യോഹന്നാൻ്റെ സുവിശേഷം രണ്ടാം അധ്യായം 14 മുതൽ 16 വരെ വാക്യങ്ങളിൽ ,യേശു ദൈവാലയത്തിൽ നിന്നും കച്ചവടക്കാരെയും
പക്ഷികളെയും ആടുമാടുകളെയും പുറത്താക്കിയ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു .
“ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിൽക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു, കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വിൽക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു ( യോഹ 2:14-16 ).
യേശു ദൈവാലയത്തെ പിതാവിൻ്റെ ആലയം എന്നാണ് വിളിച്ചത്.
ഇതേ ദൈവാലത്തിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് ശേഷം യേശു വീണ്ടും കച്ചവടക്കാരെ പുറത്താക്കുന്നുണ്ടു ( മത്തായി 21:12, 13 ) .
ആദ്യം പുറത്താക്കപ്പെട്ട കച്ചവടക്കാർ വീണ്ടും അകത്ത് കയറി .
പിതാവിൻ്റെ പ്രാർത്ഥനാലയം കള്ളന്മാരുടെ ഗുഹ ആയി .
ഇവിടെ കച്ചവടക്കാരും പുരോഹിതന്മാരുമായി എന്തോ ഡീൽ
( ഇടപാട് ,ഒത്തുതീർപ്പ് ) ഉണ്ടായിരുന്നുവെന്ന് വ്യക്തം. രണ്ടു കൂട്ടർക്കും ലാഭകരമായ ഒരു രഹസ്യ കൂട്ടുകെട്ട് ഉണ്ടായിരുന്നു .
കേരളത്തിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും ഡീൽ ആരോപണം ശക്തമായി ഉന്നയിക്കപ്പെടുന്നു. ബി ജെ പി യുമായി ഇടതിനും വലതിനും ഡീൽ ഉണ്ടെന്ന് പരസ്പരം ആരോപിക്കുന്നു .
എല്ലാ ഡീലുകൾക്കും രഹസ്യ സ്വഭാവവും അധാർമിക കൂട്ടുകെട്ടും
ഉണ്ടു് . സ്വന്തം ലാഭത്തിനു വേണ്ടി മറ്റുള്ളവരെ വിഡികൾ ആക്കി കൊണ്ടു് മുഖം മൂടികൾ ധരിക്കുന്നു. മനുഷ്യരെ കബളിപ്പിക്കാം .
എന്നാൽ എല്ലാ ഡീലുകളും ദൈവം അറിയുന്നു . രാഷ്ട്രീയത്തിൽ
മാത്രമല്ലല്ലോ ഡീലുകൾ . സഭകളിലും വസ്തുക്കൾ മേടിക്കുമ്പോഴും,കെട്ടിടംപണിയിലും , കൺവൻഷനുകളിലും ,
നിയമനങ്ങളിലും ഒക്കെ ഇടനിലക്കാർ ഡീൽ നടത്തുന്നതായി
കേൾക്കാറുണ്ട് . കേൾവിയാണേ ,എൻ്റെ പക്കൽ തെളിവില്ല. എന്നാൽ യെരുശലേം ദൈവാലയത്തിൽ ഒരു ഡീൽ ഉണ്ടായിരുന്നു .
ആരാധകരുടെ ആവശ്യാനുസരണം നല്ല ഉദ്ദേശ്യത്തോടെയാണ്
ദൈവാലയത്തിന് പുറത്ത് ആട് കച്ചവടം തുടങ്ങിയതെന്ന്
പറയപ്പെടുന്നു .നല്ല ഉദ്ദേശ്യത്തോടെ തുടങ്ങിയ പലതും പിന്നീട്
അധികാര കേന്ദ്രങ്ങളും ,അഴിമതിയുടെ ഇരിപ്പിടങ്ങളായും മാറാറു
ണ്ടല്ലോ ? ദൂരസ്ഥലങ്ങളിൽ നിന്നും ദൈവാലയത്തിൽ യാഗത്തിനു വരുന്നവർ ദൂരെ നിന്നും ആടുമാടുകളെ കൊണ്ടുവരുന്നത് ബുദ്ധി
മുട്ടായിരുന്നു .അവരുടെ സൗകര്യത്തിനു വേണ്ടി ആലയത്തിനു
സമീപത്തു നിന്നും ആടുമാടുകളെ വാങ്ങുവാൻ ചന്തകൾ തുടങ്ങി .
പിന്നീട് മറ്റു നാണയങ്ങൾ മാറുവാനുള്ള സൗകര്യവും ഉണ്ടായി .
എന്നാൽ ക്രമേണ കച്ചവടം തഴച്ചു വളർന്നു . പുറത്തെ കച്ചവടം
അകത്താക്കി . പുറത്തു നിന്നും ആരാധകർ കൊണ്ടുവരുന്ന ആടു മാടുകളെ പരിശോധിച്ചിട്ട് അവയെ ഊനമുള്ളതായി പറഞ്ഞു. പകരം പുരോഹിതന്മാർ പറയുന്ന കടയിൽ നിന്നും ആടുമാടുകളെ
കൂടുതൽ വില നൽകി വാങ്ങേണ്ടി വന്നു .ഇവിടെ പുരോഹിതനും കച്ചവടക്കാരനും തമ്മിൽ ഒരു ഡീൽ ഉണ്ടായിരുന്നു .ആടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ഡീൽ ഉണ്ടായിരുന്നു .
സ്കൂളുകാരും യൂണിഫോം തുണി വിൽക്കുന്ന കടക്കാരനും തമ്മിൽ ഡീൽ ഉണ്ട് . ഡോക്ടറും ലാബ് നടത്തിപ്പുകാരും തമ്മിൽ ഡീൽ ഉണ്ടെന്ന് പറയപ്പെടുന്നു . ചില മരുന്നുകൾ കുറിക്കണമെങ്കിൽ മെഡിക്കൽ റെപ്പുമായി ഡീൽ ഉണ്ടെന്ന് പറയപ്പെടുന്നു .ചില ഓഫീസുകളിൽ കാര്യം സാധിക്കണമെങ്കിൽ ഡീൽ ഉണ്ടു് . വോട്ടിനും ഡീലുകൾ ചിലയിടത്ത് ഉണ്ട് . ഇടനിലക്കാർ നേട്ടം ഉണ്ടാക്കുന്നുമുണ്ട് . അഴിമതി എന്നു പറഞ്ഞാൽ ഒരു ഗുമ്മില്ല ,ഡീൽ നല്ല വാക്കായി മാറി .
രാഷ്ടീയക്കാരും ഭരണക്കാരും ഒക്കെ ഡീൽ ഉണ്ടാക്കുന്നത്
മനസിലാകും . എന്നാൽ ദൈവാലയത്തിൽ , സഭയിൽ നിന്നും ഡീലർമാരെ പുറത്താക്കേണ്ട കാലം കഴിഞ്ഞു .
ആലയത്തെക്കുറിച്ച് എരിവുണ്ടായിരുന്ന യേശു കച്ചവടക്കാരെ
പുറത്താക്കി. എന്നാൽ കച്ചവടക്കാർ ആരാധകരെ പുറത്താക്കാൻ
തുടങ്ങിയാലോ ?
എല്ലാ ഡീലുകളും അശുദ്ധമല്ല ,നല്ലഡീലുകളുംഉണ്ടു് . വേണ്ട ,
അധാർമിക ഡീലുകൾ വേണ്ട .
