ഒൻപതു മണിക്ക് ആരാധന തുടങ്ങി. പതിനൊന്നരയ്ക്കു തീർക്കണം. പാസ്റ്റർ പ്രാർത്ഥിച്ചു തുടങ്ങി, പാസ്റ്റർ തന്നെ രണ്ടു പാട്ടുകൾ പാടി. ഉണ്ടായിരുന്ന കുറച്ചു വിശ്വാസികൾ മുക്കിയും മൂളിയും കൂടെ പാടി. പിന്നെ പാസ്റ്റർ ഒന്ന് കൂടി പ്രാർത്ഥിച്ചു. അത് കഴിഞ്ഞു ഒരു സങ്കീർത്തന വായന. പിന്നെയും ഒന്ന് രണ്ടു പാട്ടുകൾ. ആരാധന എന്നാണ് അതിനു പേര് പറഞ്ഞത്. എല്ലാമെല്ലാം പാസ്റ്റർ തന്നെ ചെയ്യും. വിശ്വാസികൾ കൂടെ നിന്നോണം. കൂടെ പാടിക്കോണം.
അത് കഴിഞ്ഞു സാക്ഷ്യം. ആർക്കും സാക്ഷ്യമൊന്നും പറയാനില്ല. വളരെ പ്രായമായ ഒരു പിതാവ് മാത്രം. സാക്ഷ്യം എന്താണെന്നും എങ്ങനെ പറയണമെന്നുമൊന്നും നിശ്ചയമില്ലാത്ത പ്രായമല്ലേ. പലതും പറഞ്ഞ് ഇരുന്നു. പിന്നെ സ്തോത്രകാഴ്ചക്കായി ഒരു പാട്ട്.
അത് കഴിഞ്ഞു വചന ശുശ്രൂഷ. സഭയിലെ ഒരു പഴയ വിശ്വാസി വടക്കേ ഇന്ത്യയിൽ ജോലി ചെയ്യുന്നു. ശുശ്രൂഷയും ചെയ്യുന്ന ആളാണ്. അയാൾ വന്നിട്ടുണ്ട്. അദ്ദേഹത്തിന് വചനം സംസാരിക്കുവാൻ സമയം. പത്തു ഇരുപതു മിനിറ്റ് മാത്രമെന്ന് കൂടെക്കൂടെ പറഞ്ഞോർപ്പിച്ചിട്ടാണ് എഴുന്നേല്പിച്ചത്. പക്ഷെ, പഹയൻ ചതിച്ചു. കൂടുതൽ സമയമെടുത്തു.
ആരാധന കഴിഞ്ഞു. പാസ്റ്റർ വിശ്വാസികളോട് ചില കാര്യങ്ങൾ കൂടിയാലോചിച്ചു. ഉപവാസ പ്രാർത്ഥന നടത്തണം. ഒരു അതിഥി പ്രസംഗകനെ വിളിക്കണം. അനുവാദം വിശ്വാസികൾ കൊടുക്കണം. ഇല്ലെങ്കിൽ വിളിക്കാൻ പറ്റില്ല. അനുവാദം കിട്ടി.
പക്ഷെ, ഒരു വിശ്വാസിക്ക് സംശയം. ആര് ഉപവസിക്കും? ചിലർക്ക് പ്രഷറും ഷുഗറുമൊക്കെയുണ്ട്. ഭക്ഷണം കഴിച്ചേ പറ്റൂ. ഉപവസിക്കാൻ വരില്ല. ആരോഗ്യമുള്ളവർക്കു തൊഴിലുറപ്പിനു പോകണം. അവധിയെടുക്കാനും പറ്റില്ല. പിന്നെ ആര് ഉപവസിക്കാനാണ്?
അവധിയെടുക്കാമെന്നു തൊഴിലുറപ്പുകാരിയായ ഒരു അമ്മാമ്മ പറയുന്നു. അങ്ങനെ ഉപവാസ പ്രാർത്ഥന നടത്താമെന്ന തീരുമാനമായി.
