പ്രാർത്ഥനയുടെയും ആരാധനയുടെയും ആവശ്യകത വ്യക്തമാക്കുന്ന ഗീതമാണ് അഞ്ചാം സങ്കീർത്തനം. ആവശ്യബോധമുള്ളവന്റെ കണ്ണുനീരിന്റെ ഭാഷയാണ് പ്രാർത്ഥന. മൗനം പോലും അതിന്റെ ഭാഷയാണ്. “പ്രഭാതത്തിലെ താക്കോലും രാത്രിയിലെ സാക്ഷയുമാണ് പ്രാർത്ഥന” എന്ന് മഹാത്മജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. “ദൈവാഭിമുഖമായ അഭിലാഷമാണ് പ്രാർത്ഥന” എന്നാണ് ഫിലിപ്പ് ബ്രൂക്സ് എന്ന ഭക്തൻപറഞ്ഞിട്ടുള്ളത്.
മൂന്നാം സങ്കീർത്തനം പോലെ അഞ്ചാം സങ്കീർത്തനവും ഒരു പ്രഭാത പ്രാർത്ഥനയാണ്. വാളകം പി. എം. കൊച്ചു കുറു എന്ന ദൈവഭക്തൻ എഴുതിയ മനോഹരമായ ഗാനത്തിന്റെ ഇരടികൾ അലയടിക്കാത്ത ക്രിസ്തീയ ഭവനങ്ങൾ ഉണ്ടാകില്ല. അതിങ്ങനെയാണ്:
“ അതിരാവിലെ തിരുസന്നിധി –
അണയുന്നൊരു സമയേ
അതിയായി നിന്നെ സ്തുതിപ്പാൻ
കൃപയരുൾക യേശു പാരനേ…”
തുടർന്നുള്ള ഓരോ വരിയിലും ദൈവപരിപാലനത്തിന്റെ മഹത്വവും ദൈവത്തോടുള്ള പ്രാർത്ഥനയും സ്തോത്രാർപ്പണവും കാണാം. സൂര്യോദയം ഭൂമിയെ പ്രകാശപൂരിതമാക്കുന്നതുപോലെ തിരുകൃപയാൽഎന്റെ അകമേ വെളിവരുക എന്ന് ഭക്തൻ പാടുന്നത് അർത്ഥവത്താണ്. പ്രഭാതത്തിൽത്തന്നെ ദൈവമുഖം അന്വേഷിക്കുന്നത് ദിവസത്തിനു മുഴുവൻ പ്രകാശവും ശക്തിയും നൽകും.
നാലാം സങ്കീർത്തനം തന്ത്രിനാദത്തോടെ (neginoth – stringed instruments) ആയിരുന്നു. എന്നാൽ അഞ്ചാം സങ്കീർത്തനം വേണുനാദത്തോടെ (nehiloth – flutes) പാടുന്നതാണ്. ഈ സങ്കീർത്തനത്തിൽ പ്രാർത്ഥനയും പ്രത്യാശയും നിറഞ്ഞുനിൽക്കുന്നു. ആരാധനയുടെ അടിസ്ഥാനപരമായ ആശയങ്ങൾ ഇതിൽ കാണാം.പ്രാർത്ഥനയും ആരാധനയും ഭക്തിയും നിറയുന്ന വ്യക്തിപരമായ പ്രഭാത ഗീതമാണിത്.
ഈ സങ്കീർത്തനത്തെ നാല് ഭാഗങ്ങളായി തിരിക്കാം.
- വാക്യം 1-3 വരെ പ്രഭാതത്തിലെ പ്രാർത്ഥനയും ധ്യാനവും.
- വാക്യം 4 – 7 വരെ ദൃഷ്ടന്മാരും ദൈവം ഇഷ്ടപ്പെടാത്ത കാര്യങ്ങളും.
- വാക്യം 8 -10 ദുഷ്ടന്റെ അവസ്ഥയും വീഴ്ചയും.
- വാക്യം 11 – 1ദൈവത്തെ ശരണം പ്രാപിക്കുന്നവരുടെ അനുഗ്രഹം.
ഒന്നാം ഭാഗത്ത് രാജാവും ദൈവവുമായ യഹോവയെ ധ്യാനിക്കുകയും രാവിലെ ദൈവത്തോട് പ്രാർത്ഥിക്കുകയും ആണ്. രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു എന്ന് ദാവീദ് പറയുന്നു. എന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത് എന്ന് ദൈവത്തോട് പറയുന്നത്, ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് ദൈവത്തിൽ ആശ്രയിക്കുന്നു എന്നാണ്. സങ്കടനയാചനകൾ അർപ്പിക്കുവാനുള്ള ഇടം ദൈവസന്നിധി മാത്രമാണ്.
