“ഇവിടെ ഒരു ബാലകനുണ്ട്.”
There is a boy…
(John 6:9)
യേശു അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോക്ഷിപ്പിച്ച സംഭവം നാല് സുവിശേഷളിലും രേഖപ്പെടുത്തിയിട്ടുണ്ട്
(Mat. 14:13-21, Mark 6:30-44, Luke 9:10-17, John 6:1-14) എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഒരു വാചകമാണ്
“ഇവിടെ ഒരു ബാലകനുണ്ട്” എന്നുള്ളത്.
സത്യത്തിൽ അവിടെ ഒരു ബാലകൻ മാത്രമേ ഉണ്ടായിരുന്നുള്ളോ?
സ്ത്രീകളും കുട്ടികളും കൂടാതെ 5000 എന്ന് പറഞ്ഞിട്ടുള്ളതിനാൽ തന്നെ വ്യക്തമാണ് അവിടെ വേറെയും ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നുവെന്ന്.
അയ്യായിരത്തിന്റെ മൂന്നിരട്ടി കുട്ടികൾ എങ്കിലും ഉണ്ടാകുമെന്ന് നമുക്ക് അനുമാനിക്കാം.
അന്ത്രെയാസ് യേശുവിന്റെ അടുക്കൽ വന്നു പറയുന്നു, ഇവിടെ ഒരു ബാലകൻ ഉണ്ട്…
ഇവിടെ ഒരുപാട് ബാലകരുണ്ട് എന്നതല്ലേ ശരി??
പിന്നെ അന്ത്രെയാസ് കണ്ട ഈ ബാലകനെ വ്യത്യസ്തനാക്കിയത് എന്താണ്??
▪️മാതാപിതാക്കൾ ഒപ്പമില്ലെങ്കിലും ഒറ്റയ്ക്ക് യേശുവിനോടൊപ്പം ചെലവഴിക്കാൻ വന്നു.
മാതാപിതാക്കൾ കൂടെയുണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ അവന്റെ കയ്യിൽ ആ ഭക്ഷണപ്പൊതി ഉണ്ടാകുവാൻ സാധ്യതയില്ല.
ഒറ്റയ്ക്കാണെങ്കിലും യേശുവിനോടൊപ്പം!
മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ ആണെങ്കിലും യേശുവിനോടൊപ്പം സമയം ചെലവഴിക്കുന്നത് എത്ര ശ്രേഷ്ഠകരമായ അനുഭവമാണ്.
ഒരു പുതിയ തലമുറ ആരാധനാലയത്തോട് വിരക്തി കൽപ്പിക്കുമ്പോൾ ഈ ബാലകൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്.
പരപ്രേരണ കൂടാതെ ഒറ്റയ്ക്കാണെങ്കിലും യേശുവിനോടൊപ്പം കൂടണം…
▪️അവനെ കരുതുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നു.
“ഭക്ഷണപ്പൊതി” അതിന് ഉദാഹരണമാണ്.
യേശുവിന്റെ പ്രഭാഷണങ്ങൾ തീരുന്നതിനുമുമ്പ് നീ തിരിച്ചു പോകരുത്…
പോയി അനുഗ്രഹം പ്രാപിച്ച് മടങ്ങി വരണം…എന്ന് മാതാപിതാക്കൾ കരുതി ഭക്ഷണപ്പൊതി കൊടുത്തുവിട്ടു.
“ഇടയ്ക്ക് ഇറങ്ങിപ്പോകരുത്!”
▪️കൈവശമുള്ളത് പൂർണ്ണമായി സമർപ്പിക്കാൻ മനസ്സുണ്ടായിരുന്നു.
തന്റെ കയ്യിലുള്ള അൽപമായ ഭക്ഷണം ആ വലിയ ജനക്കൂട്ടത്തിന് തികഞ്ഞാലും, ഇല്ലെങ്കിലും നൽകാൻ മനസ്സു കാട്ടി.
ഒരുപക്ഷേ അവന്റെ കൊച്ചു മനസ്സിൽ നിശ്ചയം ഉണ്ടായിരുന്നു, എന്റെ യേശുവിന്റെ കരങ്ങളിൽ എത്തിയാൽ ഇത് എല്ലാവർക്കും ലഭ്യമാകുമെന്ന്!
അവന് വീട്ടിൽ നിന്ന് ലഭിക്കുന്ന ശിക്ഷണമാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായത്…!
ആൾക്കൂട്ടത്തിനിടയിൽ അന്ത്രയോസിന്റെ കണ്ണുകൾ ചിലരെ അന്വേഷിക്കുന്നുണ്ട്….
ഒരുപാട് ബാലകരുടെ ഇടയിൽ നിന്ന്…
“ഇവിടെ ഒരു ബാലകനുണ്ട്”
