ഷാർജ: കോഴഞ്ചേരി പാറയിൽ ബെഥേലിൽ ഷാജി വർഗീസിന്റെയും ബ്ലെസ്സി ഷാജിയുടെയും മകൾ റൂത്ത് ആൻ ഷാജി രചിച്ച ആദ്യ പുസ്തകം ‘Holding On to You’ നവംബർ 8-ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം പ്രകാശനം ചെയ്തു. ദി എമിറേറ്റ്സ് നാഷണൽ സ്കൂളിലെ റൂത്തിന്റെ അധ്യാപിക ദൃശ്യ ഷൈൻ ആദ്യപ്രതി ഏറ്റുവാങ്ങി. ദി എമിറേറ്റ്സ് നാഷണൽ സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് റൂത്ത് ആൻ ഷാജി.
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ, യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിലും സ്നേഹവും ത്യാഗവും മനുഷ്യത്വവും മുറുകെപ്പിടിച്ച മനുഷ്യരുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്.
ദുബായിലെ ഐ പി സി ബെർശ്ശേബ സഭാംഗമായ റൂത്തിന്റെ ഈ സാഹിത്യനേട്ടത്തിൽ കുടുംബാംഗങ്ങളും അധ്യാപകരും സുഹൃത്തുക്കളും സഭാംഗങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു.
ഡാൻ വർഗ്ഗീസ് ഷാജി സഹോദരനാണ്.

