്ക് വിശ്വസിക്കാം.
നമുക്കുള്ളതിനെ ദൈവകരങ്ങളിൽ ഏല്പിക്കാം.
നമുക്കുള്ളതിനെ അനുഗ്രഹിക്കാം.
നമുക്കുള്ളതിനായി ദൈവത്തിനു നന്ദി പറയാം.
അവിശ്വസിക്കരുത്.
നമ്മുടെ കയ്യിൽ വെച്ചുകൊണ്ടിരിക്കരുത്.
ശപിക്കരുത്/കുറ്റം പറയരുത്.
നന്ദികേട് ഉണ്ടാകരുത്.
നമ്മുടെ ജീവിതം, കുടുംബം, കുഞ്ഞുങ്ങൾ, ആരോഗ്യം, ഭൗതീക സാഹചര്യങ്ങൾ, മാതാപിതാക്കൾ, നാം പാർക്കുന്ന ഇടം, പഠിക്കുന്ന സ്ഥാപനങ്ങൾ, നമ്മുടെ അധ്യാപകർ, നമ്മുടെ രാജ്യം, നമ്മുടെ സഭയും സഭാ ശുശ്രൂഷകനും, നമ്മുടെ തൊഴിൽ, തൊഴിൽ സ്ഥാപനം, തൊഴിലുടമ- അങ്ങനെ എല്ലാറ്റിനേയും വിശ്വസിക്കുക; എല്ലാറ്റിനെയും ദൈവകരങ്ങളിൽ സമർപ്പിക്കുക; എല്ലാറ്റിനെയും അനുഗ്രഹിക്കുക; എല്ലാറ്റിനേയും നന്ദി പറയുക.
അധികമില്ലായിരിക്കാം. ഒത്തിരി നല്ലതല്ലായിരിക്കാം. ഒന്നിനും കൊള്ളില്ലായിരിക്കാം. വളരെ കുറവായിരിക്കാം. പക്ഷെ ഭാരപ്പെടേണ്ട കാര്യമില്ല.
നമ്മുടെ ദൈവം പരിമിതികളെ പര്യാപ്തതയാക്കുവാൻ ശക്തനാണ്.
ബിനോയ് പി ജെ രാജസ്ഥാൻ 9413016306
