യേശുക്രിസ്തുവിനെപ്പറ്റി പ്രവചനാത്മാവിൽ രചിക്കപ്പെട്ട സങ്കീർത്തനങ്ങളെ മശിഹാ സങ്കീർത്തനങ്ങൾ എന്ന് വിളിക്കുന്നു. ഈ പേരിൽ അറിയപ്പെടുന്ന 19 സങ്കീർത്തനങ്ങളിൽ ആദ്യത്തേതാണ് രണ്ടാം സങ്കീർത്തനം. ദൈവത്തിന്റെ അഭിഷിക്തനായ മശിഹായുടെ അന്തിമ വിജയത്തെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയനിയമത്തിൽ സംഖ്യാ സൂചന നൽകി പറഞ്ഞിരിക്കുന്ന ഏക സങ്കീർത്തനവും ഇതാണ് (അപ്പൊ.പ്രവൃ. 13:33). രണ്ടാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അഭിഷിക്തൻ എന്ന പദം എബ്രായ ഭാഷയിൽ മശിഹാ എന്നും ഗ്രീക്കു ഭാഷയിൽ ക്രിസ്തു എന്നുമാണ്. എബ്രായർ 1:5ലും 5:5 ഈ വാക്യത്തിന്റെ ഉദ്ധരണി കാണാം. വെളിപ്പാട് 19 :19 ലും 19: 15 ലും ഈ സങ്കീർത്തനത്തിലെ ആശയങ്ങളാണ് വിവരിച്ചിരിക്കുന്നത്(2:2, 2:9,10). മശിഹായുടെ രണ്ട് വിശേഷണങ്ങൾ ഈ സങ്കീർത്തനത്തിൽ ഉണ്ട്. യഹോവയുടെ അഭിഷിക്തൻ എന്നും ദൈവത്തിന്റെ പുത്രൻ എന്നും (വാക്യം2,7).
ഈ സങ്കീർത്തന രചനയുടെ ചരിത്രപശ്ചാത്തലം വ്യക്തമല്ല എങ്കിലും യഹൂദയിൽ അഭിഷേകം ചെയ്യപ്പെട്ട രാജാവിനെതിരെ പ്രഭുക്കന്മാരും നാടുവാഴികളും ഗൂഢാലോചന നടത്തുന്നതിന്റെ പരാമർശം കാണാം. ദാവീദിന്റെയോ ശലോമോന്റെയോ സ്ഥാനാരോഹണമായിരിക്കണം ഇതിന്റെ സന്ദർഭം എന്ന് വേദ പഠിതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
ഒരു സംഗീത നാടകത്തിന്റെ ശില്പ ഭംഗിയിലാണ് രണ്ടാം സങ്കീർത്തനം രചിച്ചിരിക്കുന്നത്. പന്ത്രണ്ടു വാക്യങ്ങൾ മൂന്നു വാക്യങ്ങൾ വീതമുള്ള നാലു ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. 1-3 വരെ ഭൂമിയിലെ അധിപതികളുടെ ആലോചനകളും പ്രവൃത്തികളുമാണ് വിവരിക്കുന്നത്. 4-6 വരെ പിതാവായ ദൈവത്തിന്റെ പ്രതികരണം കാണാം. 7-9 വരെ അഭിഷിക്തനായ രാജാവിനെപ്പറ്റി പറയുന്നു. 10-12 വരെ ഭരണകർത്താക്കളോടുള്ള പരിശുദ്ധാത്മാവിന്റെ കല്പനയാണ്.
ഒന്നാം ഭാഗത്ത് ജാതികളുടെ കലഹത്തിന്റെ ശബ്ദമാണ് ഉയരുന്നത്. ദൈവത്തിന്റെ അഭിഷിക്തനെതിരെയാണ് അവർ കലഹമുണ്ടാക്കുന്നത്. അവരുടെ നിരൂപണങ്ങൾ വ്യർത്ഥമാണ്.ദൈവത്തിന്റെ സർവാധിപത്യത്തിന്റെ കയറുകൾ പൊട്ടിക്കണം എന്നാണ് അവർ ചിന്തിക്കുന്നത്. ദൈവാധിപത്യത്തിൽ നിന്നു സ്വതന്ത്രരാകാനുള്ള ആഗ്രഹമാണിത്. ലോകത്ത് എവിടെയുമുള്ള ലൗകിക മനുഷ്യരുടെ ചിന്തയാണിത്. അവർ ദൈവത്തിനും ദൈവത്തിന്റെ അഭിഷിക്തനും വിരോധമായി എഴുന്നേൽക്കുന്നു.(വാ. 1-3).
