ഹൈദരാബാദ്: അന്തർദേശീയ ദൈവസഭയുടെ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദൈവസഭയുടെ പ്രവർത്തനം വ്യാപിക്കണമെന്ന ആശയം ഉൾക്കൊണ്ട് ഒരു പുതിയ ചുവടു വയ്പ്പ് എന്നവണ്ണം തെലങ്കാനയിലും ദൈവസഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സെപ്റ്റംബർ 15 തിങ്കളാഴ്ച്ച ഹൈദരാബാദിലുള്ള റിലയബിൾ ചർച്ചിൽ ക്രമീകരിച്ച മീറ്റിംഗിൽ ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ടും നാഷണൽ ഗവേണിങ് ബോഡി ചെയർമാനുമായ റവ.സി.സി. തോമസ് ദൈവസഭയുടെ തെലങ്കാനയിലെ പ്രവർത്തനങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് പുതിയ നേതൃത്വത്തെ പ്രാർത്ഥിച്ചു നിയോഗിച്ചു.
ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയനിൽ കഴിഞ്ഞ 20 ലധികം വർഷം ശുശ്രൂഷയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റർ പി. ജെ. ജോണിനെ തെലങ്കാനയുടെ പ്രഥമ റെപ്രെസെന്ററ്റീവായി നിയമിച്ചു. അദ്ദേഹം കൗൺസിൽ മെമ്പറായും, ഡിസ്ട്രിക് പാസ്റ്ററായും യൂത്ത് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിരുന്നു. തെലങ്കാനയുടെ പുതിയ ഉത്തരവാദിത്വം തന്നിൽ ഭരമേല്പിക്കുമ്പോൾ, സെൻട്രൽ വെസ്റ്റ് റീജിയൻ ഡൽഹി സ്‌റ്റേറ്റിന്റെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായിരുന്നു.
പാസ്റ്റർ ജോൺസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ദൈവസഭയുടെ നേതൃത്വ നിരയിൽ നിന്നും അനേക ദൈവദാസന്മാർ പങ്കെടുത്തു. പാസ്റ്റർ പ്രഭുദേവ് സ്വാഗതവും പാസ്റ്റർ കൃഷ്ണപ്രസാദ് നന്ദിയും രേഖപ്പെടുത്തി.
മഹനീയം ബൈബിൾ കോളേജ് ഡീൻ പാസ്റ്റർ ബിജു എം.ജി (മുംബൈ), സദ്വാർത്ത ചീഫ് എഡിറ്റർ പാസ്റ്റർ മനു ചാക്കോ(ഗോവ), റീജണൽ സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി പാസ്റ്റർ ഷാജി ചിറയിൽ (ഡൽഹി), കേരളാ സ്റ്റേറ്റ് യൂത്ത് കോർഡിനേറ്റർ- തിരുവല്ല സോൺ- പാസ്റ്റർ അജി വർഗീസ് (മാവേലിക്കര), മാറാത്തവാഡ കോർഡിനേറ്റർ കെ.കെ.കോശി, പൂനെ, പാസ്റ്റർ സജി (IPC), പാസ്റ്റർ ലൂയിസ് ഹൈദരാബാദ് എന്നിവർ ആശംസകൾ അറിയിച്ചു.
