വ്യക്തിപരമായ ഒരു വിലാപഗീതമാണ് 28-ാം സങ്കീർത്തനം. എന്നാൽ അത് പിന്നീട് ഉത്തരം ലഭിച്ചതിനുള്ള സ്തോത്ര ഗീതമായി മാറുന്നു. നീതിക്കുവേണ്ടിയുള്ള പ്രാർത്ഥനയായ 26-ാം സങ്കീർത്തനത്തോടു ചേർത്തുവായിക്കാവുന്ന ഒന്നാണ് ഈ സങ്കീർത്തനം. എന്നാൽ 28-ാം സങ്കീർത്തനം കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയാണ്. ഈ രണ്ടു സങ്കീർത്തനങ്ങളിലും വിടുതലിനായുള്ള പ്രാർത്ഥനയും ദൈവത്തിന്റെ രക്ഷാസാന്നിധ്യത്തിന്റെ പ്രതീകമായ ദൈവാലയവും പ്രധാന വിഷയങ്ങളായി കടന്നുവരുന്നു.
ദാവീദിന്റെ രണ്ടാമത്തെ രാജകീയ അഭിഷേക സമയത്ത് (2 ശമു :2:4 ) ഇത് എഴുതി എന്ന് കരുതി വരുന്നു. ബേത്ലഹേമിൽ വച്ച് ഒന്നാമത്തെ അഭിഷേകം നടന്നു (ശമു.16: 1-13). അവസാനം എല്ലാ യിസ്രായേലിനും വേണ്ടി രാജാവായി (2 ശമു 5:3).
സഹായത്തിനായുള്ള നിലവിളി (28:1-5)
ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയാത്ത അവസ്ഥ സങ്കീർത്തനക്കാരനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ പ്രാർത്ഥനകൾക്ക് ദൈവത്തിൽനിന്ന് മറുപടി ലഭിക്കാതെ നിശ്ശബ്ദത അനുഭവപ്പെടുന്നതായി അദ്ദേഹം കരുതി. ഒന്നാം വാക്യത്തിൽ പരാമർശിക്കുന്ന ‘പാതാളം’ (Pit) മരിച്ചവരുടെ വാസസ്ഥലമായ ഷെയോൽ (Sheol) എന്നതിന്റെ പര്യായമാണ്.
ദൈവത്തെ “ എന്റെ പാറയായുള്ളോവേ” എന്ന് ദാവീദ് അഭിസംബോധന ചെയ്യുന്നു. മാറ്റമില്ലാത്ത ദൈവിക സ്വഭാവത്തിന്റെ വിശേഷണമാണിത് (28.1;18:2; 19:14;62:2,6; 144:1). പിളർക്കപ്പെട്ട പാറ എന്ന് യേശുക്രിസ്തുവിനെ തിരുവെഴുത്ത് വിശേഷിപ്പിക്കുന്നു.
ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തേക്ക് (Holy of Holies), ദൈവത്തിന്റെ സാന്നിധ്യം വസിക്കുന്ന ഇടത്തേക്ക് അഭിമുഖമായി അദ്ദേഹം പ്രാർത്ഥനയിൽ കൈകൾ ഉയർത്തി (വാ. 2). ഇവിടെയാണ് ദൈവസാന്നിധ്യം വസിക്കുന്നത്. എബ്രായരുടെ ഇടയിൽ പ്രാർത്ഥനയ്ക്കുള്ള സാധാരണ രീതി നിന്നുകൊണ്ട് കൈകൾ ഉയർത്തി, കൈപ്പത്തികൾ മുകളിലേക്ക് തുറന്ന്, സ്വർഗ്ഗത്തിങ്കലേക്ക് നോക്കി പ്രാർത്ഥിക്കുക എന്നതായിരുന്നു. മുട്ടുകുത്തി പ്രാർത്ഥിക്കുക, കുമ്പിടുക, കൈകൾ കൂപ്പുക തുടങ്ങിയ രീതികൾ മധ്യകാലഘട്ടത്തിലാണ് പ്രചാരത്തിലായത്.
പ്രപഞ്ചത്തിന്റെ ധാർമ്മിക നീതിവ്യവസ്ഥ നിലനിൽക്കണമെന്നും ദുഷ്ടന്മാർ തങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ചുള്ള പ്രതിഫലം പ്രാപിക്കണമെന്നും സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുന്നു (വാ. 4-5). അതേസമയം ദുഷ്ടന്മാർക്ക് ലഭിക്കുന്ന അതേ വിധി തനിക്കു വരാതിരിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു (വാ. 3).
