മൂന്നാം സങ്കീർത്തനം ഒരു പ്രഭാതഗീതമായിരുന്നു. എന്നാൽ നാലാം സങ്കീർത്തനം ഒരു സന്ധ്യാകീർത്തനമാണ്. “കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ” (4:4); “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും” (4:8) എന്നീ വാക്യങ്ങളിൽ നിന്ന് അത് വ്യക്തമാണ്.
“സംഗീതപ്രമാണിക്ക്” (to the chief musician)എന്നതും “തന്ത്രിനാദത്തോടെ”(neginoth)എന്നതും സങ്കീർത്തനങ്ങളിൽ ആദ്യം പരാമർശിക്കുന്നത് ഇവിടെയാണ്. മൂന്നാം സങ്കീർത്തനത്തിന്റെ സന്ദർഭം തന്നെയാണ് നാലാം സങ്കീർത്തനത്തിനുമുള്ളത്. ദാവീദിന് തന്റെ മകനായ അബ്ശാലോമിൽ നിന്നുള്ള പ്രതികൂലത്തിന്റെ സാഹചര്യത്തിലാണ് ഇത് എഴുതുന്നത്. ശൗലിൽ നിന്നും ഞെരുക്കത്തിന്റെയും സങ്കടത്തിന്റെയും അനുഭവങ്ങൾ ഉണ്ടായി. മാനുഷികമായ പ്രതിസന്ധിക്കുമുമ്പിൽ ദാവീദിന്റെ പ്രാർത്ഥനയാണിത്.
ഈ സങ്കീർത്തനത്തെ 3 ഭാഗങ്ങളായി തിരിക്കാം.
1.വാക്യം 1 – ഞെരുക്കത്തിൽ ഇരിക്കുമ്പോൾ വിശാലത വരുത്തുന്ന ദൈവം.
- വാക്യം 2-5 – ശത്രുക്കളോടുള്ള പ്രബോധനം.
- വാക്യം 6-8 – ദൈവാശ്രയത്തിന്റെ സന്തോഷവും സമാധാനവും.
ഒന്നാം ഭാഗത്ത് ദൈവം ഉത്തരമരുളുന്നതിനു വേണ്ടിയുള്ള അപേക്ഷ കാണാം. ദൈവം നീതി ഉള്ളവനാണെന്ന് ദാവീദ് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് തന്റെ പ്രാർത്ഥന കേൾക്കണമെന്ന് ദാവീദ് ദൈവത്തോട് പറയുന്നു. “ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്ക് വിശാലത വരുത്തി” (വാക്യം 1) എന്നത് ദൈവം കഴിഞ്ഞ കാലങ്ങളിൽ ചെയ്ത പ്രവർത്തികൾ ഓർക്കുകയാണ് ( 2 ശമൂ. 23: 26 – 29 നോക്കുക). ഞെരുക്കം എന്നത് ശത്രുവിന്റെ നിയന്ത്രണമാണ്. ബന്ധിതനെപ്പോലെ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ. ഇല്ലായ്മകളിലും ശത്രുവിന്റെ നിയന്ത്രണങ്ങളിലും ദൈവം തന്റെ ഭക്തനുവേണ്ടി പ്രവർത്തിക്കുകയും വിശാലത വരുത്തുകയും ചെയ്യും. ഇത് ദാവീദിന്റെ അനുഭവമാണ്. കഴിഞ്ഞ കാലത്തെ ദൈവിക അനുഭവത്തിന്റെ വെളിച്ചത്തിൽ ‘എന്നോട് കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ’ എന്ന് ദാവീദ് അപേക്ഷിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ ദൈവം നടത്തിയ വിധങ്ങൾ ഓർക്കുമ്പോൾ ദൈവം എത്ര കൃപാലുവാണെന്ന് മനസ്സിലാകും. ഇപ്പോഴത്തെ പ്രതികൂലത്തിലും ഭാവികാലത്തിലും ദൈവം വിടുവിക്കുവാൻ ശക്തനും നീതിമാനും കൃപാലുവും ആണ് എന്ന് ദാവീദ് വിശ്വസിക്കുന്നു.
രണ്ടാം ഭാഗത്ത് തന്നെ എതിർക്കുന്നവരോടും പരിഹസിക്കുന്നവരോടും ഉള്ള വാക്കുകളാണ്. അപമാനം വരുത്തുവാൻ ഉത്സാഹിക്കുകയും വ്യാജം പറയുകയും ചെയ്യുന്നവർ. സത്യത്തിന് വില കൊടുക്കാതെ സ്വന്തം താൽപര്യം മാത്രം ലക്ഷ്യമിട്ട് മറ്റുള്ളവരെ പരിഹസിക്കുന്നവർ ഇന്നും ഉണ്ട്.
