അപവാദങ്ങളിൽ തളർന്ന് ഒരു വിഭ്രമഗീതം
അപവാദങ്ങളും ദുഷ്പ്രചാരണങ്ങളും ആത്മവിശ്വാസവും ശക്തിയും നഷ്ടമാക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പലപ്പോഴും വിശദീകരിച്ച് സത്യം വെളിപ്പെടുത്തുവാൻ കഴിയാതെ വന്നേക്കാം. ദുഷ്പ്രചാരണം ശത്രുക്കളുടെ ശക്തമായ ആയുധമാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ദാവീദ് ഏഴാം സങ്കീർത്തനം എഴുതുന്നത്.
ഏഴാം സങ്കീർത്തനം ഒരു വിഭ്രമഗീതം എന്ന് ശീർഷകത്തിൽ കാണാം. സംഗീതവുമായി ബന്ധപ്പെട്ട ഈ പദത്തിന്റെ യഥാർഥ അർഥസൂചന വ്യക്തമല്ല. ഷിഗ്ഗയോൺ (shiggaion) എന്ന എബ്രായ പദമാണ് ഇവിടെ ഉപയാഗിച്ചിരിക്കുന്നത്. അലഞ്ഞുതിരിയുക എന്ന് അർഥം വരുന്ന ക്രിയാപദത്തിൽ നിന്നാണ് ഈ വാക്ക് ഉദ്ഭവിച്ചത്. ഡൈതറാംബിക് ഓഡ് (dithyrambic ode) എന്ന ശൈലിയിലുള്ള ഭാവഗീതമാണിത്. ഡൈതറാംബിക്ക് ഭാവഗീതങ്ങൾ പുരാതന ഗ്രീക്കുകാരുടെ കാവ്യ രചനാശൈലിയായിരുന്നു. കടുത്ത വൈകാരിക പ്രക്ഷുബ്ധത പ്രകടിപ്പിക്കുവാൻ ഈ രീതി അവർ ഉപയോഗിച്ചു വന്നു. ഹബക്കൂക്കിന്റെ സങ്കീർത്തനത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട് (ഹബ.3:1).
ദാവീദ് ഈ സങ്കീർത്തനം എഴുതിയത് ഏതു പശ്ചാത്തലത്തിലാണെന്ന് വ്യക്തമല്ല. ബെന്യാമീന്യനായ കൂശിന്റ വാക്കുകൾ നിമിത്തമാണ് ഇത് എഴുതിയത് എന്ന് ശീർഷകത്തിൽ കാണാം. ഇത് ശൗൽ ആയിരിക്കണം. ശാൽ ബെന്യാമീൻ ഗോത്രക്കാരനാണല്ലോ. രാജ്യദ്രോഹക്കുറ്റവും അപവാദങ്ങളും ശൗൽ ദാവീദിനെതിരെ പറഞ്ഞു പരത്തിയ സാഹചര്യത്തിലായിരിക്കാം ഇതിന്റെ രചന. അബ്ശാലോമിന്റെ മരണവാർത്ത ദാവീദിനെ അറിയിക്കുന്നത് ഒരു കൂശ്യനാണ് (2 ശമൂ. 18: 21-33). ഈ വസ്തുത അറിഞ്ഞ ദാവീദിന്റെ പ്രതികരണമാണ് ഈ സങ്കീർത്തനം എന്നും പറയപ്പെടുന്നു.
അപവാദങ്ങളുടെയും ദുഷ്പ്രചാരണങ്ങളുടെയും മുമ്പിൽ ഹൃദയ വേദനയോടെ ദാവീദ് ദൈവസന്നിധിയിലേക്ക് ചെല്ലുകയാണ്. എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു എന്ന് ദാവീദു പറയുന്നു. പഴയനിയമ കാലത്ത് കുറ്റാരോപിതർ ദൈവാലയത്തിലേക്കു ചെന്ന് ദൈവത്തിന്റെ നീതിക്കുവേണ്ടി അപേക്ഷിക്കുമായിരുന്നു. മനുഷ്യർ തങ്ങളുടെ ഭാഗം കേൾക്കാൻ മനസ്സുവയ്ക്കാത്ത അവസരത്തിൽ ദൈവസന്നിധി മാത്രമാണ് യഥാർത്ഥ ഭക്തന്റെ ആശ്രയം. ശലോമോൻ രാജാവ് ആലയ പ്രതിഷ്ഠാവേളയിൽ പ്രാർത്ഥിക്കുമ്പോൾ ഇതിന്റെ സൂചന നൽകുന്നുണ്ട്. “ ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗത്തിൽ നിന്നു കേട്ട് പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവനു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ” (1 രാജാ.8:31, 32). ഇത് ഒരു നീതിനിർവഹണമാണ്. നീതിമാനായ ദൈവം നീതിയോടെ വിധിക്കുന്നവനാണ്.
