ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് ആഗോളതലത്തിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെ ഇന്ത്യ വോട്ട് ചെയ്തു. മെക്സിക്കോ അവതരിപ്പിച്ച പ്രമേയത്തെ 133 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയുൾപ്പെടെ 33 രാജ്യങ്ങൾ എതിർത്തു. 16 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വെള്ളിയാഴ്ച ചേർന്ന 193 അംഗ യു.എൻ പൊതുസഭയിലാണ് പ്രമേയം വോട്ടിനിട്ടത്. ബഹ്റൈൻ, ചൈന, ഈജിപ്ത്, ഇറാൻ, ഇറാഖ്, ജപ്പാൻ, കുവൈത്ത്, മാലദ്വീപ്, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കെപ്പം പ്രമേയത്തെ എതിർത്തു.
വധശിക്ഷ നടപ്പാക്കുന്നതിന് താൽക്കാലിക മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും ഇതിലൂടെ വധശിക്ഷ പൂർണമായി നിർത്തലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങൾ അത് വീണ്ടും പുനഃസ്ഥാപിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

