ദൈവവചനത്തിലൂടെയുള്ള സ്വഭാവപരിവർത്തനമാണ് ഏറ്റവും വലിയ അത്ഭുതം: പാസ്റ്റർ എസ്. ഏബ്രഹാം
ചാക്കോ കെ. തോമസ്
ദുബൈ:ദൈവവചനം ഒരു വ്യക്തിയുടെ ജീവിതത്തിൽ വരുത്തുന്ന സ്വഭാവപരിവർത്തനമാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ന് ദി പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എസ്. ഏബ്രഹാം (ലാലു ) പ്രസ്താവിച്ചു.
മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്റ്
ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്വന്ഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പഴയനിയമ കാലഘട്ടത്തിൽ യിസ്രായേൽ ജനത്തിന് നഷ്ടപ്പെട്ടതെല്ലാം ദൈവം തിരികെ നൽകി പുനഃസ്ഥാപിച്ചതുപോലെ, ആത്മീയ യിസ്രായേലായ ഇന്നത്തെ വിശ്വാസസമൂഹത്തിന് നഷ്ടപ്പെട്ടുപോയ സകല അനുഗ്രഹങ്ങളും ദൈവം തിരികെ നൽകി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അഡയാർ സെൻ്റർ പാസ്റ്റർ എം. ജോസഫിൻ്റെ പ്രാർഥനയോടെയാണ് സംയുക്ത ആരാധന ആരംഭിച്ചത്.
മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
ദുബായ് ഹെൽത്ത് കെയർ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്രാൻഡ് ഹയാത്ത് ദുബായ് എക്സിബിഷൻ സെൻ്ററിൽ നവം. 12 മുതൽ നടന്ന കൺവെൻഷനിൽ പൊതുയോഗം, ഉപവാസ പ്രാർഥന, കാത്തിരിപ്പ് യോഗം, ഗാനശുശ്രൂഷ, സുവിശേഷയോഗം , സ്നാന ശുശൂഷ, സൺഡേ സ്കൂൾ അധ്യാപകരുടെ മീറ്റിംങ് ,യുവജന മീറ്റിങ് എന്നിവ നടത്തി.
ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽകൈമാ, ജബൽഅലി, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവ്വപ്രദേശങ്ങളിൽ നിന്നും ഇന്ത്യയടക്കം വിദേശ രാജ്യങ്ങളിലെ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളുമായി ധാരാളം ആളുകൾ കൺവെൻഷനിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ എസ്.ക്രിസ്റ്റഫർ എബനേസർ ,
അസി.സെൻ്റർ ഇൻ ചാർജ് എൽഡർ . രാജൻ ജോർജ് എന്നിവരും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകി.
