ന്യൂഡൽഹി: ഇൻഡ്യയിലെ പ്രമുഖ പ്രാർത്ഥനാ മൂവ്‌മെൻ്റുകളുടെ ലീഡേഴ്സ് പങ്കെടുത്ത നാഷണൽ പ്രയർ കോൺഫറൻസ് സമാപിച്ചു. ഒക്ടോബർ 17, 18 തീയ്യതികളിൽ ഡൽഹി ദ്വാരകയിലെ ഓപ്പറേഷൻ അഗാപ്പെ ക്യാമ്പസിലായിരുന്നു സമ്മേളനം.
ഇൻഡ്യയിലെ ഇരുപത്തിയേഴിൽ അധികം പ്രാർത്ഥനാ ഗ്രൂപ്പുകളിൽനിന്ന് മുൻ നിര ലീഡേഴ്സ് പങ്കെടുത്തു. “വർത്തമാനകാല സാഹചര്യങ്ങൾ വിലയിരുത്തി എസ്ഥേരിൻ്റെ കാലത്തെ പോലെ പ്രാർത്ഥന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത” എന്നതായിരുന്നു മുഖ്യ പ്രമേയം.
ഉദ്ഘാടന സമ്മേളനത്തിൽ കോഡിനേറ്റർ പാസ്റ്റർ കെ. ജെ. ജോബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോർജ് വർഗീസ് സമർപ്പണ ശുശ്രൂഷ നിർവഹിച്ചു.
യേശുവിൻ്റെ അന്ത്യ കൽപ്പനയായ സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ എന്ന വചനം പൂർത്തീകരിക്കുവാൻ എസ്ഥേറിനെ പോലെ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം ഇന്ത്യയിൽ സംജാതമായിരിക്കുന്നു എന്ന് ഓപ്പറേഷൻ അഗപ്പേ ഡയറക്ടർ ഡോ.അലക്സ് എബ്രഹാം അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. തുടർന്നുള്ള സെഷനുകൾ കോഡിനേറ്റർമാരായ ഷാജി കുര്യൻ, കെ.റ്റി. ജോസഫ് തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് പാലക്കൽ ജോൺ അധ്യക്ഷനായിരുന്നു.
നാം ഏലിയാവിനെ പോലെ പ്രാർത്ഥനയിൽ ശുഷ്കാന്തി ഉള്ളവരാകണം എന്ന് പയനിയർ മിഷൻ ലീഡർ പാസ്റ്റർ മോഹൻ പി. ഡേവിഡ് ഓർപ്പിച്ചു. പാസ്റ്റർമാരായ സുധീർകുറുപ്പ്, ചാണ്ടി വർഗീസ്, ഒ. ഫിലിപ്പ്കുട്ടി തുടങ്ങിയവരും ദൈവവചനം സംസാരിച്ചു. ഭാഷാ മാധ്യമം ഹിന്ദിയും മലയാളവും ഹിന്ദിയുമായിരുന്നു.
വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളിൽ നിന്നുള്ള ലീഡേഴ്സ് വിവിധ സെഷനുകളിൽ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എബനേസർ ഡാനിയേൽ കർത്തൃമേശ ശുശ്രൂഷ നിർവഹിച്ചു. പ്രാർത്ഥനയ്ക്കും പ്രവർത്തനത്തിനുമായുമുള്ള നിയോഗവുമായി 2025 ലെ നാഷണൽ പ്രയർ കോൺഫറൻസ് അവസാനിച്ചു. ഗുഡ്ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളുമ്പുകണ്ടം ആശംസകൾ അറിയിച്ചു.
ഹൃദ്യവും ഊഷ്മളവും ക്രമീകൃതവുമായ ഈ കോൺഫറൻസിന് കോർ കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ ഷാജി കുര്യൻ കോട്ടയം, കെ.ജെ. ജോബ് വയനാട്, കെ. റ്റി. ജോസഫ്- മൻസൂർ, എബനേസർ ദാനിയേൽ അഗാപ്പേ, ജേക്കബ് പാലയ്ക്കൽ ജോൺ പാട്ന, ജിനോയ് കുര്യാക്കോസ് ജബൽപൂർ, സാജു ഏലിയാസ് റോഹ്ണി – ഡൽഹി, നിബു ജേക്കബ് പെരുമ്പാവൂർ തുടങ്ങിയവർ പ്രവർത്തിച്ചു.
