ഓട്ടവ∙ കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്. അടുത്തിടെ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കാർ കാനഡയിൽ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികൾ അദ്ദേഹം എടുത്തുപറഞ്ഞത്.
‘‘ഇവിടെ ഇന്ത്യക്കാർക്ക് കാനഡ സുരക്ഷിതമാണോ? കാനഡ സ്വയം സുരക്ഷിതമാണോ? ഈ പ്രശ്നം സൃഷ്ടിക്കുന്നത് കാനഡക്കാരാണ്. നിങ്ങൾ കാനഡയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്നുണ്ടോ? വാൻകൂവറിൽ ഒരു റെസ്റ്റോറന്റിന് നേരെ മൂന്നാം തവണയും ആക്രമണം ഉണ്ടായി. ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് നേരെ വെടിവയ്പ്പ് നടന്നു. ഇന്ത്യക്കാർ ഇവിടെ സുരക്ഷിതരല്ലെന്ന് തോന്നുന്നു. അവരുടെ സുരക്ഷിതത്വം നമ്മൾ ഉറപ്പാക്കേണ്ടതുണ്ടോ? ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർക്ക് സംരക്ഷണം ആവശ്യമില്ല, പക്ഷേ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് സംരക്ഷണം ആവശ്യമാണ്’’ – ദിനേഷ് പട്‌നായിക് അഭിമുഖത്തിൽ പറഞ്ഞു.