അടുത്ത ചർച്ചാ വിഷയം.
സഭയിലെ ഒരു വിശ്വാസി ഇപ്പോൾ രോഗിയാണ്. വീട്ടിൽ വിശ്രമിക്കുന്നു. രണ്ടു ദിവസങ്ങൾ തനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അദ്ദേഹം നമ്മുടെ സഭാ ശുശ്രൂഷകനെ വിളിച്ചിട്ടുണ്ട്.
ആ പ്രാർത്ഥനക്കു പോകുവാനും പാസ്റ്റർക്കു സഭയുടെ അനുവാദം വേണം.
പാസ്റ്റർ പോകണമോ വേണ്ടയോ എന്ന ചർച്ചയായി. സഭയെ വിളിക്കാതെ പാസ്റ്ററെ മാത്രമായി വിളിച്ചത് തെറ്റായിപ്പോയി! പാസ്റ്ററെ മാത്രമായി പ്രാർത്ഥനക്കു വിളിക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. കുറെ വാദപ്രദിവാദങ്ങൾക്കു ശേഷം പാസ്റ്റർക്കു അനുവാദം കിട്ടി. പോകാം. ജീവിതത്തിൽ ഇന്നുവരെ ഒരിടത്തു പ്രാർത്ഥിക്കാൻ പോയിട്ടില്ലാത്ത കുറെ ജന്മങ്ങളാണ് സഭയെ വിളിക്കാത്തതിൽ പരിഭവം പറയുന്നത്. ഇന്നും പ്രാർത്ഥന എന്ന് പറഞ്ഞാൽ അവർക്കു അലർജിയാണ്.
ആരാധനയ്ക്കു ശേഷം യുവജന മീറ്റിംഗ് നടക്കണമായിരുന്നു. പക്ഷെ, പ്രസംഗിച്ച പുള്ളി പണി തന്നില്ലേ? പത്തോ ഇരുപതോ മിനിറ്റ് മാത്രം അനുവദിച്ചിട്ടും അങ്ങേരു കൂടുതൽ സമയമെടുത്തു. ഇനി യുവജന മീറ്റിംഗ് നടത്തണമെങ്കിൽ സഭ കനിയണം. പാസ്റ്ററിനു ഒരധികാരവുമില്ല. തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമില്ല. പാസ്റ്റർ വായ തുറന്നപ്പോഴേ ഒരാൾ പറഞ്ഞു, സമയം അതിക്രമിച്ചതിനാൽ ഇന്ന് വേണ്ട.
ഒരു കാലത്തു ഞായറാഴ്ച ഒരു മണിക്ക് തീരുന്ന ആരാധനക്ക് ശേഷം വൈകിട്ട് ഏഴു മുതൽ ഒൻപതു വരെ അനുഗ്രഹിക്കപ്പെട്ട നിലയിൽ യുവജന മീറ്റിംഗ് നടന്നിരുന്ന സഭയാണ്. ആ മീറ്റിംഗുകൾ ആ സഭയിലെ യുവാക്കളെ ദൈവവേലക്കാരാക്കിയിട്ടുണ്ട്. ഇന്നതൊന്നും കാർന്നോന്മാർക്കു വേണ്ട. സമയമാണ് വലുത്.
പാസ്റ്ററും കണക്കു തന്നെ. വിശ്വാസികളെ പേടിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ. ദൈവദാസനല്ല, സഭക്കാരുടെ ദാസൻ. പ്രാർത്ഥനയും ഉപവാസവും ഇല്ല. ദൈവത്തിൽ നിന്ന് ഒന്നും പ്രാപിക്കുന്നില്ല. സഭായോഗം നടത്തുന്നതുകാണുമ്പോഴേ അറിയാം കൃപ എത്രയുണ്ടെന്ന്. കൃപയില്ലാത്തവന് അധികാരമില്ല. അവൻ സഭയുടെ മേൽ അധികാരമുള്ളവനാണെന്നു സഭക്കാർക്കും തോന്നണ്ടേ?
