നവാപൂർ: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സംഗമങ്ങളിൽ ഒന്നായ നവാപൂർ കൺവൻഷൻ ഒക്ടോബർ 28 ന് വൈകുന്നേരം കൺവൻഷൻ ഗ്രൗണ്ടിൽ ആരംഭിക്കും. 45 – മത് കൺവൻഷൻ അന്താരാഷ്ട്ര അധ്യക്ഷൻ ഡോ. ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്യും.
പുതിയ വിശാലമായ കൺവൻഷൻ ഗ്രൗണ്ടിൽ വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ പന്തലുകളും പങ്കെടുക്കുന്ന എല്ലാ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും ഭക്ഷണക്രമീകരണങ്ങളും താമസ ക്രമീകരണങ്ങളും ഫിലദെൽഫില സഭാ നേതൃത്വവും തദ്ദേശ സഭാ വിശ്വാസികളും ചേർന്നാണ് ഒരുക്കുന്നത്.
“മസിഹിമേള”എന്നറിയപ്പെടുന്ന നവാപൂർ കൺവൻഷൻ അക്ഷരാർത്ഥത്തിൽ ഒരു ആത്മീയ ഉത്സവമാണ്.
രാവിലെ അഞ്ചുമണിക്ക് ജാഗരണ പ്രാർത്ഥനയോടെ ആരംഭിക്കുന്ന മീറ്റിംഗ് രാത്രി 9 മണിയോടെയാണ് അവസാനിക്കുന്നത്. ശുശ്രൂഷക സമ്മേളനം, കുടുംബ സംഗമം, യുവജന മീറ്റിംഗ്, സൺഡേ സ്കൂൾ സമ്മേളനം, സഹോദരീ സമ്മേളനം ആദിയായ വിവിധ സമ്മേളനങ്ങൾ പകൽ മുഴുവൻ വിവിധ പന്തലുകളിൽ നടക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിവിധ ഭാഷക്കാരും വംശക്കാരും ഐക്യതയോടെ പങ്കെടുക്കുന്ന നവാപൂർ കൺവൻഷൻ ഒരു അത്ഭുത പ്രതിഭാസമാണ്.
ആത്മനിറവിൽ ഉള്ള ആരാധന, വചന ശുശ്രൂഷ, കൃപാവര ശുശ്രൂഷകൾ എല്ലാം പരിശുദ്ധാത്മ ജ്വലനത്താൽ ദീപ്തനാളങ്ങളായി മാറാറുണ്ട്.
മൂന്ന് പതിറ്റാണ്ട് മുമ്പ് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് ബോർഡറുകളിൽ ആരംഭിച്ച ആത്മീയ ഉണർവ് ഇന്നും കെടാതെ കത്തുന്നു.
ഒക്ടോബർ 31ന് രാവിലെ ഫിലദൽഫിയ ബൈബിൾ കോളേജ് ഗ്രാജുവേഷൻ നടക്കും.
പാസ്റ്റർ ഷിബു തോമസ്,റവ.ജോയ് പുന്നൂസ്, റവ.പോൾ മാത്യൂസ്, റവ.ഫിന്നി ഫിലിപ്പ്, പാസ്റ്റർ മൈക്കിൾ ജോൺ, പാസ്റ്റർ ഹെൻട്രി സാംസൺ എന്നിവരെ കൂടാതെ ഫിലദെൽഫിയ ഫെലോഷിപ്പ് സഭയുടെ സീനിയർ ശുശ്രൂഷകന്മാരും വിവിധ മീറ്റിങ്ങുകളിൽ വചനം ശുശ്രൂഷിക്കും.
പാസ്റ്റർ മാർക്ക് ത്രിഭൂവന്റെ നേതൃത്വത്തിൽ ഫില ദെൽഫിയ ക്വയർ ആരാധന നയിക്കും. നവംബർ രണ്ടിന് തിരുവത്താഴ ശുശ്രൂഷയോടെ നവാപൂർ കൺവൻഷന് അനുഗ്രഹ സമാപ്തിയാകും.
