മലപ്പുറം: കേരളത്തിന്റെ നിയമസഭാ ചരിത്രത്തിൽ ആദ്യമായി പെന്തെക്കോസ്ത് വിശ്വാസി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം തവനൂർ നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം കൈവരിച്ച പെന്തെക്കോസ്ത് സഭാ വിശ്വാസി അഡ്വ. വി.എസ്. ജോയിയാണ് കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചത്. നിലമ്പൂർ പോത്തുകല്ല് റ്റിപിഎം സഭാംഗമാണ് വി.എസ്. ജോയ്.
ഉറച്ച ദൈവവിശ്വാസവും പൊതുപ്രവർത്തനത്തിലെ ആത്മാർത്ഥതയും കൈമുതലായുള്ള വി.എസ്. ജോയി കേരള നിയമസഭയിലേക്ക് എത്തുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തിന്റെ പ്രതിനിധി എന്നതിലുപരി സാധാരണക്കാരന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനപ്രതിനിധി ആയിരിക്കും. മുൻമന്ത്രി കെ.ടി. ജലീൽ ആയിരുന്നു എതിർ സ്ഥാനാർത്ഥി. പതിനയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വി.എസ്. ജോയ് വിജയിച്ചത്.
2012 – 17 കാലയളവിൽ കെഎസ്യു സംസ്ഥാന പ്രസിഡണ്ടായിരുന്നു. 2017ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2020 – 21 കാലയളവിൽ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2021ൽ മലപ്പുറം ഡിസിസി പ്രസിഡണ്ടായി.
ഒരു പെന്തക്കോസ്ത് വിശ്വാസിയായ അഡ്വ. വി.എസ്. ജോയ് നിയമസഭയിൽ എത്തുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തിന്റെകൂടെ ശബ്ദമാകും എന്ന് വിശ്വാസ സമൂഹം പ്രതീക്ഷിക്കുന്നു. പെന്തെക്കോസ്തു സഭകൾക്ക് അഭിമാന നിമിഷമാണിത്.
ഭാര്യ: ഡോ. ലയ ജോസഫ്. മകൻ: എവ്ലിൻ.
