ശമര്യക്കാർ അനേകർ യേശുവിൽ വിശ്വസിച്ചതായി യോഹന്നാൻ നാലാം അധ്യായം 42 വരെയുള്ള വാക്യങ്ങളിൽ കാണുന്നു. തുടർന്ന് യേശു ഗലീലയിലേക്ക് പോയെന്ന് 43 മത് വാക്യത്തിലും, ഗലീലക്കാർ യേശുവിനെ അംഗീകരിച്ചതായി 45 മത് വാക്യത്തിലും കാണുന്നു. എന്നാൽ ഇതിന് ഇടയിൽ 44 മത് വാക്യത്തിൽ പറയുന്ന കാര്യമാണ് ഇന്നത്തെ ചിന്ത.
” പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.”
സ്വന്തമല്ലാത്ത ദേശത്ത് സ്വീകാര്യനായിരുന്ന യേശുവിനെ സ്വന്ത നാട്ടുകാർക്ക് സ്വീകാര്യമല്ലായിരുന്നു. സ്വന്തം നാട്ടിൽ നിന്നും ഒരു പ്രവാച
കൻ ഉണ്ടാകുന്നതിൽ അവർ അഭിമാനിക്കുകയല്ലേ വേണ്ടത് ? പക്ഷേ, തിരിച്ചാണ് അനുഭവമെന്ന് യേശു പറയുന്നു. എന്താണ് അതിന് കാരണം ? നസറേത്തിലെ പള്ളിയിൽ യേശു വചനം വായിച്ചപ്പോൾ ആദ്യം എല്ലാവരും
അത്ഭുതപ്പെട്ടു. എന്നാൽ പിന്നീട് അവർ യേശുവിനെ മലമുകളിൽ നിന്ന് തള്ളിയിടുവാൻ ശ്രമിച്ചു ( ലൂക്കോസ് 4:16–30).
സ്വന്തം നാട്ടുകാർ യേശുവിനെ കണ്ടത് തച്ചന്റെ മകനായിട്ടാണ്. അതിനപ്പുറം എന്തെങ്കിലും
കാണുവാൻ അവർക്ക് കഴിഞ്ഞില്ല. നാട്ടുകാർക്ക് യേശു ഒരു സാധാരണ മനുഷ്യൻ ആയിരുന്നു. ദൈവം തന്നിലൂടെ പ്രവർത്തിക്കുന്നത് അംഗീകരിക്കുവാൻ അവർക്ക് പ്രയാസമായിരുന്നു.
ഇവനെ ഞങ്ങൾക്ക് ബാല്യം മുതൽ അറിയാമെന്ന ഒരു മുൻവിധി നാട്ടുകാർക്ക് ഉണ്ട് . അത് ഇന്നത്തെ സഭകളിലും ഉണ്ട്. സ്വന്തം സഭയിൽ നിന്നും, തങ്ങളോടൊപ്പം വളർന്നു വന്ന ഒരാൾ ഉയർച്ച പ്രാപിക്കുന്നത് അംഗീകരിക്കാൻ സഭയിൽ പലർക്കും വിഷമമാണ്. മുൻവിധികൾ മനുഷ്യന്റെ
കണ്ണുകളെ കുരുടാക്കും.
ഒരുവനിലുള്ള ദൈവവിളിയെയും അഭിഷേകത്തെയും തിരിച്ചറിയുവാനും അംഗീകരിക്കുവാനും എല്ലാവരും തയ്യാറാവാത്തതാണ് പ്രശ്നം. പിന്നെ, അസൂയക്കുള്ള മരുന്ന് സ്റ്റോക്കില്ലായെന്ന് നമ്മുടെ ആരോഗ്യ മന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. യേശു സത്യവചനം പറഞ്ഞപ്പോൾ സ്വന്തക്കാർക്ക് അലോസരം ഉണ്ടായി. അവർ പ്രതീക്ഷതു പോലെയോ, അവരെ സന്തോഷിപ്പിക്കുന്ന രീതിയിലോ യേശു പ്രസംഗിച്ചിരുന്നെങ്കിൽ
ഒരുപക്ഷേ അവർ യേശുവിനെ സ്വീകരിച്ചേനേം. ഒരാൾക്ക് സ്വന്തക്കാർക്കിടയിൽ
അംഗീകാരമില്ലായെന്നത് അയാളുടെ ശുശ്രൂഷക്ക് തടസ്സമല്ല. ദൈവത്തിന്റെ അംഗീകാരമാണ് ഒരാൾക്ക് വേണ്ടത്.
“അമിതപരിചയം പലപ്പോഴും ബഹുമാനം കുറയ്ക്കുന്നു” എന്നതും ശരിയാണ്. നസറേത്തുകാർ അവർക്കറിയാവുന്ന യേശുവിനെയാണ്
എപ്പോഴും കണ്ടത്, യേശുവിലെ ദൈവിക അധികാരത്തെ കണ്ടില്ല. എന്നാൽ എല്ലായിടത്തും എല്ലാവരും ഇതു പോലെ അല്ല.പരിചയം അല്ല പ്രശ്നം, മുൻ വിധിയാണ്. മുൻവിധി കൂടാതെ ശുശ്രൂഷകനെയും, ശുശ്രൂഷയെയും കാണുവാനും അംഗീകരിപ്പാനും ദൈവം സഹായിക്കട്ടെ.

