യേശു ക്രിസ്തുവിൻ്റെ പൂർവാസ്തിത്വം, ദൈവത്വം എന്നിവ വെളിപ്പെടുത്തിക്കൊണ്ട് യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നു . എന്നാൽ പതിന്നാലാം വാക്യത്തിൽ ഒരു മഹാത്ഭുതം അദ്ദേഹം ചൂണ്ടി കാണിക്കുന്നു. അത് , ഈ മഹാദൈവമായവൻ മനുഷ്യനായി ഭൂമിയിൽ
ജന്മമെടുത്തതാണ്. അദ്ദേഹത്തിൻ്റെ ഭാഷയിൽ, ” വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു” ( 1:14) എന്നതാണ് .
ക്രിസ്ത്യാനിത്വത്തിൻ്റെ അടിസ്ഥാന വിശ്വാസമാണല്ലോ “അവൻ ജഡത്തിൽ വെളിപ്പെട്ടു” (1 തിമൊ. 3:16 )” എന്നത്. ജഡത്തിൽ വെളിപ്പെട്ട ദൈവമാണ് യേശു എന്ന് നാം വിശ്വസിക്കുന്നു .
“യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു” (2 യോഹ. 1: 7) എന്ന് യോഹന്നാൻ തൻ്റെ ലേഖനത്തിൽ മുന്നറിയിപ്പ്
നൽകുന്നുമുണ്ട്. ഇങ്ങനെയുള്ളവരുമായി കൂട്ടായ്മ അരുതെന്ന്
അദ്ദേഹം വിലക്കുന്നുമുണ്ട്.
ക്രിസ്തീയ സഭകൾ തമ്മിൽ ഉപദേശത്തിൽ വളരെ വ്യത്യസ്തതകൾ
ഉണ്ട്. എങ്കിലും എല്ലാ സഭകളും അംഗീകരിക്കുന്ന കാര്യമാണ് യേശു ക്രിസ്തു , ദൈവം മനുഷ്യനായി ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ പാർത്തവനാണ് എന്നത്. ഇത് അംഗീകരിക്കാത്തവൻ ക്രിസ്ത്യാനി അല്ല.
ദൈവം സീനായിയിൽ മോശെക്ക് വെളിപ്പെട്ട രംഗം ഭയാനകമായിരുന്നു.
പർവതം തൊടാൻ മനുഷ്യർക്കോ മൃഗങ്ങൾക്കോ അനുവാദം ഇല്ലായിരുന്നു.”ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു. ഒരു മൃഗം എങ്കിലും പർവ്വതം തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവർക്കു സഹിച്ചുകൂടാഞ്ഞു.ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു ” (എബ്രാ 12:19- 21 ).
സീനായിയിലെ പ്രത്യക്ഷത ഏവരെയും ഭയപ്പെടുത്തുന്നതായിരുന്നു
വെങ്കിൽ, ദൈവം മനുഷ്യനായി ജനിച്ചപ്പോൾ ദൂതൻ നൽകിയ
സന്ദേശം “ഭയപ്പെടേണ്ട ” എന്നതായിരുന്നു. ആദാം പാപം ചെയ്ത
ശേഷം യഹോവയായ ദൈവം തോട്ടത്തിൽ വന്നപ്പോൾ താൻ ഭയപ്പെട്ട്
വൃക്ഷത്തിൻ്റെ പുറകിൽ ഒളിച്ചിരുന്നു .പാപത്തിൻ്റെ ശിക്ഷയെ മനുഷ്യൻ ഭയപ്പെട്ടിരുന്നു. എന്നാൽ പാപിയെ രക്ഷിപ്പാൻ ദൈവം മനുഷ്യനായി പ്രത്യക്ഷപ്പെട്ടപ്പോൾ, ദൂതൻ അവരോടു: “ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” (ലൂക്കൊസ് 2:10, 11 )എന്നാണ് പറഞ്ഞത്. ലോകം കേട്ട ഏറ്റവും സന്തോഷകരമായ വാർത്തയായിരുന്നു, യേശുവിൻ്റെ ജനനം. യേശു പാപികളെ രക്ഷിപ്പാൻ വന്നുവെന്നതാണ് സന്തോഷത്തിന് കാരണമായത്.
