‘ഒരു നല്ല മാധ്യമ പ്രവർത്തകനാകാൻ എന്താണ് വേണ്ടത്?’ — ജോസ് പനച്ചിപ്പുറം | ‘ആശയ വിനിമയത്തിന്റെ പുതുവഴികൾ’ — ജോർജ് കോശി
കോട്ടയം: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസിന്റെ രണ്ടാം ദിനമായ ഇന്ന് (സെപ്റ്റംബർ 11) പ്രമുഖ എഴുത്തുകാരനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തും.
‘ഒരു നല്ല മാധ്യമ പ്രവർത്തകനാകാൻ എന്താണ് വേണ്ടത്?’ എന്നതാണ് വിഷയം. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ജോർജ് കോശി മൈലപ്ര ‘ആശയ വിനിമയത്തിന്റെ പുതുവഴികൾ’ എന്ന വിഷയം അവതരിപ്പിക്കും. റീത്ത മാനുവൽ സിൽവേര ഗാനങ്ങൾ ആലപിക്കും.
വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ഗ്രന്ഥകാരനുമായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം അധ്യക്ഷത വഹിക്കും. ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ് പ്രമേയം അവതരിപ്പിക്കും.
ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ. ഇന്ത്യ, ഗൾഫ്, യു.എസ്.എ., കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയകാംക്ഷികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.
Zoom ID: 837 9397 2727
Passcode: 2026


