ന്യൂഡല്‍ഹി: ന്യൂഇയര്‍ ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി നഗരത്തില്‍ ഡല്‍ഹി പൊലിസിന്റെ മിന്നല്‍ ഓപ്പറേഷന്‍. ഒറ്റ രാത്രി കൊണ്ട് നൂറിലധികം സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലിസ് അറിയിച്ചു. ഓപ്പറേഷന്‍ ആഘത് 3.0 എന്ന് പേരിട്ട നടപടിയിലൂടെ തെക്കന്‍ ഡല്‍ഹി, തെക്കുകിഴക്കന്‍ ഡല്‍ഹി ജില്ലകളിലായി 660 പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇവരില്‍ നിന്നും ആയുധങ്ങളും, അനധികൃത മദ്യം, മയക്കുമരുന്ന്, ലക്ഷക്കണക്കിന് പണം എന്നിവ പിടിച്ചെടുത്തതായും ഡല്‍ഹി പൊലിസ് വ്യക്തമാക്കി.
ഉത്സവകാലത്ത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും, നഗരത്തില്‍ സുരക്ഷ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഡല്‍ഹി പൊലിസ് ഓപ്പറേഷന്‍ ആഘത് ആരംഭിച്ചത്. സൗത്ത് ഈസ്റ്റ് ജില്ലയില്‍ നിന്ന് മാത്രം 285 അറസ്റ്റുകള്‍ നടന്നതായി പൊലിസ് പറഞ്ഞു. 2800 ലധികം പേരെ ചോദ്യം ചെയ്തതായും, അറസ്റ്റിലായവവര്‍ക്കെതിരെ ആയുധ നിയമം, എക്‌സൈസ് നിയമം, എന്‍ഡിപിഎസ് നിയമം, ചൂതാട്ട നിയമം എന്നിവയുള്‍പ്പെടെ ചുമത്തിയതായും ഡല്‍ഹി പൊലിസ് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലിസ് (സെക്യൂരിറ്റി) എസ്.കെ ജെയിന്‍ പറഞ്ഞു. കൂടാതെ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് 350ലധികം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
