ഡൽഹി: നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്ന് വ്യക്തമാക്കി സിജെപി നേതൃത്വം. മതനിരപേക്ഷ ജനകീയ കൂട്ടായ്മയായി പ്രവർത്തനം തുടരാനാണ് സംഘടനയുടെ തീരുമാനം. സംഘടനയെ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വം സ്വീകരിക്കാൻ കഴിയുന്ന ക്യു.ആർ കോഡും പുറത്തിറക്കി.
സിജെപിയുടെ പേരിൽ ഫണ്ട് ശേഖരണം നടത്തുന്നില്ലെന്നും അത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്നും സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ മുതൽ രാജ്യവ്യാപക പര്യടനം സംഘടിപ്പിക്കാനും സിജെപി തീരുമാനിച്ചിട്ടുണ്ട്. ‘ക്യാ ബോൽത്തി പബ്ലിക്’ എന്ന പേരിലാണ് ദേശീയതല ക്യാംപെയ്ൻ സംഘടിപ്പിക്കുക. രാജ്യത്തെ വിവിധ സാമൂഹിക കൂട്ടായ്മകളെയും പ്രസ്ഥാനങ്ങളെയും ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമെന്ന് നേതൃത്വം അറിയിച്ചു.
സംഘടനയുടെ ദേശീയ കൺവീനറായി അഭിജീത് ദീപ്കെയെ നിയമിച്ചു. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ കോ-കൺവീനർമാരാകും. രാജ്യത്തെ അഞ്ച് മേഖലകളായി വിഭജിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക കൺവീനർമാരെ നിയോഗിച്ചാണ് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുക.
