കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മതപരിവര്‍ത്തനം അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ. എന്നാല്‍, തനിക്കോ തന്റെ പാര്‍ട്ടിക്കോ ക്രൈസ്തവ സമുദായത്തോടോ പുരോഹിതന്മാരോടോ യാതൊരുവിധ ശത്രുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായത്തിലുള്ളവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ഭട്ടാചാര്യ പറഞ്ഞു.
‘നിരവധി ക്രൈസ്തവ കുടുംബങ്ങള്‍ ബിജെപി കുടുംബത്തിന്റെ ഭാഗമാണ്. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും ഈ മണ്ണില്‍ ഇടമുണ്ട്, ഞങ്ങള്‍ക്ക് എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ ബംഗാളില്‍ മതപരിവര്‍ത്തനം അനുവദിക്കില്ല,’-തന്റെ മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മിഷനറി സ്ഥാപനങ്ങളെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, സമൂഹത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് അത് പറഞ്ഞതെന്നും അതില്‍ ഖേദിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും രാജ്യസഭാ എംപി കൂടിയായ അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് ഒരു പുരോഹിതനോടോ ആരോടും ശത്രുതയില്ല. പക്ഷേ മതപരിവര്‍ത്തനം വെച്ചുപൊറുപ്പിക്കില്ല,’-അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ വിഷയത്തിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിച്ചവരെ ഉപദ്രവിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായതായി പറയപ്പെടുന്ന ആക്രമണങ്ങളിലും, നാദിയ ജില്ലയില്‍ ഒരു ക്രൈസ്തവ സ്ത്രീ ആക്രമിക്കപ്പെട്ടെന്ന ആരോപണത്തിലും ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഭട്ടാചാര്യയുടെ ഈ പ്രസ്താവന. നിര്‍ബന്ധിതമായോ പ്രലോഭനങ്ങള്‍ നല്‍കിയോ മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ അദ്ദേഹം ഈ ആഴ്ച ആദ്യം ക്രൈസ്തവ മിഷനറി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ആരോപണവിധേയമായ സ്കൂളുകളുടെ പേര് വെളിപ്പെടുത്തണമെന്ന് ക്രൈസ്തവ സംഘടനയായ ‘ബംഗീയ ക്രിസ്തീയ പരിഷെബ’ ആവശ്യപ്പെടുകയും, ഭട്ടാചാര്യയുടെ പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ബിജെപി നേതാവിന്റെ പരാമര്‍ശങ്ങളെ കോണ്‍ഗ്രസും രൂക്ഷമായി വിമര്‍ശിച്ചു.