രണ്ടാം ഭാഗത്ത് ദൈവത്തിന്റെ ശബ്ദം കേൾക്കാം. ദൈവത്തിനെതിരെ മനുഷ്യൻ പദ്ധതി ഒരുക്കുന്നതു കണ്ട് ദൈവം ചിരിക്കുന്നു. ഭൂമിയിലെ അധാർമികതയും അനീതിയും കണ്ട് ദൈവം മൗനമായിരിക്കുന്നില്ല. അവിടുന്ന് ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കുകയും മശിഹായെ രാജാവായി വാഴിക്കുകയും ചെയ്യുന്നു. ഭൂമിയിലെ ഒരു ശക്തിക്കും ദൈവത്തിനെതിരെ മത്സരിക്കുവാൻ സാധ്യമല്ല. കർത്താവിന്റെ സഭയെ ജയിക്കുവാൻ പാതാള ഗോപുരങ്ങൾക്കു കഴിയുകയില്ല. തന്റെ അഭിഷിക്തനെ അവിടുന്ന് ദ്രവത്വം കാണുവാൻ അനുവദിക്കുകയില്ല.(വാ. 4 – 6).
മൂന്നാം ഭാഗത്ത് ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്ന് ദൈവപുത്രനെപ്പറ്റി പറയുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ സ്നാന സമയത്തും മറുരൂപമലയിലും നാം ഈ ശബ്ദം കേൾക്കുന്നു. മശിഹായെ രാജാവായി വാഴിച്ച ദൈവം, സകല ജാതികളെയും അവന് അവകാശമായി നല്കി. ക്രിസ്തുവിന്റെ രാജ്യം സർവ്വവ്യാപകമായ രാജ്യമാണ്. അവന്റെ ആധിപത്യത്തിന് അവസാനമില്ല. അവൻ ഇരുമ്പുകോൽ കൊണ്ട് ജാതികളെ ഭരിക്കുകയും ദൈവാധിപത്യം അംഗീകരിക്കാത്തവരെ കുശവന്റെ കൈയിലെ പാത്രം പോലെ ഉടെയ്ക്കുകയും ചെയ്യും. ദൈവപുത്രൻ വിശുദ്ധ പർവതമായ സീയോനിൽ വാഴും.സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമിയുടെ അറ്റം വരെയും അവർ ഭരിക്കും (സങ്കീ.72:8; സെഖ. 9:10). മശിഹായുടെ സാർവത്രിക ഭരണത്തെപ്പറ്റിയാണ് ഈ ഭാഗം പഠിപ്പിക്കുന്നത്. (വാ.7-9).
നാലാം ഭാഗം അവസാന ഉപദേശമാണ്. പരിശുദ്ധാത്മാവിന്റെ ശബ്ദമാണ് ഇവിടെ കേൾക്കുന്നത്. രാജാക്കന്മാരോടും അധിപതികളോടും കലഹിക്കുന്നവരോടും അഭിഷിക്തനു വിരോധമായി എഴുന്നേൽക്കുന്നവരോടും പരിശുദ്ധാത്മാവു സംസാരിക്കുന്നു. രാജാക്കന്മാരോട് ബുദ്ധി പഠിക്കുവാനും ഉപദേശം ക്കൈക്കൊള്ളുവാനും ആഹ്വാനം ചെയ്യുന്നു. ദൈവത്തെ ഭയത്തോടെ സേവിക്കുവാനാണ് ഉപദേശം. ജീവിത യാത്രയിൽ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിക്കണം. ചുബിക്കുക എന്നതിനു പാദംവന്ദിക്കുക എന്ന് മൂലഭാഷയിൽ അർഥമുണ്ട്. സമ്പൂർണ അനുസരണവും വിധേയത്വവുമാണ് ഇതു സൂചിപ്പിക്കുന്നത് (യെശ. 49:23; ശമൂ.10:1). കർത്താവിനെ ശരണം പ്രാപിക്കുന്നവർ ഭാഗ്യവാന്മാർ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നാലാം ഭാഗം അവസാനിക്കുന്നത്.(വാ.10-12).
മനുഷ്യന്റെ ആലോചനകളും ദൈവത്തെ നിഷേധിച്ചുള്ള പ്രയത്നങ്ങളും വ്യർത്ഥമാണ്. അവന്റെ പ്രതാപം അസ്തമിക്കും. നേട്ടങ്ങൾ തകരും. എന്നാൽ സർവ്വാധികാരിയായ ദൈവപുത്രനെ ചുംബിച്ച് അനുസരിക്കുന്നവൻ നശിച്ചുപോകയില്ല. ദൈവത്തിനും തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കും എതിരായ കലഹങ്ങളും പ്രതികൂലങ്ങളും ദൈവം അറിയുന്നു. ആത്യന്തികവിജയം ദൈവജനത്തിനായിരിക്കും.
