ജീവിതത്തിൽ നിരാശയും പ്രതിസന്ധികളും അനുഭവിക്കുന്നവർക്ക് പ്രത്യാശയും ആത്മധൈര്യവും പകരുന്നതാണ് മൂന്നാം സങ്കീർത്തനം. വിലാപഗീതം പോലെ ഒരു പ്രാർത്ഥനാ സങ്കീർത്തനമാണിത്. ഇതൊരു പ്രഭാത ധ്യാന സങ്കീർത്തനവുംകൂടെയാണ്.
ഈ സങ്കീർത്തനത്തെ നാല് ഭാഗങ്ങളായി തിരിക്കാം. (1)ദാവീദിന്റെ പ്രതികൂലവും ദയനീയാവസ്ഥയും – വാക്യം1,2. (2)ദൈവാശ്രയവും ഉറച്ച വിശ്വാസവും – വാക്യം 3, 4. (3)നിർഭയത്വവും ഭദ്രമായ ഉറക്കവും – വാക്യം 5,6. (4) പ്രാർത്ഥനയും വിശ്വാസ പ്രഖ്യാപനവും – വാക്യം 7,8.
ദാവീദ് തന്റെ മകനായ അബ്‌ശാലോമിന്റെ മുമ്പിൽ നിന്ന് ഓടിപ്പോകുമ്പോൾ എഴുതിയതാണ് ഈ സങ്കീർത്തനം ( 2 ശമൂ. 15-ാം അദ്ധ്യായം നോക്കുക). പ്രതിസന്ധിയുടെ നടുവിൽ തളരുമ്പോൾ മനുഷ്യന്റെ ഉറക്കം നഷ്ടപ്പെടാറുണ്ട്. എന്നാൽ ദാവീദ് പറയുന്നത്, “ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു”(3:5) എന്നാണ്. “തന്റെ പ്രിയനോ അവൻ ഉറക്കം കൊടുക്കുന്നു” എന്ന് ശലോമോന്റെ ആരോഹണ ഗീതത്തിൽ പറയുന്നു (സങ്കീ.127:2). യഹോവ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു എന്നത് ദൈവിക പരിപാലനത്തിന്റെയും കരുതലിന്റെയും സാക്ഷ്യമാണ്.
“സേല” എന്ന പദം സങ്കീർത്തനങ്ങളിൽ ആദ്യം കാണുന്നത് ഇവിടെയാണ്. ഈ സങ്കീർത്തനത്തിൽ മൂന്ന് പ്രാവശ്യം ഈ പദം ഉപയോഗിച്ചിരിക്കുന്നു. ഇത് സംഗീതവുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശം കൊടുക്കുന്ന വാക്കാണ്.ഗാനാലാപനത്തിന്റെ സ്വരം, രാഗം, ശബ്ദം, സംഗീത ഉപകരണം എന്നിവയിലെ വ്യതിയാനം കുറിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത് എന്നു പറയപ്പെടുന്നു.
ദാവീദ് വലിയ കഷ്ടതയിലാണ്. ശത്രുക്കൾ ധാരാളമുണ്ട് (2 ശമൂ.17:1). ധാരാളം എന്ന അർഥമുള്ള പദം മൂന്നു പ്രാവശ്യം ഒന്നാം വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വൈരികൾ പെരുകിയിരിക്കുന്നു, എതിർക്കുന്നവർ അനേകർ ആകുന്നു, പലരും പറയുന്നു എന്നീ ഭാഗങ്ങളിലാണ് ഈ വാക്കു വരുന്നത്. അനേകർ എന്ന് മൂന്ന് പ്രാവശ്യം പറയുന്നതിനാൽ ദാവീദിന്റെ എതിരാളികൾ എത്ര അധികം ഉണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. “അവന് ദൈവത്തിങ്കൽ രക്ഷയില്ല” എന്നാണവർ പറയുന്നത്. പ്രാർത്ഥനയും ആരാധനയും ദൈവാശ്രയവും ഒന്നും അവനു വിടുതൽ നൽകില്ല എന്ന് അവർ ആരോപിക്കുന്നു. ദൈവഭക്തർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണിത്. മാനുഷികമായി എതിർക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതുകൂടാതെ ആത്മീയതയെ നിഷ്ഫലമെന്ന് പരിഹസിക്കുകയും ചെയ്യും.
എന്നാൽ ഇത്രയും കഠിനമായ പ്രതിസന്ധിയിലും ദാവീദ് തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നു. “നീയോ യഹോവേ, എനിക്ക് ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു”(വാക്യം 3). ദൈവം തന്റെ ഭക്തനു നേരെവരുന്ന എല്ലാ ആക്രമണങ്ങളെയും തടഞ്ഞുനിർത്തുന്നു. “പരിച” എന്ന് യഹോവയെ വിശേഷിപ്പിക്കുന്നു(സങ്കീ. 18:2; 28:7;119:114). എനിക്കു ചുറ്റും പരിച ആകുന്നു എന്നത് അസാധാരണമായ സംരക്ഷണത്തെ കാണിക്കുന്നു. “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു”( സങ്കീ.34:7). തന്റെ ദാസനെ മഹത്വം അണിയിക്കുകയും അവന്റെ തല ഉയർത്തുകയും ചെയ്യുന്നു. അവങ്കലേക്കു നോക്കിയവർ ആരും ലജ്ജിച്ചു പോയില്ല (സങ്കീ.34:5).
ശത്രുവിന്റെ ബാഹുല്യം നിമിത്തം ദാവീദ് ശബ്ദമുയർത്തി പ്രാർത്ഥിക്കുന്നു. വിശുദ്ധ പർവതത്തിൽ നിന്ന് ദൈവം ഉത്തരം അരുളുന്നു. നമ്മുടെ ദൈവം പ്രാർത്ഥന കേൾക്കുന്ന ദൈവമാണ്.
നിർഭയമായി വസിക്കുവാൻ ദൈവത്തിന്റെ കരുതൽ സഹായിക്കും. ദൈവസാന്നിധ്യ ബോധമുള്ള ദൈവഭക്തന് ഭയപ്പെടേണ്ട ആവശ്യമില്ല. ആയിരമായിരം പേർ എനിക്ക് വിരോധമായി പാളയം ഇറങ്ങിയാലും ഞാൻ ഭയപ്പെടുകയില്ല എന്ന് ദാവീദ് പറയുന്നു (വാക്യം 6). ശത്രു എത്ര ശക്തനായാലും ദൈവാശ്രയം ഉള്ളവനെ നശിപ്പിക്കുവാൻ കഴിയുകയില്ല. ശത്രുവിന്റെ ശക്തി എത്ര വലുതായാലും ദൈവം സർവ്വശക്തനാണ് എന്ന വിശ്വാസമാണ് ഈ പ്രഖ്യാപനത്തിന് ആധാരം.
ദൈവത്തിന്റെ സഹായത്തിനുള്ള അപേക്ഷയോടും വിശ്വാസ പ്രഖ്യാപനത്തോടുംകൂടെ ഈ സങ്കീർത്തനം അവസാനിക്കുന്നു. ശത്രുവിനെയും മരണത്തെയും അവയുടെ സകലബലത്തെയും പരാജയപ്പെടുത്തി കർത്താവ് ദൈവഭക്തന് അന്തിമവിജയം നൽകുന്നു.
