ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം കനക്കുന്നതിനിടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്കും പിന്നാലെ ഉണ്ടായ തിരിച്ചടികളുടെയും പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു.
ഞായറാഴ്ചയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ‘മധ്യേഷ്യയിലെ സ്ഥിതിഗതികള്‍’ യോഗം അഭിസംബോധന ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ഫ്രാന്‍സ് ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഇറാന്‍ യുഎന്നിന് കത്തയച്ചു. ലോക സമാധാനത്തിനായി ഇടപെടണം. യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഇറാന്റെ നിലപാട്. ആക്രമണം അവസാനിക്കും വരെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് തുടരുമെന്നും ഇറാന്‍ യുഎന്നിന് അയച്ച കത്തില്‍ വ്യക്തമാക്കി.
യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു. ആറോളം രാജ്യങ്ങളിലേക്കാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അബുദാബിയില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെടുകയും ചെയ്തു. ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഇതോടെ മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിക്കുകയും ചെയ്തു.
