ഞാൻ പറയുന്നതും നിങ്ങൾ പറയുന്നതും ഒന്നല്ലല്ലോ?അതിന് കാരണം കാഴ്ചപ്പാടിലെ വ്യത്യാസമാകാം. യോഹന്നാൻ 4:35 ലെപ്രശ്നം അതാണ് . ശിഷ്യന്മാർ പറഞ്ഞതും യേശു പറഞ്ഞതും
വ്യത്യസ്തമാണ് .” നിങ്ങൾ പറയുന്നു ” , ” ഞാൻ പറയുന്നു ” എന്നിങ്ങനെ രണ്ട് വ്യത്യസ്ത കാര്യങ്ങൾ പറയുന്നു .
“ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു ” ( യോഹ 4:35 ) .
ശിഷ്യന്മാർ നോക്കിയപ്പോൾ കൊയ്ത്തിന് നാലു മാസം കൂടി കാത്തിരിക്കണം . എന്നാൽ കർത്താവ് നോക്കിയപ്പോൾ കൊയ്ത്തിന് നിലങ്ങൾ വെളുത്തിരിക്കുന്നു . രണ്ടു പേരും കണ്ടത് രണ്ടായത് , വയൽ രണ്ടായതു കൊണ്ടാണ് . ശിഷ്യന്മാർ നോക്കിയത് ഗോതമ്പ് വയലിലേക്കും , യേശു നോക്കിയത് ആത്മീയ കൊയ്ത്തിൻ്റെ വയലി
ലേക്കുമാണ് . നിങ്ങൾ എവിടേക്ക് നോക്കുന്നുവോ , അവിടുത്തെ
കാര്യങ്ങളാണ്കാണുന്നത് .പ്രശ്നങ്ങളിലേക്ക് മാത്രം നോക്കിയിരി
ക്കുന്നവർ എപ്പോഴും എവിടെയും പ്രശ്നങ്ങൾ കാണും . അവർ
തടസ്സങ്ങൾ കാണുമ്പോൾ മറ്റു ചിലർ അവസരങ്ങൾ കാണും . ശൗൽ ഗോലിയാത്തിൻ്റെ വലിപ്പം കണ്ടപ്പോൾ ,ദാവീദ് ദൈവത്തിൻ്റെ വലിപ്പം
കണ്ടു .രോഗത്തിൻ്റെ പേരും തടസങ്ങളും ഒക്കെ കണ്ട് പിടിച്ച് ഒഴിവ്കഴിവുകൾ പറഞ്ഞ് ആയുസ് നഷ്ടപ്പെടുത്തുന്ന ഒത്തിരിപ്പേർ ഉണ്ട് .ജീവിതം വിലപ്പെട്ടതായി കാണുന്നവർ വാർദ്ധക്യത്തിലും ഫലം കായ്ക്കും . കനാനിലെ മല്ലന്മാരെ നോക്കാതെ , വാഗ്ദത്തം ചെയ്ത ദൈവത്തെ നോക്കാം .
ചിലർക്ക് ഇനിയും നാലു മാസവും നാലു നൂറ്റാണ്ടും കഴിയണം ,
ചിലർക്ക് ഇപ്പോഴാണ് സമയം . ആത്മീയ കൊയ്ത്തിൻ്റെ അടിയന്തിരത ചിലർക്ക് മനസിലാവുന്നില്ല .തല ഉയർത്തി നോക്കിയാൽ കർത്താവ് കാണുന്നതുപോലെ കാണുവാൻ കഴിയും .ഓരോ മനുഷ്യനും ഒരു ആത്മാവാണ് .ഓരോ പ്രദേശവും ഒരു കൊയ്ത്ത്വയലാണ് .
തലകൾ ഉയർത്തുക ,വയൽ കാണുക ,കൊയ്ത്തിന് ഇറങ്ങുക .
ഇതല്ലേ സഭയുടെ ദൗത്യം ?