ഉത്തരം ലഭിച്ച പ്രാർത്ഥന (28:6-7)
ആറാം വാക്യത്തിൽ സങ്കീർത്തനത്തിന്റെ ഭാവത്തിൽ ശ്രദ്ധേയമായ ഒരു മാറ്റം സംഭവിക്കുന്നു. പ്രാർത്ഥന കേട്ട് ഉത്തരം നൽകിയ ദൈവത്തെ സങ്കീർത്തനക്കാരൻ സ്തുതിക്കാൻ ആരംഭിക്കുന്നു. ഇതുവരെ അപേക്ഷയും നിലവിളിയുമായിരുന്ന പ്രാർത്ഥന ഇപ്പോൾ ആരാധനയ്ക്കും സ്തുതിക്കും വഴിമാറുന്നു.
ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്ന ഉറച്ച വിശ്വാസവും നന്ദിയും ആരാധനയും ഈ ഭാഗത്ത് പ്രകടമാകുന്നു. ദൈവത്തിലുള്ള വിശ്വാസം പ്രതിസന്ധിയുടെ നടുവിലും സങ്കീർത്തനക്കാരന് പ്രത്യാശയും ആത്മവിശ്വാസവും നൽകുന്നു.
രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന (28:8-9)
ഈ വാക്യങ്ങളിൽ ശ്രദ്ധ വ്യക്തിപരമായ പ്രാർത്ഥനയിൽനിന്ന് രാജ്യത്തിനും ജനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിലേക്ക് മാറുന്നു.
യഹോവ “എന്റെ ബലവും പരിചയും” ആകുന്നു എന്ന് വാക്യം 7ൽ പറയുന്നു. ദൈവത്തിന്റെ സംരക്ഷണവും ബലവും അവിടുന്ന് നമ്മിലേക്കു നൽകുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ദൈവം തന്റെ ജനത്തിന്റെ ‘ബലവും’ ‘രക്ഷാദുർഗ്ഗവും’ ആകുന്നു (വാ. 8). അവസാന വാക്യം നിരവധി ചെറിയ അപേക്ഷകളുടെ സമാഹാരമാണ്: “നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കണമേ,അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കണമേ.”
ദൈവം തന്റെ ജനത്തെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും നയിക്കുകയും ചെയ്യുന്നവനാണെന്ന വിശ്വാസമാണ് ഈ പ്രാർത്ഥനയിൽ പ്രകടമാകുന്നത്.
ആത്മീയ പാഠം
ചിലരുടെ മതവിശ്വാസം അനുഷ്ഠിക്കേണ്ട നിയമങ്ങളുടെയും പാലിക്കേണ്ട വിലക്കുകളുടെയും ഭാരമായി മാറുന്നു. എന്നാൽ ബൈബിൾ അവതരിപ്പിക്കുന്ന വിശ്വാസം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ്. ആ ബന്ധത്തിൽ മനുഷ്യൻ ദൈവത്തെ വഹിക്കുകയല്ല, മറിച്ച് ദൈവമാണ് മനുഷ്യനെ വഹിക്കുന്നത്.
അതിനാൽ യഥാർത്ഥ വിശ്വാസജീവിതം ഭാരമുള്ളതല്ല; ദൈവത്തിന്റെ കരുതലിലും സംരക്ഷണത്തിലും ആശ്രയിക്കുന്ന ജീവിതമാണ്.
ജോൺ ഡർഹാം (John Durham) ഈ സങ്കീർത്തനത്തിന്റെ പ്രധാന പാഠത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നത് ഇപ്രകാരമാണ്: “ഒന്നാമതായി അന്വേഷിക്കേണ്ടത് ദൈവത്തെയാണ്; വിടുതലിനെയല്ല.”
അതായത്, നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളിൽനിന്നുള്ള വിടുതൽ മാത്രം ലക്ഷ്യമാക്കാതെ, വിടുതൽ നൽകുന്ന ദൈവത്തെത്തന്നെ ഒന്നാമതായി അന്വേഷിക്കണം. ദൈവവുമായുള്ള ബന്ധമാണ് നമ്മുടെ വിശ്വാസജീവിതത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം.
പ്രതിസന്ധികളിൽ ദൈവം നിശ്ശബ്ദനാണെന്ന് തോന്നിയാലും പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുക. ദൈവം നമ്മുടെ നിലവിളി കേൾക്കുന്നവനും തന്റെ ജനത്തെ വഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനുമാണ്.