ദൈവമാണ് ദാവീദിനെ തിരഞ്ഞെടുത്ത്, വേർതിരിച്ച്, നിയോഗിച്ചിരിക്കുന്നത്. ആ ദൈവം വിളിച്ചപേക്ഷിക്കുമ്പോൾ കേൾക്കുന്ന ദൈവമാണ്. അതുകൊണ്ട് നീതി പ്രവർത്തിച്ച് ദൈവത്തോട് പാപം ചെയ്യാതിരിപ്പാൻ അവരോട് ദാവീദ് പ്രബോധിപ്പിക്കുന്നു. നാലാം വാക്യത്തിലെ “നടുങ്ങുവിൻ” എന്നത് ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജന്റിൽ “കോപിക്കുക” എന്നാണ്. കോപിച്ചാലും പാപം ചെയ്യാതിരിപ്പിൻ എന്നാണ് ഇവിടെ അർത്ഥം. എഫെസ്യർ 4:26 ൽ “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ; സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്” എന്ന് പൗലൊസ് പറയുന്നു. സെപ്റ്റ്വജന്റ് പരിഭാഷയിലേതുപോലെ സുറിയാനിയിൽ നിന്നുള്ള മലയാളം പരിഭാഷയിലും ഇതുതന്നെയാണ് അർത്ഥം. “നിങ്ങൾ കോപിപ്പിൻ; എന്നാൽ പാപം ചെയ്യരുത്”(വിശുദ്ധ ഗ്രന്ഥം, സങ്കീ.4:4) പിഒസി ബൈബിളിലും ഇങ്ങനെ തർജ്ജമ ചെയ്തിട്ടുണ്ട്. കോപം പാപത്തിലേക്ക് നയിക്കുന്നതാണ്; അതുകൊണ്ട് കോപിച്ചാലും പാപം ചെയ്യരുത് എന്ന് ഉപദേശിക്കുന്നു.
എബ്രായ ഭാഷയിൽ നടുങ്ങുക അഥവാ ഭയപ്പെടുക എന്ന ആശയമാണുള്ളത്. ദൈവമുമ്പാകെ ഭയത്തോടും വിറയലോടും കടന്നുവരേണ്ടതിനെയാണ് ഇതു കാണിക്കുന്നത്. ഏത് അർത്ഥത്തിലായാലും പാപം ചെയ്യരുത് എന്നതാണ് സന്ദേശം.
കിടക്കയിൽ ധ്യാനിച്ചുമൗനമായിരിപ്പാനും നീതിയാഗങ്ങൾ അർപ്പിച്ച് കർത്താവിൽ ആശ്രയിപ്പാനും ഉപദേശിക്കുന്നു. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. ചിലർ കുതിരകളിലും രഥങ്ങളിലും ആശ്രയിക്കുന്നു. ലോകത്തിൽ ആശ്രയിക്കുന്നവർ ലജ്ജിച്ചുപോകും. ദൈവത്തെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവരുടെ മുഖം പ്രകാശിക്കും.
മൂന്നാം ഭാഗത്ത് യഹോവയിൽ ആശ്രയിക്കുന്നവർക്കുള്ള സന്തോഷവും സമാധാനവും വിവരിക്കുന്നു. “ആർ നമുക്കു നന്മ കാണിക്കും” എന്ന് പലരും പറയുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നവർ അധികം സന്തോഷത്താൽ നിറയുന്നു. ഹബക്കൂക്ക് എന്ന പ്രവാചകൻ, അത്തിവൃക്ഷം തളിർക്കാതെയും മുന്തിരിവള്ളിയിൽ അനുഭവമില്ലാതെയുമിരിക്കുമ്പോഴും യഹോവയിൽ ആനന്ദിക്കുമെന്നും രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കുമെന്നും പാടുന്നു (ഹബ.3:17,18). ധാന്യവും വീഞ്ഞും സമൃദ്ധിയുടെ അനുഭവത്തെ സൂചിപ്പിക്കുന്നു. അപ്പോൾ ഉണ്ടാകുന്നതിലും അധികം സന്തോഷമാണ് ദൈവാശ്രയം മൂലം ലഭിക്കുന്നത്.
‘ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും’ എന്നത് നിത്യമായ സന്തോഷവും പ്രത്യാശയും ഉള്ളവർക്ക് മാത്രം പറയാൻ കഴിയുന്നതാണ്. ഒന്നിനെയും ഭയപ്പെടാതെ ഉറങ്ങുവാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. നിർഭയം വസിക്കുമാറാക്കുന്നത് യഹോവയാണ് എന്ന് അവസാനമായി എഴുതുന്നു. ദൈവം സമാധാനത്തിന്റെ ദൈവമാണ് (തെസ്സ.5:23). നീതീകരണത്തിലൂടെ നമുക്ക് ദൈവത്തോട് സമാധാനമുണ്ട് (റോമർ 5:1). ഞാൻ എന്റെ സമാധാനം നിങ്ങൾക്ക് നൽകുന്നു എന്നാണ് കർത്താവ് പറഞ്ഞത് (യോഹ. 14: 27). ഇത് സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനമാണ് (ഫിലി. 4:7). പ്രതികൂല സാഹചര്യത്തിൽ ദൈവത്തിൽ അഭയം തേടുന്നവർക്കുള്ള സന്തോഷത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും ഗീതമാണ് നാലാം സങ്കീർത്തനം.
