വാഷിംഗ്ടൺ: ലോകത്തെ എല്ലാ ക്രിസ്ത്യൻ ജനതയെയും രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ ക്രിസ്ത്യാനികൾ അതിജീവന ഭീഷണി നേരിടുകയാണെന്നും മുസ്ലീങ്ങളാണ് അതിന് പിന്നിലെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലീലൂടെയാണ് ട്രംപ് ആരോപണം ഉയർത്തിയത്.
‘നൈജീരിയയിൽ ക്രിസ്തുമതം അതിജീവന ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. നൈജീരിയയിലും മറ്റ് നിരവധി രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ യുഎസിന് കൈയും കെട്ടി നോക്കി നില്ക്കാനാവില്ല. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്. അതിനാൽ ഞാൻ നൈജീരിയ ‘പ്രത്യേക ശ്രദ്ധ’ വേണ്ട രാജ്യമായി പ്രഖ്യാപിക്കുന്നു’. ട്രംപ് കൂട്ടിച്ചേർത്തു.
നൈജീരിയയിൽ ക്രിസ്ത്യൻ വംശഹത്യ നടക്കുന്നുവെന്ന വാദം യുഎസ് മുൻപും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഈ വാദം രാജ്യത്തെ കൂടുതൽ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കുന്നുവെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം അവകാശവാദങ്ങൾ നൈജീരിയ നേരത്തെയും തള്ളിക്കളഞ്ഞിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ വടക്ക് മുസ്ലീം ഭൂരിപക്ഷവും തെക്ക് ക്രിസ്ത്യൻ ഭൂരിപക്ഷവുമാണ്.
വടക്കുകിഴക്കൻ നൈജീരിയയിൽ കഴിഞ്ഞ 15 വർഷമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബൊക്കോ ഹറാമിന്റെ തീവ്രവാദ അക്രമങ്ങൾ പിടിമുറുക്കിയിട്ടുണ്ട്. ഇതേ തുടർന്ന് 40,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 20 ലക്ഷം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
