കോട്ടയം: കേരള രാഷ്ട്രീയത്തിൽ വലിയൊരു ചരിത്രപരമായമാറ്റം കുറിച്ചുകൊണ്ടാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലേറിയത് ഒരു പതിറ്റാണ്ടിനു ശേഷമുള്ള യു.ഡി.എഫിന്റെ ഈ തിരിച്ചുവരവായിരുന്നു. അഞ്ച് പതിറ്റാണ്ടുകാലത്തെ കമ്മ്യൂണിസ്റ്റ് ഭരണസാന്നിധ്യത്തിന് താല്ക്കാലിക വിരാമമിട്ടതും എൽ.ഡി.എഫിന്റെ പരാജയവും കേരള ജനതയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇത് ദൈവഹിതം എന്നു പ്രസ്താവിച്ചാണ് കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ 21 അംഗങ്ങളിൽ 14 പേരും പുതുമുഖങ്ങളാണ്. ഈ യുവസാന്നിധ്യം ഭരണത്തിൽ കൂടുതൽ സുതാര്യതയും കഠിനാധ്വാനവും കൊണ്ടുവരുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.
ജനക്ഷേമ പദ്ധതികളുടെ വേഗത സർക്കാരിൻ്റെ കാര്യക്ഷമതയുടെ മുഖമുദ്രയായി. അധികാരമേറ്റയുടൻ തന്നെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ആശാ വർക്കർമാരുടെ ശമ്പള വർദ്ധനവ്, സ്കൂൾ അധ്യാപകർക്ക് 1000 രൂപയുടെ വേതന വർദ്ധനവ് എന്നിവ പ്രഖ്യാപിച്ചത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ജനകീയ പ്രതിഷേധങ്ങൾ വകവയ്ക്കാതെ നടപ്പിലാക്കാൻ ശ്രമിച്ച സിൽവർ ലൈൻ (കെ. റെയിൽ) പദ്ധതിയുടെ വിജ്ഞാപനം പുതിയ സർക്കാർ റദ്ദുചെയ്തത് ശ്രദ്ധേയമായി. പദ്ധതിക്ക് വേണ്ടി എൽഡിഎഫ് സർക്കാർ പാഴാക്കിയത് 75 കോടി രൂപയാണ്. വേണ്ടത്ര പരിസ്ഥിതിക പഠനം നടത്താതെ നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമാകാത്തതിനാൽ ഉപേക്ഷിച്ചമട്ടിലായിരുന്നു.എന്നിട്ടും അത് ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കുവാനോ വിജ്ഞാപനം പിൻവലിക്കാനോ
മുൻസർക്കാർ തയ്യാറായിരുന്നില്ല.
മുന്നണിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുവാൻ ഒരു പരിധിവരെ സാധ്യമായത് പുതിയ സർക്കാരിൻ്റെ വിജയം തന്നെയാണ്. മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ വിവിധ ഗ്രൂപ്പുകൾക്കിടയിലും (ഉദാഹരണത്തിന് കെ.സി. വേണുഗോപാൽ പക്ഷവും വി.ഡി. സതീശൻ പക്ഷവും തമ്മിലുള്ള സമവായ ചർച്ചകൾ), കെ. മുരളീധരനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ വകുപ്പുകളെച്ചൊല്ലിയുള്ള അതൃപ്തികളും തുടക്കത്തിൽത്തന്നെ പുറത്തുവന്നിരുന്നു. ഈ ആഭ്യന്തര കലഹങ്ങൾ ഭരണത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.
ഭീമമായ ജനക്ഷേമ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നടപ്പിലാക്കാൻ ആവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. നിലവിലുള്ള കടബാധ്യതകൾക്കിടയിൽ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുമോ എന്നഭയം സാമ്പത്തിക വിദഗ്ദ്ധർ പങ്കുവെക്കുന്നു.

മതേതരത്വമാണ് സർക്കാരിൻ്റെ മുഖമുദ്ര എന്ന നിലപാട് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയകരുത്ത് ഇവിടുത്തെ മതസൗഹാർദ്ദവും പരസ്പര ബഹുമാനവുമാണ്. വികസനവും ജനക്ഷേമവും നടപ്പിലാക്കുമ്പോൾ ത്തന്നെ, നാടിന്റെ ഈ മതേതര തനിമയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് പുതിയ സർക്കാരിന്റെ ഏറ്റവും വലിയ ദൗത്യം.
തുല്യനീതി ഉറപ്പു വരുത്തുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച്, ക്രൈസ്തവ വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്ന പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും ലഭ്യമാകും എന്നാണ് പ്രതീക്ഷ.
പെന്തെക്കോസ്തു സമൂഹത്തോട് വലിയ അടുപ്പവും ആഭിമുഖ്യവും പുലർത്തുന്ന വി.ഡി. സതീശൻ, പെന്തെക്കോസ്തു സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായ സമീപനം സ്വീകരിക്കുമെന്നാണ്
സഭാജനത്തിൻ്റെ വിശ്വാസം.രാഷ്ട്രീയത്തിനതീതമായി ഭരണമാറ്റം ആഗ്രഹിച്ച കേരളജനത നൽകിയ വലിയൊരു അവസരമാണ് വി.ഡി. സതീശൻ സർക്കാരിന് ലഭിച്ചിരിക്കുന്നത്. യുഡിഎഫിൻ്റെ വിജയത്തിന് പെന്തെക്കോസ്ത് വോട്ടുകളും നിർണായകമായിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയെത്തിയ കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
ഗ്രൂപ്പ് തർക്കങ്ങൾ മാറ്റിവെച്ച് സുതാര്യമായ ഭരണവും ധനമാനേജ്മെന്റും കാഴ്ചവെച്ച് മതേതരത്വവും ജനാധിപത്യവും എന്ന നിലപാട് സ്വീകരിച്ചാൽ ഈ സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കും.
