പറന്തൽ :സഭയും വിശ്വാസികളും ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് പ്രസംഗിക്കേണ്ടതെന്നും അതായിരിക്കണം നമ്മുടെ ശുദ്ധീകരിക്കുവാനും നീതികരിക്കുവാനും ഉള്ള കാരണമാണെന്ന ഓർമ്മ എപ്പോഴും നമ്മെ ഭരിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു പ്രസ്താവിച്ചു. പറന്തൽ എ ജി കൺവൻഷൻ നഗറിൽ നടക്കുന്ന ജനറൽ കൺവൻഷൻ്റെ അഞ്ചാം ദിനരാത്രിയിലെ പൊതുയോഗത്തിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു ഡോ.ഐസക് വി.മാത്യു. ക്രൂശിലൂടെ ക്രിസ്തു നമ്മെ വീണ്ടെടുത്തു എന്നും പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും മനുഷ്യരെ വീണ്ടെടുക്കുവാൻ ക്രിസ്തു ക്രൂശിൽ ജീവൻ ബലിയർപ്പിച്ച ഓർമ്മ നമ്മളിൽ ആവേശവും അത് ദർശനത്തിലേക്കും ദൗത്യത്തിലേക്കും നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രത്യേക അതിഥിയായിരുന്നു. ക്രിസ്തു നല്കിയ സമാധാനം തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാന അനുഭവമാണെന്നും തൻ്റെ പുതിയ ആശയങ്ങൾ ഒക്കെ യേശു തന്നോട് പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്ത ആശയങ്ങൾ പലപ്പോഴും തകരാറുണ്ടെന്നും എന്നാൽ യേശുവിൻ്റെ ആശയവും അവിടുന്ന് നല്കുന്ന സമാധാനവും ഒരിക്കലും തകർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിനു.വി.എസ് അദ്ധ്യക്ഷനായിരുന്നു. കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജെ.എം.രജീഷ് സന്ദേശം നല്കി. ബൈബിൾ സൊസൈറ്റി കേരള സെക്രട്ടറി ജേക്കബ് ആൻ്റണി കൂടത്തിങ്കൽ ആശംസാ സന്ദേശം നല്കി.
സിസ്റ്റർ ബീന ക്രിസ്റ്റഫർ, ബ്രദർ ജോയിക്കുട്ടി, അടിമാലി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വിനോദ് വി.എസ്, കറുകച്ചാൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.ജെ.എബ്രഹാം എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു. പാസ്റ്റർ ജോൺ മാത്യു നേതൃത്വം നല്കുന്ന എ ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു.കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാജി ജോർജ് പ്രാരംഭ പ്രാർത്ഥനയും അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു സമാപന പ്രാർത്ഥനയും നടത്തി.
പുനലൂർ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന് പ്രിൻസിപ്പാൾ ഡോ.ജെയിംസ് ജോർജ് വെൺമണി, അലൂമ്നി അസോസിയേഷൻ പ്രസിഡൻ്റ് പാസ്റ്റർ ടി.വി.തങ്കച്ചൻ, സെക്രട്ടറി പാസ്റ്റർ ബിജുദാനം, ട്രഷറാർ പാസ്റ്റർ ഐജു എന്നിവർ നേതൃത്വം നല്കി.
രാവിലെ പത്തിന് നടന്ന ഡിപ്പാർട്ട്മെൻ്റ് സമ്മേളനങ്ങൾക്ക് റാന്നി ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സി.വി.എബ്രഹാം അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ ജെ.ജോൺസൻ, ചാൾസ് ഗുണശീലൻ, പി.ബേബി, ജോമോൻ കുരുവിള എന്നിവർ പ്രസംഗിച്ചു.
പതിനൊന്നിന് നടന്ന പ്രത്യേക സമ്മേളനത്തിൽ പാസ്റ്റർ ജോർജ് വർഗീസ് അദ്ധ്യക്ഷനായിരുന്നു.പാസ്റ്റർ പി.എം.ജോയി പ്രസംഗിച്ചു.
ഉച്ചയ്ക്ക് രണ്ടിന് നടന്ന വികസന സമ്മേളനത്തിൽ തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ.എസ്.സാമുവേൽ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ നിറ്റ്സൺ കെ.വർഗീസ്, റ്റി.എ.വർഗീസ്, കെ.നന്നു, ജോൺസൻ സാമുവേൽ, സന്തോഷ് ജോൺ സിസ്റ്റർ മേരിക്കുട്ടി ജോസ് എന്നിവർ പ്രസംഗിച്ചു.
