ഉല്പത്തി പുസ്തകം വെറും സൃഷ്ടിയുടെ ചരിത്രമല്ല; അത് മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രവർത്തിക്കുന്ന ദൈവശക്തികളുടെ പ്രഖ്യാപനമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം സൃഷ്ടിച്ച ദൈവം, പാഴും ശൂന്യവുമായ അവസ്ഥകളെ സംരക്ഷിക്കുകയും പുനഃസൃഷ്ടിക്കുകയും ഒടുവിൽ പുനരുത്ഥാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ ദൈവശക്തികൾ ഇന്നും നമ്മുടെ ജീവിതത്തിൽ സജീവമാണ്.
1. ദൈവശക്തി – ഇല്ലായ്മയിൽ നിന്നുള്ള അത്ഭുതങ്ങൾ
“ആദിയിൽ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു.”
ഈ വാക്യം ദൈവത്തിന്റെ സർവ്വശക്തിയുടെ ആദ്യപ്രഖ്യാപനമാണ്. ഒന്നുമില്ലായ്മയിൽ നിന്ന്, ശൂന്യതയിൽ നിന്ന്, ദൈവം സകലവും സൃഷ്ടിച്ചു. മനുഷ്യന്റെ കണക്കിൽ ഒന്നുമില്ല എന്ന് തോന്നുന്നിടത്താണ് ദൈവത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.
നമ്മുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ്. പ്രതീക്ഷകൾ അവസാനിച്ചതായി തോന്നുന്ന ഇടങ്ങളിൽ, വഴികൾ അടഞ്ഞു പോയെന്ന് നമുക്ക് തോന്നുന്ന ശൂന്യതകളിൽ, ദൈവം പുതിയത് സൃഷ്ടിക്കുവാൻ ശേഷിയുള്ളവനാണ്. “ഇനി ഒന്നുമില്ല” എന്ന നിങ്ങളുടെ വിലയിരുത്തൽ ദൈവത്തിന്റെ അവസാന വാക്കല്ല. അതിനാൽ ഭയപ്പെടരുത്. സൃഷ്ടിക്കുന്ന ദൈവശക്തിയിൽ വിശ്വസിക്കുക. നിങ്ങൾ ഇതുവരെ കാണാത്ത പുതിയ ചിലത് ദൈവം നിങ്ങള്ക്കായി ഒരുക്കുകയാണ്.
2. സംരക്ഷിക്കുന്ന ദൈവശക്തി – പാഴായ അവസ്ഥകളിലും കൈവിടാത്ത ദൈവം
ഉല്പത്തി ഒന്നാം അധ്യായം പറയുന്നു: ഭൂമി പാഴും ശൂന്യവുമായിരുന്നു. എങ്കിലും ആ ഭൂമിയെ ദൈവം നശിപ്പിച്ചു കളഞ്ഞില്ല. പരിശുദ്ധാത്മാവ് അതിന്റെ മീതെ പരിവർത്തിച്ചു, അതിനെ കാവൽ ചെയ്തു. കാരണം ദൈവത്തിന് ആ ഭൂമിയെക്കുറിച്ച് ഒരു ദിവ്യപദ്ധതി ഉണ്ടായിരുന്നു.
നിങ്ങളുടെ ജീവിതത്തിലെ പരാജയങ്ങൾ, തകർച്ചകൾ, അപമാനങ്ങൾ — ഇവയൊന്നും നിങ്ങളുടെ അവസാനമല്ല. നിങ്ങൾ “പാഴായി പോയി” എന്ന് കരുതുന്ന അവസ്ഥകളിലും ദൈവത്തിന്റെ സംരക്ഷണകൈ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ജീവിതം തകർന്നു പോകുമെന്ന ഭയം വേണ്ട. ദൈവം നിങ്ങളുടെ പാഴായ അവസ്ഥകളെയും പരിപാലിക്കുന്നവനാണ്. നിങ്ങൾ ഉപേക്ഷിച്ച സ്വപ്നങ്ങളെക്കുറിച്ചും ദൈവത്തിന് ശുഭപ്രതീക്ഷകളുണ്ട്.
