38 വർഷമായി കുളത്തിന്റെ കരയിൽ രോഗിയായി കിടക്കുന്ന മനുഷ്യനോട്
യേശു ചോദിച്ച വിചിത്രമെന്ന് തോന്നുന്ന ചോദ്യമാണ് “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” എന്നത്.
സൗഖ്യമാകുവാൻ മനസില്ലാത്ത രോഗികൾ ഉണ്ടോ ?. രോഗാവസ്ഥയിൽ
വളരെക്കാലം ശീലിച്ചവർക്ക് മനസ് മടുത്തു പോകാം. രോഗാവസ്ഥയോട് അവർ പരിചിതരാകും. മറ്റു ചിലർക്ക് സഹതാപ തരംഗം ഒരു സുഖമാണ്. രോഗിയായിരിക്കുമ്പാൾ കിട്ടുന്ന ശ്രദ്ധയും പരിഗണനയും പിന്നീട് കിട്ടില്ല. രോഗാവസ്തയിൽ സഹായിക്കുന്നവർ പിന്നീട് സഹായിക്കില്ല. അപ്പോൾ അധ്വാനിച്ചു ജീവിക്കണം. സ്വന്തം രോഗവും മറ്റുള്ളവരുടെ രോഗവും പരസ്യപ്പെടുത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നവരും ഉണ്ട്. രോഗം ചിലർക്ക് ഒരു വരുമാന മാർഗമാണ്.എന്നാൽ നമ്മുടെ കഥാപുരുഷന്റെ പ്രശ്നം മറ്റൊന്നാണ്..
കഴിഞ്ഞ 38 വർഷമായി അവൻ കണ്ടത് ഒരേ കാഴ്ചയാണ്, ഒരേ രീതി ആണ്.അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും. മറ്റെന്തെങ്കിലും രീതിയിൽ രോഗി സൗഖ്യമാവുന്നത് അവൻ കണ്ടിട്ടില്ല. അവന്റെ പരാതിയും
ശ്രദ്ധേയമാണ “എനിക്ക് വെള്ളത്തിൽ ഇറക്കുവാൻ ആരുമില്ല.”
കുളവും കുളം കലക്കുന്ന ദൂതനുമാണ് അവന്റെ മനസിൽ. കുളത്തിലല്ല സൗഖ്യമെന്നും, യേശുവാണ് സൗഖ്യദായകനെന്നും അവന് അറിഞ്ഞു
കൂടായിരുന്നു. ഇന്നും പലരുടെയും പ്രശ്നം ഇതു തന്നെയാണ്. ചില പ്രത്യക
സ്ഥലത്തും ആളുകളിലുമാണ് അവരുടെ പ്രതീക്ഷ. ഏതൊക്കെയോ രീതികൾക്ക് അവർ അടിമകളാണ്.
യേശു അവനോടു: “എഴുന്നേറ്റു നിന്റെ
കിടക്കഎടുത്തു നടക്ക” എന്നു പറഞ്ഞു.ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്കഎടുത്തു നടന്നു.
അവൻ പ്രതീക്ഷിച്ച ദൂതനല്ല അവനെ സൗഖ്യമാക്കിയത്, പരിചയിച്ച രീതിയിലുമല്ല. ദൈവം എല്ലാവരെയും സൗഖ്യമാക്കുന്നത് ഒരേ രീതിയിലല്ല.
ദൈവം വിവിധ രീതികളിൽ നമ്മോട് ഇടപെടും. കുഷ്ഠരോഗിയായിരുന്ന
നയമാൻ പ്രതീക്ഷിച്ച രീതിയിലല്ലല്ലോ ഏലിശാ അദ്ദേഹത്തെ സുഖമാക്കി
യത്. ദൈവത്തിന് ഒന്നിലധികം വഴികൾ ഉണ്ട്, രീതികൾ ഉണ്ട്. ദൈവത്തിന്റെ കരുതൽ വിവിധ രീതികളിലാണ് നമുക്ക് വെളിപ്പെടുന്നത്.
കുളത്തിലല്ല, കുളക്കരയിൽ നിൽക്കുന്ന യേശുവിനെയാണ് നോക്കേണ്ടത്.
എനിക്കാരുമില്ലായെന്ന് പറഞ്ഞവനെ സഹായിക്കുവാൻ യേശു വന്നു.
ഇന്നും ആരുമില്ലാത്തവർക്കും അവഗണിക്കപ്പെടുന്നവർക്കും യേശുവുണ്ട്.
അവിടുന്ന് അരികിലുണ്ട്. അവിടുന്ന് മനസലിവുള്ള ദൈവമാണ്.ഇനിയും കുളക്കരയിൽ കിടക്ക വിരിച്ച് കിടക്കണ്ട. പുതിയൊരു ജീവിതം യേശു വാഗ്ദാനം ചെയ്യുന്നു.

