ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി ഡിസ്ട്രിക് പാസ്റ്റർ ആയത്. അദ്ദേഹത്തെ ആദ്യമായി
ന്യൂയോർക്കിൽ വെച്ചു കണ്ടുമുട്ടുന്നതിനു മുൻപു തന്നെ അനേകം കാര്യങ്ങൾ കേട്ടിരുന്നു. വളരെ ചെറു പ്രായത്തിൽ എന്റെ ഭാര്യ വീട്ടുകാരുടെ സഭയായ ഐപിസി വളഞ്ഞവട്ടം സഭയിൽ പാസ്റ്റർ ആയി എത്തിയതും തുടർന്നു ആ സഭ ശക്തമായി വളർന്നതും എല്ലാം ഞങ്ങളുടെ ഫാമിലി
കൂടിവരവുകളിൽ പലപ്പോഴും പൊങ്ങി വരുമായിരുന്നു. താൻ ആദ്യമായി ന്യൂ യോർക്കിൽ എത്തിയപ്പോൾ ഞങ്ങൾ അന്ന് ആരാധിച്ചു കൊണ്ടിരുന്ന ന്യൂ യോർക്ക് ഗോസ്പൽ അസംബ്ലിയുടെ നേതൃത്വത്തിൽ നടന്ന അനുഗൃഹീത കൺവെൻഷൻ ഇന്നും ഓർക്കുന്നു.
ഞാൻ ആ സമയത്തു ഒരു യുവജന പ്രവർത്തകൻ ആയിരുന്നു. പി വൈ എഫ് എ ആരംഭിക്കാൻ ദൈവം എന്നെ ഉപയോഗിച്ചു കഴിഞ്ഞിരുന്നു. മിനാ മിനിസ്ട്രീസ് എന്ന പേരിൽ ഞങ്ങൾ ഒരു ടീം ആരംഭിച്ചിരുന്നു. എന്റെ ഭാര്യയുടെ വീട്ടുകാർ നല്ല പാട്ട്കാരും സംഗീതജരും ആണ്. സംഗീത സന്ധ്യകളിൽ അവർ പാടും. ഞാൻ പ്രസംഗിക്കും. ചെറിയാച്ചായൻ ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്നു. മടങ്ങുന്നതിനു മുൻപു അദ്ദേഹം എന്നോടു ശുശ്രൂഷയിൽ മുന്നോട്ടു പോകുന്നതിനെ പറ്റിയും ഓർഡിനേഷൻ എടുക്കുന്നതിനെപ്പറ്റിയും സംസാരിച്ചു. 1988 ജനുവരിയിൽ ഞങ്ങളുടെ ടീം കോട്ടയത്തു ക്രിസ്ത്യൻ മ്യൂസിക്ക് ഫെസ്റ്റിവൽ നടത്താൻ ചെല്ലുമ്പോൾ റാന്നി ഡിസ്രിക്ട് കൺവൻഷനിൽ പ്രസംഗിക്കണം എന്നും എന്റെ ഓർഡിനേഷൻ അതോടു ചേർന്നു നടത്താം എന്നും വാക്കും തന്നു.

തുടർന്നുള്ള മാസങ്ങളിൽ ഞങ്ങൾ തമ്മിൽ ബന്ധപ്പെട്ടിരുന്നില്ല. പറഞ്ഞത് അനുസരിച്ചു ഞാൻ റാന്നി ഡിസ്ട്രിക് കൺവൻഷനിൽ പ്രസംഗിക്കാൻ ചെന്നപ്പോൾ ആണ് അറിയുന്നത് അടുത്ത ദിവസം രാവിലെ എന്റെ ഓർഡിനേഷൻ ആണെന്ന്. ചെറിയച്ചായൻ എല്ലാം ക്രമീകരിച്ചിരുന്നു. പിറ്റേന്നു രാവിലെ പാസ്റ്റർ ടി എസ് എബ്രഹാമിന്റെയും പാസ്റ്റർ പി കെ ചാക്കോയുടെയും നേതൃത്വത്തിൽ എന്റെ ഓർഡിനേഷൻ ചെറിയാച്ചായൻ ചെയ്തു തന്നു.
പിന്നീടും ഒരു ആൽമിയ പിതാവിന്റെ സ്ഥാനത്ത് നിന്ന് എനിക്കു നൽകിയ പ്രോത്സാഹനങ്ങൾ ഒരിക്കലും മറക്കാൻ ആവില്ല. കർക്കശക്കാരൻ ആയിരുന്ന ചെറിയാച്ചായൻ കറക്റ്റ് ചെയ്യാനും ഒട്ടും മടി കാണിച്ചിട്ടില്ല.

