നിലമ്പൂർ: മലബാറിലെ സുവിശേഷീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് പുതിയതായി 21 ഏരിയകൾ രൂപീകരിച്ചു. 2026 ആഗസ്റ്റ് 25-ന് ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പാലക്കാട്, ഗോവിന്ദപുരം, ആനക്കട്ടി, ഷൊർണൂർ, ഏറനാട്, മഞ്ചേരി, കരുവാരക്കുണ്ട്, കോട്ടയ്ക്കൽ, കോഴിക്കോട്, വടകര, വൈത്തിരി, സുൽത്താൻ ബത്തേരി, ഗൂഡല്ലൂർ, തലശ്ശേരി, പരശ്ശിനിക്കടവ്, പയ്യന്നൂർ, ധർമ്മടം, മഞ്ചേശ്വരം, കുമ്പള, ഉതുമ, പെരിയ എന്നിവിടങ്ങളിലാണ് പുതിയ ഏരിയകൾ ആരംഭിക്കുന്നത്.
നിലവിൽ മലബാറിൽ ഐ.പി.സിക്ക് 34 സെന്റർ/ഏരിയകളും 513 സഭകളുമുണ്ട്. മലബാർ കേരള സ്റ്റേറ്റിന്റെ ദർശനം “മലബാറിൽ 1,000 സഭകൾ” എന്നതാണ്. പുതിയ ഏരിയകളുടെ രൂപീകരണത്തിലൂടെ ഈ ദർശനം കൂടുതൽ വേഗത്തിൽ സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷ.
കൂടാതെ, മലബാറിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സുവിശേഷകർ പുതിയ ഏരിയകളുടെ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുന്നതിലൂടെ അവരുടെ ശുശ്രൂഷകൾ കൂടുതൽ വിപുലപ്പെടുത്താൻ കഴിയുമെന്നും സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തി.
2026–30 പ്രവർത്തന കാലയളവിൽ ഐ.പി.സി മലബാർ കേരള സ്റ്റേറ്റിലെ സുവിശേഷ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഭകളുടെ വളർച്ചയ്ക്കുമായി നിരവധി നൂതന പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് അറിയിച്ചു.


