വീണ്ടും ജനനത്തെക്കുറിച്ചു യേശുവും നിക്കോദിമോസുമായി
നടന്ന സംഭാഷണത്തെക്കുറി
ച്ചാണല്ലോ നാം ചിന്തിച്ചു കൊണ്ടിരുന്നത് . മോശെ മരുഭൂമിയിൽ ഉയർത്തിയ പിച്ചള സർപ്പത്തെക്കുറിച്
യേശു പറയുകയുണ്ടായല്ലോ .
മരുഭൂമിയിൽ സർപ്പത്തിൻ്റെ കടിയേറ്റവർക്ക് നോക്കി സൗഖ്യമാകുവാനാണ് ,മരണം ഒഴിവാകുവാനാണ് പിച്ചള സർപ്പത്തെ ഉയർത്തിയത് .യേശു ക്രിസ്തുവിൻ്റെ ക്രൂശ് മരണത്തിലൂടെ ,വിശ്വാസത്താൽ നമുക്കു ലഭിക്കുന്ന രക്ഷയെ ചൂണ്ടി കാണിക്കുന്ന ഒരു സംഭവം ആയിരുന്നുവല്ലോ
ഉയർത്തപ്പെട്ട സർപ്പം .
ഉയർത്തപ്പെട്ട പിച്ചള സർപ്പത്തെ സൂക്ഷിച്ചുവച്ച് ആരാധിക്കുവാനുള്ളതല്ലായിരുന്നു .
കാലക്രമേണ പിച്ചള സർപ്പം ( നെഹുഷ്ഠാൻ ) ആരാധനാ വസ്തുവായി മാറി .ജനം ഇതിന് ധൂപം കാട്ടുവാൻ തുടങ്ങി .ദൈവം
പറഞ്ഞിട്ടാണ് ഇതിനെ ഉണ്ടാക്കിയത് .ഒരു സമയത്തേക്ക് ഇത് ആവശ്യവും ഉപകാരപ്രദവും ആയിരുന്നു .എന്നാൽ ഇതിനെ
സൂക്ഷിച്ച് വച്ച് ആരാധിക്കുവാൻ തുടങ്ങിയത് പാപം ആണ് .
നീക്കികളയേണ്ടതിനെ തക്ക സമയത്ത് നീക്കിയില്ലെങ്കിൽ പിന്നീട് അത് ആചാരമായും ആരാധനയായും മാറും .ഒരിക്കൽ ഉപയോഗിക്കപ്പെട്ടതിനെയോ ,ഉപയോഗിക്കപ്പെട്ടവരെയോ ആരാധിക്കുന്നത്
പാപം തന്നെയാണ് .
ക്രൂശ് , യേശുവിനെ ക്രൂശിക്കുവാൻ ഉപയോഗിച്ചതാണ് . എന്നാൽ
കുരിശ് ഒരു ആരാധനാ വസ്തുവായി മാറുമ്പോൾ അത് വിഗ്രഹാരാധനയാണ് .ഒരു കാലഘട്ടത്തിൽ ദൈവത്തിനായി പ്രയോജനപ്പെട്ട വ്യക്തികൾ ഉണ്ട് . എന്നാൽ അവരുടെ മരണശേഷം അവരെ
ആരാധിക്കുന്നതും , അവരോട്പ്രാർത്ഥിക്കുന്നതും , കല്ലറയിൽ ആരാധിക്കുന്നതുമെല്ലാം വിഗ്രഹാരാധനയാണ് . സുവിശേഷ
വിഹിത സഭകളിൽ ഇതൊന്നും ഇല്ലായെന്ന് പറയുമെങ്കിലും
ഇവിടെയും നെഹുഷ്ഠാൻമാർ ഉണ്ടു് .എല്ലാ വ്യക്തിപൂജയും
വിഗ്രഹാരാധനയാണ് .നമ്മൾ വിഗ്രഹങ്ങൾ ഉണ്ടാക്കി ഉപയോഗി
ക്കാറില്ലെങ്കിൽ മനസിൽ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ ഉണ്ടു് .ചിലരെ കാണുമ്പോഴും കേൾക്കുമ്പോഴും ചിലർക്ക് പ്രത്യേക ഉണർവ്
ഉണ്ടാവാറുണ്ടല്ലോ ?പ്രയ്സ് ദ ലോർഡും ഗ്ലോറിയുമൊക്കെ അപ്പോൾ മാത്രം ഉറക്കെ പറയും . അതൊക്കെ വ്യക്തി പൂജയാണ്.
ആരാധനക്ക് സംഗീതം ഉപയോഗിക്കാം .എന്നാൽ സംഗീതത്തെ
ആരാധിക്കുമ്പോഴും ,ചില പാട്ടുകാരെ ആരാധിക്കുമ്പോഴും മനസിലെ നെഹുഷ്ഠാൻ പുറത്തു വരികയാണ് .
ഹിസ്കീയാവു രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തഞ്ച് വയസു മാത്രമായിരുന്നു .അദ്ദേഹമാണ് നെഹുഷ്ടാനെ ഉടച്ചു
കളഞ്ഞത് .കാലങ്ങളായി മറ്റാരും ചെയ്യുവാൻ മടിച്ച കാര്യം ഒരു
ചെറുപ്പക്കാരൻ ചെയ്തു . നെഹുഷ്ടാനെ പൂജിക്കുന്നത് കാലങ്ങളായി പൂർവികർ ചെയ്തു വന്നതാണ് .ഇതിനെയും
“പിതാക്കന്മാർ ഇട്ട അതിരിൽ ” ഉൾപ്പെടുത്തിയവർ ഉണ്ടാവാം .
ആര് തുടങ്ങിയതായാലും വേണ്ടാത്തതിനെയെല്ലാം ഉടച്ചുകളയുവാൻ യൗവനക്കാർ എഴുന്നേൽക്കണം .
“അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു ” ( 2 രാജാ 18:3, 4).
അത് മോശ ഉണ്ടാക്കിയതായതു കൊണ്ട് സൂക്ഷിച്ചു വെക്കേണ്ട.
അന്ന് അത് ആവശ്യമായിരുന്നു .
ഇന്ന് അത് ആവശ്യം ഇല്ല . അത്
ഉടച്ചു കളയണം .ആരാധന ദൈവത്തിന് മാത്രമുള്ളതാണ് .
കുരിശിനെയും ,മരിച്ചു പോയവരെയും ആരാധിക്കുമ്പോൾ അത്
നെഹുഷ്ടാനെ ആണ് ഓർമിപ്പിക്കുന്നത് ..
ആരംഭം ഉദ്ദേശ ശുദ്ധിയോടെയായതു കൊണ്ട് അത് തുടരേണ്ടതല്ല .മതപരമായ ചിഹ്നങ്ങളോ ,പാരമ്പര്യങ്ങളോ ,
അനുഭവങ്ങളോ , നേതാക്കന്മാരോ ആരാധിക്കപ്പെടേണ്ടതല്ല .
പുറത്തെയും മനസിലെയും വിഗ്രഹങ്ങൾ ഉടയാതെ ഉണർവ്
ഉണ്ടാവുകയില്ല .
ഹിസ്കിയാവ് ജനത്തെ ആരാധനക്ക് ഉത്സാഹിപ്പിക്കുക മാത്രമല്ല ,യഥാർത്ഥ ആരാധനക്ക് തടസമായതിനെ നീക്കുക കൂടെയാണ് ചെയ്തത് . ഇതാണ് യഥാർത്ഥ ഉണർവ് …
