ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ച പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന ആഘാതം എന്തൊക്കെയെന്ന് തുറന്ന് പറയാന്‍ എഐ കമ്പനികളോട് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ലണ്ടന്‍ ക്ലൈമറ്റ് ആക്ഷന്‍ വീക്കില്‍ സംസാരിക്കവെയാണ് 2030 ഓടെ ഡാറ്റാ സെന്ററുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എത്രത്തോളമെന്ന് കമ്പനികള്‍ പരസ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
ആഗോളതലത്തില്‍ വര്‍ധിച്ച് വരുന്ന എഐ വിപ്ലവവും ഫോസില്‍ ഇന്ധനങ്ങളിലുള്ള അമിത ആശ്രയത്വവുമാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതെന്ന് ഗുട്ടറസ് ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധികള്‍ വ്യത്യസ്തമായി തോന്നാമെങ്കിലും, ഇവയുടെയെല്ലാം വിനാശകരമായ ഉത്ഭവം ഒന്നാണ്, ഫോസില്‍ ഇന്ധനങ്ങള്‍. അതുകൊണ്ടുതന്നെ ഇതിനുള്ള പരിഹാര മാര്‍ഗം ശുദ്ധമായ ഊര്‍ജ്ജ സ്രോതസുകളിലേക്കുള്ള വേഗതയേറിയതും നീതിപൂര്‍വ്വവുമായ മാറ്റമാണെന്ന് അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
2050 ഓടെ കാര്‍ബണ്‍ ഉദ്വമനം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഏഴിന കര്‍മ്മപദ്ധതിയും യു.എന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവും അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന വാതകങ്ങളുടെ അളവും തുല്യമാക്കുന്ന അവസ്ഥയാണിത്.