3. പുനഃസൃഷ്ടിക്കുന്ന ദൈവശക്തി – ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക്
പാഴും ശൂന്യവുമായ ഭൂമിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നു. എന്നാൽ അവിടെയാണ് ദൈവം തന്റെ അത്ഭുതപ്രവർത്തനം ആരംഭിച്ചത്. “വെളിച്ചമുണ്ടാകട്ടെ” എന്ന ദൈവവചനത്തിന്റെ ശക്തിയിൽ, ഇരുള്‍ കീറിമാറി വെളിച്ചം ഉദിച്ചു. നഷ്ടമായതും ഇല്ലാതിരുന്നതുമെല്ലാം ദൈവം തന്റെ വാക്കാൽ സൃഷ്ടിച്ചു.
ഇത് നമ്മുടെ ജീവിതത്തെയും കുറിച്ചുള്ള സന്ദേശമാണ്. ഇരുള്‍ മൂടിയ അനുഭവങ്ങൾ, നഷ്ടങ്ങൾ, തകർച്ചകൾ — ഇവയെല്ലാം ദൈവത്തിന്റെ വചനത്താൽ മനോഹരമാക്കപ്പെടും. നിങ്ങളുടെ ശൂന്യതകളെ ദൈവം നിറയ്ക്കുവാൻ പോകുകയാണ്. ദൈവം കൈവിടാത്തിടത്ത് പ്രതീക്ഷ അവസാനിക്കുന്നില്ല. പുനഃസൃഷ്ടിക്കുന്ന ദൈവശക്തി ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
4. പുനഃസൃഷ്ടിക്കുന്ന ദൈവശക്തി – മരണത്തിൽ നിന്നു ജീവനിലേക്ക്
ഉല്പത്തി മൂന്നാം അധ്യായത്തിൽ, പാപത്തിൽ മരിച്ച മനുഷ്യനു വേണ്ടി ദൈവം ഒരു പ്രത്യാശ പ്രഖ്യാപിച്ചു: ഒരു സ്ത്രീയുടെ സന്തതി വരും. ആ വാഗ്ദത്തത്തിന്റെ നിറവേറലായിരുന്നു യേശുക്രിസ്തു. യേശു പാപത്തിൽ മരിച്ച മനുഷ്യനു ആത്മീയ പുനരുത്ഥാനം നൽകി.
ഇത് മാത്രമല്ല; ഒടുവിൽ നമ്മുക്ക് ഒരു ശാരീരിക പുനരുത്ഥാനവും ലഭിക്കുവാൻ പോകുന്നു.
മരണം അവസാനവാക്കല്ല. തോൽവി അന്തിമതീരുമാനം അല്ല. ദൈവത്തിന്റെ പുനരുത്ഥാനശക്തി മനുഷ്യചരിത്രത്തെയും വ്യക്തിജീവിതത്തെയും മാറ്റിമറിക്കുന്ന ശക്തിയാണ്.
ഉല്പത്തി പുസ്തകം നമ്മോട് പറയുന്നത് ഇതാണ്:
ദൈവം സൃഷ്ടിക്കുന്നു, സംരക്ഷിക്കുന്നു, പുനഃസൃഷ്ടിക്കുന്നു, ഒടുവിൽ പുനരുത്ഥാനത്തിലേക്ക് നയിക്കുന്നു.
നിങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തായാലും, ദൈവത്തിന്റെ കഥ അവിടെ അവസാനിക്കുന്നില്ല. ദൈവത്തിന്റെ വിധിശക്തികൾ നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിശ്വസിക്കുക. പ്രതീക്ഷിക്കുക. ദൈവം നിങ്ങളിൽ ഒരു പുതിയ തുടക്കം കുറിക്കുവാൻ പോകുന്നു.