മുൻപൊരിക്കൽ നടന്ന ഒരു കാര്യവും കേട്ടു. ഒരു അതിഥി പാസ്റ്റർക്ക് പ്രസംഗിക്കുവാൻ സമയം കൊടുത്തു. പതിവ് പോലെ പത്തോ ഇരുപതോ മിനിറ്റായിരിക്കും കൊടുത്ത്. പറഞ്ഞ സമയം തീർന്നപ്പോൾ ഒരു വിശ്വാസി എഴുന്നേറ്റു. പ്രസംഗകനോട് ഇരിക്കുവാൻ ആവശ്യപ്പെട്ടു. പ്രഷറും ഷുഗറുമൊക്കെയുള്ളവരാണ് വിശാസികൾ. അതുകൊണ്ടു സമയത്തു നിർത്തിയേ പറ്റൂ. ഇരുത്തി. പ്രസംഗം തീർന്നു. പ്രസംഗിച്ചയാൾ ഒന്നുകിൽ മാന്യനോ അല്ലെങ്കിൽ അല്പം പേടിയുള്ളയാളോ ആയിരുന്നു. അതുകൊണ്ടു അദ്ദേഹം ഇരുന്നു.
ഇങ്ങനെയാണോ സഭകൾ മുന്നോട്ടു പോകേണ്ടത്? വചന ശുശ്രൂഷയില്ല. ആത്മനിറവില്ല. സ്നാനം നടന്നിട്ടു വർഷങ്ങളായി. പിള്ളേര് വലുതായി (രക്ഷാനിർണ്ണയം പ്രാപിച്ചിട്ടല്ല). സ്നാനപ്പെട്ടിട്ടുണ്ടാകാം. സുവിശേഷീകരണമില്ല. പരസ്യ യോഗമില്ല.
കേരളത്തിലെ ഒട്ടുമിക്ക പെന്തെക്കോസ്തു സഭകളുടെയും ഗതിയാണിത്. സഭയെന്നൊരു പേര് മാത്രം. കല്യാണം നടത്താനും മരിച്ചാൽ അടക്കാനും മാത്രമുള്ള ഒരു സംവിധാനം.
ഈ സഭ എന്തുകൊണ്ടിങ്ങനെ എന്നറിയുവാനുള്ള ഒരു ശ്രമം നടത്തി. പാസ്റ്റർ സ്വയം തീരുമാനമെടുത്തു നടപ്പിലാക്കാൻ ശ്രമിച്ചാൽ സഭക്കാർ വെറുതെ വിടില്ല. അനുഭവിക്കേണ്ടിവരും. അവർ പറയുന്നതിന് ഒരു ചുവടപ്പുറം പാസ്റ്റർക്കു പോകാനാകില്ല. കൃപയും അഭിഷേകവുമില്ലാത്തതിനാൽ അദ്ദേഹത്തിന് ഒന്നുമൊട്ടു കഴിയുന്നുമില്ല.
സഭയെക്കുറിച്ചു ദൈവത്തിനു ഒരു ഉദ്ദേശ്യമുണ്ട്. സഭ അത് പൂർത്തീകരിക്കണം. പാതാളഗോപുരങ്ങൾ ദൈവത്തിന്റെ സഭയെ ജയിക്കയില്ല. പക്ഷെ, സഭക്കാരെല്ലാരും കൂടി സഭയെ മുടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. സാത്താന് കഴിയാത്തതു സഭക്കാർ ചെയ്യുന്നു. കൃപയില്ലാത്ത പാസ്റ്റർമാരും.
ആദിമാനുഭവങ്ങളിലേക്കു സഭ മടങ്ങിവന്നില്ലെങ്കിൽ സഭയുടെ ഭാവിയെന്താകും?
വചനത്തിന്റെ വഴിയിലേക്ക് സഭ മടങ്ങിവരിക.
