യുദ്ധവും യുദ്ധശ്രുതികളും കേൾക്കുമ്പോൾ അരുമനാഥൻ്റെ വരവ് വാതിൽക്കലായി എന്ന ചിന്ത നമ്മുടെ പ്രത്യാശ വർദ്ധിപ്പിക്കട്ടെ!
പശ്ചിമേഷ്യയിൽ അശാന്തിയുടെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് യു എസ്-യിസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധം ലോകത്തെ ആശങ്കയുടെ മുൾമുനയിലാക്കിയിരിക്കുന്നു. യുദ്ധത്തിൽ ഇതിനകം നൂറ് കണക്കിനാളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. സൈനിക ആക്രമണങ്ങൾ എല്ലാ രാജ്യന്തര മര്യാദകളും ലംഘിച്ച് നിർബാധം തുടരുകയാണ്. യുദ്ധങ്ങൾ സമാധാനം പുലരാനുള്ള മാർഗമല്ല മറിച്ച് മനുഷ്യന് ഒരിക്കലും ഉണങ്ങാത്ത തീരാദുരന്തങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുളളത്. ഉക്രെയ്നും ഗാസയുമൊക്കെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് കരളലയിക്കുന്ന കണ്ണീർ കഥകളാണ്.
പശ്ചിമേഷ്യയിലെ യു എസ് സേനാതാവളങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമങ്ങൾ തുടരുന്നത് ഗൾഫ് മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ആയിരക്കണക്കിന് പ്രവാസികൾ വിമാനത്താവളങ്ങളിൽ ഇപ്പോഴും കടുങ്ങിക്കിടയുകയാണ്. ചില വിമാന സർവീസുകൾ ആരംഭിച്ചെങ്കിലും പൂർവ്വസ്ഥിതിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഹോർമൂസ് കടലിടുക്ക് ഇറാൻ പൂർണ്ണമായി അടച്ചതോടെ എണ്ണ വിതരണത്തിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. യുദ്ധം തുടർന്നാൽ ഉത്പാദന വിതരണ ശൃഘലകൾ തകരുയകയും ആഗോള സാമ്പത്തിക പ്രതിസന്ധി കാരണമാവുകയും ചെയ്യും. യു കെ യും യുദ്ധത്തിൽ പങ്കുചേർന്നിരിക്കുകയാണ്. ലോകശക്തികൾക്കിടയിലെ ധ്രൂവീകരണം വർദ്ധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണം ആവുകയും ചെയ്യും.
ഇസ്ളാമിക തീവ്രവാദം ലോകസമാധാനത്തിന് വെല്ലുവിളിയാണെങ്കിലും അമേരിക്കൻ പ്രസിഡൻ്റ് റൊണാൾഡ് ട്രംമ്പ് മനുഷ്യാവകാശങ്ങളെ ഹനിച്ചുകൊണ്ട് നടത്തുന്ന യുദ്ധങ്ങൾ ആശാസ്യമല്ല. ഇറാനെതിരെ നടത്തുന്ന സൈനിക നടപടികളെ പ്രതിപക്ഷ പാർട്ടിയായ ഡമോക്രാറ്റുകൾ എതിർക്കുകയാണ്. നയതന്ത്രങ്ങളിലുടെ പ്രശ്‌നപരിഹാരത്തിന് രാഷ്ട്രത്തലവൻമാർ ശ്രമിക്കണം. അടിക്കുന്നവരും തിരിച്ചടിക്കുന്നവരും സമാധാനം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തെ കാണാതെ പോകരുത്. അക്ഷരമുറ്റത്ത് നിരപരാധികളായ കുരുന്നുകളുടെ ജീവൻ പൊലിഞ്ഞതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാൻ പാടില്ല.
യുദ്ധം ഒന്നിനും പരിഹാരമല്ല. ലോകത്ത് സമാധാനം പുലരട്ടെ! അതിനായി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വം വിനിയോഗിക്കാൻ വിശ്വാസം സമൂഹം തയ്യാറാകണം. യുദ്ധവും യുദ്ധശ്രുതികളും കേൾക്കുമ്പോൾ അരുമനാഥൻ്റെ വരവ് വാതിൽക്കലായി എന്ന ചിന്ത നമ്മുടെ പ്രത്യാശ വർദ്ധിപ്പിക്കട്ടെ!
