ദൈവം മൗനമായിരിക്കുമ്പോൾ
ദൈവത്തിൻ്റെ മൗനം വലിയൊരു ചർച്ചാവിഷയമാണ്. കഷ്ടതയിലൂടെ കടന്നുപോകുന്ന ഒരു ഭക്തൻ ഏകാന്തത ഇഷ്ടപ്പെടുമ്പോഴും ദൈവത്തിൻ്റെ മൗനം അവനെ ആത്മസംഘർഷത്തിലേക്ക് നയിക്കാറുണ്ട്.
വേദഗ്രന്ഥത്തിലെ പ്രമുഖ വ്യക്തികളും ദൈവത്തിൻ്റെ മൗനം അഭിമുഖീകരിച്ചവരാണ്. ദാവീദ് അത് തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട്. “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും?”
എന്നാൽ ആ മൗനത്തിന് പിന്നിലെ ദൈവഹിതത്തെക്കുറിച്ചും ബൈബിൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ബൈബിൾ വീക്ഷണത്തിൽ ദൈവത്തിൻ്റെ മൗനം ഉപേക്ഷിക്കലല്ല, അത് തൻ്റെ പ്രവർത്തിയുടെ ഒരുക്കമാണ്. ദൈവം മൗനമായിരിക്കുമ്പോൾ ദൈവത്തോട് പരിഭവിക്കാതെ നമ്മുടെ ആകുലതകളെ ഒരു സ്നേഹിതനോടെന്ന പോലെ തുറന്നുപറയുന്നത് തെറ്റല്ല. അത് വിശ്വാസ ജീവിതത്തിൻ്റെ ഭാഗമാണ്.
ഇയ്യോബിനോട് ഒടുവിൽ ദൈവം സംസാരിക്കുമ്പോൾ, മനുഷ്യബുദ്ധിക്ക് മനസ്സിലാകാത്ത വലിയൊരു പദ്ധതി തൻ്റെ കഷ്ടതയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്ന് ഇയ്യോബ് തിരിച്ചറിയുന്നു.
യേശുവിൻ്റെ മൗനം മാർത്തയേയും മറിയേയും ദു:ഖിപ്പിച്ചു . എന്നാൽ ആ മൗനം ദൈവനാമത്തിൻ്റെ മഹിത്വത്തിനു വേണ്ടിയുള്ള ഒരുക്കമായിരുന്നു.
ഏലിയാ പ്രവാചകന് ദൈവം വെളിപ്പെട്ടത് കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ അല്ല, മറിച്ച് “ശാന്തവും മൃദുവുമായ ഒരു സ്വരത്തിലാണ്” (1 രാജാക്കന്മാർ 19:12). ദൈവത്തിൻ്റെ മൗനം നമ്മുടെ ആന്തരികമായ നിശബ്ദതയ്ക്കുള്ള ക്ഷണമാകാം.
പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടാത്തതുപോലെ തോന്നുന്നുണ്ടോ? ദൈവത്തിന്റെ മൗനം അവിടുത്തെ അഭാവമല്ല. പരീക്ഷാ സമയത്ത് അധ്യാപകൻ മൗനമായിരിക്കുന്നതുപോലെ, നമ്മുടെ വിശ്വാസം വളരാൻ ദൈവം ചിലപ്പോൾ മൗനമായിരിക്കും. ക്ഷമയോടെ കാത്തിരിക്കാം. അവൻ ഇപ്പോഴും എല്ലാം നിയന്ത്രിക്കുന്നുണ്ട്.