സീനായിയിൽ ദൈവം പ്രത്യക്ഷനായപ്പോൾ പർവ്വതത്തെപ്പോലും ആർക്കും തൊടാൻ കഴിയാതെ ഇരുന്നുവെങ്കിൽ,യേശുവിനെ ആർക്കും സ്പർശിക്കാമായിരുന്നു. സീനായി മല തൊടുന്നവന് മരണം
ഉറപ്പായാരുന്നെങ്കിൽ, യേശുവിനെ തൊട്ടവർക്ക് സൗഖ്യവും പാപ
മോചനവും ലഭ്യമായിരുന്നു. രക്തസ്രവം ഉള്ള സ്ത്രീ യേശുവിനെ തൊട്ട് സൗഖ്യം പ്രാപിച്ചു. യേശു കുഷ്ഠരോഗിയെ തൊട്ടപ്പോൾ സൗഖ്യം പ്രാപിച്ച് ശുദ്ധനായി. പാപിനിയായ സ്ത്രീക്ക് യേശുവിനെ
തൊടുന്നതിന് വിലക്ക് ഇല്ലായിരുന്നു.
യേശു മനുഷ്യരുടെ ഇടയിൽ പാർത്തപ്പോൾ അദൃശ്യനായ ദൈവത്തെ വെളിപ്പെടുത്തി. പൗലൊസ് ദൈവത്തെക്കുറിച്ച് പറയുന്നത്, ”നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവം ” എന്നും “..അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവൻ ” എന്നുമാണ്. എന്നാൽ ദൈവം മനുഷ്യനായി വന്നപ്പോൾ
“എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; ” (യോഹ 14: 9 ) എന്നാണ് പറഞ്ഞത്. ” അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു”(കൊലോ 2:9) എന്ന്
പൗലൊസ് യേശുവിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്.
ദൈവം മനുഷ്യനായി വന്നതിൻ്റെ പ്രധാന ഉദ്ദേശ്യം നമ്മുടെ വീണ്ടെടുപ്പ്
ആയിരുന്നു. നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട്,നമ്മുടെ പാപത്തിന്
പകരം ശിക്ഷ ഏറ്റെടുത്ത് നമുക്കു വേണ്ടി മരിക്കുവാനാണ് യേശു
വന്നത് .അതു സംബന്ധിച്ച് എബ്രായ ലേഖനകാരൻ പറയുന്നത് –
” സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി (9:26 ).
പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും”(1:3)
” ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.”( 9:12).
ന്യായപ്രമാണത്തിന് ഒരു നാളും കഴിയാതിരുന്ന നമ്മുടെ വീണ്ടെടുപ്പ്
സാധിപ്പിക്കുവാൻ സ്വർഗം വിട്ട് താണ ഭൂമിയിൽ വന്ന് നമ്മുടെ ഇടയിൽ പാർത്ത്, നമുക്കു വേണ്ടി മരിച്ച് ഉയിർത്ത യേശുവിനെ സ്തുതിക്കാം .നമ്മെ വിട്ട് സ്വർഗാരോഹണം ചെയ്ത യേശു വീണ്ടും നമ്മുടെ അടുത്തേക്ക് വരുമെന്ന് വാഗ്ദത്തം നൽകിയിട്ടും ഉണ്ട് .
എന്നാൽ ഇനിയും വരുന്നത് പാപത്തിന് പരിഹാരം വരുത്തുവാനല്ല ,
പാപത്തിൻ്റെ സാന്നിധ്യത്തിൽ നിന്നും നമ്മെ രക്ഷിച്ച് തൻ്റെ അടുക്കൽ
കൊണ്ടു പോകുവാനാണ് .
“ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനിൽക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും”(9:28) .
നമ്മുടെ ഇടയിൽ പാർക്കുവാൻ വന്ന ദൈവ പുത്രൻ ,നമ്മെ തൻ്റെ
കൂടെ പാർപ്പിക്കുവാൻ മടങ്ങി വരും .സ്തോത്രം.
എം. ഈ. ചെറിയാൻ സാറിന്റെ മനോഹരമായ ഗാനത്തിൽ ഇങ്ങനെ പറയുന്നു:
1 അദൃശ്യനാം ദൈവത്തിൻ പ്രതിമയവൻ
ദൈവിക തേജസ്സിൻ മഹിമയവൻ
ആദിയവൻ അന്തമവൻ
അഖിലജഗത്തിനും ഹേതുവവൻ
2 വാർത്തയായിരുന്നവൻ ജഡമെടുത്തീ
പാർത്തലത്തിൽ വന്നു പാർത്തതിനാൽ
നമുക്കു തന്റെ നിറവിൽ നിന്നും
കൃപമേൽ കൃപ ലഭിപ്പാനിടയായ്;-
3 ദൈവവിരോധികളായതിനാൽ
ന്യായവിധിക്കു വിധേയർ നമ്മെ
ദൈവമക്കൾ ആക്കിയല്ലോ
ജീവനും തന്നവൻ സ്നേഹിച്ചതാൽ….