പഴയനിയമ ദൈവജനം രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രാർത്ഥിക്കുമാരുന്നു. ദാവീദും (സങ്കീ. 55 :17) ദാനിയേലും (ദാനി. 9 :10) ഇങ്ങനെ ചെയ്തിരുന്നു. ഇവിടെ ദാവീദ് രാവിലെ തന്നേ ദൈവത്തിനായി ഒരുക്കി കാത്തിരിക്കുന്നു. ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും വേണ്ടിയുള്ള ഒരുക്കം അതിന് കൊടുക്കുന്ന പ്രാധാന്യത്തെയാണ് കാണിക്കുന്നത്.
ദൈവം പ്രാർത്ഥന കേൾക്കുമെന്നും മറുപടി നൽകുമെന്നും ദാവീദിന് അറിയാം. അതുകൊണ്ട് രാവിലെ ഒരുക്കത്തോടെ ദൈവസന്നിധിയിൽ കാത്തിരിക്കുന്നു. എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ എന്നത് വാക്കുകൾ ഇല്ലാത്ത മൗനമായ ഹൃദയം പകരലാമാണ്. ഒരു യാഗവസ്തുവിനെപ്പോലെ സമർപ്പണവും അനുസരണവും ആവശ്യബോധവും ധ്യാനത്തിലുണ്ട്. ദൈവാസാന്നിധ്യത്തിന്റെ അനുഭവം ആദ്യഭാഗത്ത് ഭക്തൻ അനുഭവിക്കുന്നതായി കാണാം.
രണ്ടാം ഭാഗത്ത് (വാക്യം 4-7) ദുഷ്ടത, അഹങ്കാരം, നീതികേട്,ഭോഷ്ക്, രക്തപാതകം, ചതി എന്നിവയുള്ളവരെ പരാമർശിക്കുന്നു. ജീവിതത്തിൽ ഈവിധ സ്വഭാവമുള്ളവരെ ദൈവം വെറുക്കുന്നു. അവർക്ക് ദൈവാരാധനയോ പ്രാർത്ഥനയോ ഇല്ല.
ഏഴാം വാക്യത്തിൽ ആരാധനയുടെ ചിത്രം ലഭിക്കുന്നു. ദൈവാലയത്തിലേക്ക് ചെന്നു ചെന്ന് എന്നത് സമാഗമന കൂടാരത്തെപ്പറ്റി ആയിരിക്കണം. കൂടാരത്തെ തനിക്ക് വാഗ്ദത്തം ലഭിച്ച ആലയമായിത്തന്നെ ദാവീദ് മനസ്സിലാക്കുന്നു. ഭാവിയിൽ ഉണ്ടാകുവാനുള്ള ആലയത്തെ അവൻ വിശ്വാസത്താൽ കണ്ടിരിക്കണം. ആലയം ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ ഏകാഗ്രതയോടും ഭക്തിയോടും ആരാധിക്കുമെന്ന് ദാവീദ് പറയുന്നു.
മൂന്നാം ഭാഗത്ത് ദുഷ്ടന്മാരുടെ സ്വഭാവവും വീഴ്ചയും പറയുന്നതോടൊപ്പം ദൈവം അവരെ തള്ളിക്കളഞ്ഞിരിക്കുന്നതായി എടുത്തു കാണിക്കുന്നു. ദുഷ്ടത പ്രവർത്തിക്കുന്നവർക്ക് ദൈവസന്നിധിയിൽ നിൽക്കാൻ കഴിയില്ല.
ആരാധനയുടെ അനുഗ്രഹമാണ് നാലാം ഭാഗം. “നിന്റെ നാമത്തെ സ്നേഹിക്കുന്നവർ എന്നിൽ ഉല്ലസിക്കും” (വാക്യം 11). ദൈവത്തിന്റെ നാമം ദൈവത്തിന്റെ ആളത്തവും സ്വഭാവവുമാണ്. അത് ശക്തിയുള്ള നാമമാണ്. ദൈവത്തെ സ്നേഹിക്കുന്നവർക്ക് ആനന്ദവും അനുഗ്രഹവും ഉണ്ടാകും. കർത്താവ് പരിചകൊണ്ടെന്ന പോലെ ദയകൊണ്ട് നീതിമാനെ മറെയ്ക്കും. എല്ലാവിധ ആക്രമണങ്ങളിൽ നിന്നും ദൈവകൃപ അവനെ സൂക്ഷിക്കും. ദൈവത്തിലുള്ള സുരക്ഷിത ബോധത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്.