ഏഴാം സങ്കീർത്തനത്തെ നമുക്ക് ഏഴു ഭാഗമായി തിരിച്ചു പഠിക്കാൻ കഴിയും.
- സഹായത്തിനുള്ള നിലവിളി (വാക്യം 1-2)
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അപ്പൂപ്പൻതാടി പോലെ പാറി നടക്കുന്നു. ദാവീദ് തന്റെ പ്രശ്നം ദൈവസന്നിധിയിൽ കൊണ്ടുവരുന്നു. സകലരും തന്നെ വേട്ടയാടുകയാണ്. ശത്രുക്കളെ ദുഷ്ടമൃഗത്തോടാണ് ദാവീദ് ഉപമിക്കുന്നത്. ദുഷ്ടന്മാർ സിംഹം എന്ന പോലെ എന്നെ കീറിക്കളയരുതേ എന്നും വേട്ടയാടുന്നവരുടെ കൈയിൽ നിന്നും വിടുവിക്കേണമേ എന്നും ദാവീദ് ദൈവത്തോടു നിലവിളിക്കുന്നു. എന്റെ ദൈവമായ യഹോവേ എന്നാണ് അവൻ വിളിക്കുന്നത്. യഹോവ അവന്റെ ദൈവമാണ്. വ്യക്തിപരമായി അവന് ദൈവവുമായി ബന്ധമുണ്ട്. അതുകൊണ്ട് ഈ പ്രതിസന്ധിയിൽ ദൈവത്തെ ശരണം പ്രാപിക്കുകയാണ്. പാപത്തിന്റെയും പൈശാചികതയുടെയും ബന്ധനങ്ങളിൽ നിന്നു മോചനം ലഭിക്കുവാൻ നാം ദൈവസന്നിധിയിൽ ആശ്രയിക്കണം.
- അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ (വാക്യം 3 – 5)
ഇപ്പോൾ താൻ തെറ്റുകാരനല്ല എന്ന് ദാവീദിനറിയാം. തന്റെ നിരപരാധിത്വം മറ്റുള്ളവർ മനസ്സിലാക്കുന്നില്ല. രാജ്യഭരണം പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നും ശൗലിനെ കൊല്ലുവാൻ ശ്രമിച്ചു എന്നും മറ്റും ദാവീദിനെതിരെ ദുഷ്പ്രചാരണമുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശത്രു തന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ എന്ന് ദാവീദു പറയുന്നു. തന്റെ തെറ്റുകൾ ന്യായീകരിക്കുകയല്ല, ദൈവത്തിന്റെ നീതിക്കുവേണ്ടി അപേക്ഷിക്കുകയാണ്.
- ദൈവം ന്യായാധിപൻ (വാക്യം 6 – 7 )
ന്യായാധിപതിയാണ് ദൈവം എന്ന് ഈ സങ്കീർത്തനത്തിൽ നാലു പ്രാവശ്യം പറഞ്ഞിട്ടുണ്ട് (വാക്യം 6,8,9,11). അനീതിക്കും ശത്രുവിന്റെ ആരവത്തിനും എതിരെ കോപത്തോടെ എഴുന്നേല്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നു. ദൈവം എഴുന്നേല്ക്കുമ്പോൾ ശത്രുക്കൾ പരാജയപ്പെടും (സംഖ്യാ.10:35; സങ്കീ.68:1).
