ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതില്‍ നിന്ന് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകാരം നല്‍കിയതോടെ ബില്‍ ഇനി അന്തിമാനുമതിക്കായി രാഷ്ട്രപതിയുടെ മുന്നിലെത്തും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ആവശ്യമായ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.
പേരുമാറ്റത്തിനുള്ള നിര്‍ദേശത്തിന് 2026 ഫെബ്രുവരി 24 നാണ് കേന്ദ്ര മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിച്ചപ്പോള്‍ മുതല്‍ മലയാളത്തില്‍ കേരളം എന്നും ഇംഗ്ലീഷില്‍ കേരള എന്നും ഉപയോഗിച്ചു വന്നിരുന്നതിനാണ് ഇതോടെ വിരാമമാകുന്നത്.
അതേസമയം പേരുമാറ്റം സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. സെക്രട്ടേറിയറ്റ് മുതല്‍ താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസുകള്‍ വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും ബോര്‍ഡുകള്‍, സീലുകള്‍, ലെറ്റര്‍ പാഡുകള്‍, ഔദ്യോഗിക ലോഗോകള്‍ എന്നിവ മാറ്റേണ്ടി വരും. കൂടാതെ ഗസറ്റുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഔദ്യോഗിക രേഖകള്‍ പുതിയ പേരില്‍ പുനരച്ചടിക്കേണ്ടി വരുന്നത് ഭരണതലത്തില്‍ വലിയ ജോലികള്‍ക്കും ചെലവുകള്‍ക്കും വഴിതുറക്കും