- രക്ഷിക്കുവാനുള്ള അപേക്ഷ (വാക്യം 8 -10)
ന്യായംവിധിക്കേണമേ എന്ന അപേക്ഷയായിരുന്നു മുൻ വാക്യങ്ങളിൽ. ഇപ്പോൾ ദൈവം ന്യായംവിധിക്കുന്നു എന്ന് ദാവീദു പറയുന്നു. ദൈവം വിധിക്കുന്നത് പുറമെയുള്ള കാര്യങ്ങൾ നോക്കിയല്ല. ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നു. ദൈവം ന്യായമായി വിധിക്കുമ്പോൾ ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകുകയും നീതിമാനെ അവൻ ഉറപ്പിക്കുകയും ചെയ്യും. സകലവും ശോധന ചെയ്യുന്ന ദൈവം ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു. ദൈവം തന്നെ രക്ഷിക്കും എന്ന ഉറപ്പ് ദാവീദിനുണ്ട്.
- ദുഷ്ടന്മാർക്കുള്ള ശിക്ഷ (വാക്യം11-13)
ദുഷ്ടന്മാർ തങ്ങളുടെ ദുഷ്ടത വിട്ട് തിരിയുന്നില്ലെങ്കിൽ ദൈവം തന്റെ ആയുധങ്ങൾക്ക് മൂർച്ചകൂട്ടും. അവൻ വില്ല് കുലച്ച് ഒരുങ്ങിയിരിക്കുന്നു. തന്റെ ശരങ്ങളെ അവൻ തീമ്പുകൾ ആക്കിയിരിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികൾ കണ്ടിട്ടും മനംതിരിയുകയോ പശ്ചാത്തപിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ദൈവത്തിന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു.
- ദുഷ്ടന്മാരുടെ ദുരന്തം (വാക്യം 14-16)
ദുഷ്ടന്മാരുടെ പ്രവൃത്തിയെ ഗർഭധാരണത്തോടും പ്രസവത്തോടും ഉപമിച്ചാണ് ഇവിടെ പറയുന്നത്. കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. അവർ കുഴിച്ച കുഴിയിൽ അവർ തന്നെ വീഴുന്നു. ഹാമാൻ തീർത്ത കഴുമരത്തിൽ അവൻ തന്നെ അവസാനിച്ചതുപോലെ നീതികേട് പ്രവർത്തിക്കുന്നവരുടെ തന്ത്രങ്ങൾ അവർക്കുതന്നെ നാശം വരുത്തും.
- ദൈവിക വിടുതൽ ലഭിച്ചതിന്റെ സ്തോത്രാർപ്പണം (വാക്യം 17)
നിലവിളിയോടെ ആരംഭിച്ച സങ്കീർത്തനം ആരാധനയോടും സ്തോത്രാർപ്പണത്തോടും കൂടെ അവസാനിക്കുന്നു. സങ്കടവും കഷ്ടതയും ശത്രുവിന്റെ കുറ്റാരോപണവും ആയിരുന്നു പ്രാരംഭത്തിൽ എങ്കിൽ, സങ്കീർത്തനം അവസാനിക്കുമ്പോൾ ദാവീദ് ദൈവത്തിന്റെ നീതിയെ ഓർത്ത് സ്തോത്രം അർപ്പിക്കുന്നു; സ്തോത്രം പാടും എന്ന് പ്രഖ്യാപിക്കുന്നു. ദൈവാശ്രയത്തിലൂടെ ലഭിച്ച വിടുതലിന്റെ അനുഭവത്തിലാണ് ദാവീദ് ഇപ്പോൾ ആരാധിക്കുന്നത്. ദൈവം ശത്രുക്കളെ ന്യായം വിധിക്കുകയും തന്റെ ഭക്തന് നീതി ഉറപ്പാക്കുകയും ചെയ്തു. ദൈവത്തിങ്കൽ നിന്ന് നന്മയും നീതിയും വിടുതലും ലഭിക്കുമ്പോൾ ദൈവത്തിന് നന്ദി പറയുവാൻ നാം മറക്കരുത്. ദൈവത്തിന്റെ നാമത്തെ കീർത്തിക്കുവാനും പാടി മഹത്വപ്പെടുത്തുവാനും നമുക്ക് കഴിയണം.
