ചിലരുടെ ജീവിത രേഖ കാലത്തിന്റെ ഒഴുക്കിൽ മറഞ്ഞുപോകുന്നില്ല. അവ ഉയർത്തിപ്പിടിച്ച സത്യങ്ങളിലൂടെയും പകർന്നു നൽകിയ ആത്മീയ വെളിച്ചത്തിലൂടെയും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. അത്തരമൊരു ജീവിതത്തിനുടമയായിരുന്നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ. കെ. ചെറിയാൻ.
പ്രശസ്ത കൺവൻഷൻ പ്രഭാഷകൻ, വേദാധ്യാപകൻ, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ, ദീർഘകാലം ഐ.പി.സി. റാന്നി വെസ്റ്റ് സെന്ററിന്റെ ശുശ്രൂഷകൻ എന്നീ നിലകളിൽ അദ്ദേഹം നിർവഹിച്ച സേവനങ്ങൾ പെന്തക്കോസ്ത് സമൂഹത്തിന് വിലപ്പെട്ട ആത്മീയ പൈതൃകമാണ്. ആലപ്പുഴ, എറണാകുളം, വാളകം, റാന്നി തുടങ്ങിയ വിവിധ സെന്ററുകളിൽ അദ്ദേഹം ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
വചനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ മുഖമുദ്ര. പ്രസംഗവേദികളിൽ കേൾവിക്കാരെ ആകർഷിക്കുന്ന വാക്കുകൾക്കപ്പുറം, തിരുവചനത്തിന്റെ സത്യങ്ങൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ സവിശേഷത. ദൈവവചനത്തെ അറിയുക മാത്രമല്ല, അതിന്റെ വെളിച്ചത്തിൽ ജീവിതത്തെ ക്രമീകരിക്കണമെന്നും വിശ്വാസത്തെ ഉറപ്പിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
കൺവൻഷൻ പ്രസംഗങ്ങളിലും വേദപഠന ക്ലാസുകളിലും അദ്ദേഹം നൽകിയ സംഭാവനകൾ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. വിശുദ്ധജീവിതം, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങൾ, തിരുവചനത്തിന്റെ ആഴത്തിലുള്ള പഠനം എന്നിവയ്ക്ക് അദ്ദേഹം നൽകിയ പ്രാധാന്യം അനേകരുടെ ആത്മീയ വളർച്ചയ്ക്ക് സഹായകമായി.
ദൈവവചനത്തെ ഗൗരവത്തോടെ പഠിക്കുകയും പഠിച്ച സത്യങ്ങളെ മറ്റുള്ളവർക്ക് പകർന്നുനൽകുകയും ചെയ്ത ഒരു വേദാധ്യാപകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. വേദാധ്യാപകന്റെ യഥാർഥ മഹത്വം അറിവിന്റെ വ്യാപ്തിയിൽ മാത്രമല്ല, ആ അറിവിലൂടെ മറ്റുള്ളവരുടെ ആത്മീയജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റത്തിലാണ്. ആ അർഥത്തിൽ പാസ്റ്റർ കെ. കെ. ചെറിയാന്റെ ശുശ്രൂഷ അനേകർക്ക് പ്രചോദനമായി തുടരുന്നു.
ഒരു പ്രസംഗകന്റെ ശബ്ദം നിശ്ശബ്ദമാകാം; എന്നാൽ അദ്ദേഹം പ്രസംഗിച്ച വചനത്തിന്റെ ശബ്ദം നിശ്ശബ്ദമാകുന്നില്ല. ഒരു അധ്യാപകന്റെ ഭൗതികസാന്നിധ്യം ഇല്ലാതാകാം; എന്നാൽ അദ്ദേഹം പകർന്നുനൽകിയ സത്യങ്ങൾ പഠിതാക്കളുടെ ജീവിതങ്ങളിൽ തുടർന്നും പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേർപാട് ഒരു വ്യക്തിയുടെ വേർപാട് മാത്രമല്ല, പെന്തക്കോസ്ത് സമൂഹത്തിന്റെ ആത്മീയ ഓർമകളിലെ ഒരു പ്രധാന അധ്യായത്തിന്റെ വിടവാങ്ങൽ കൂടിയാണ്.
നമുക്ക് ലഭിച്ച ദൈവവിളിയോട് നാം എത്രത്തോളം വിശ്വസ്തരാണ്? നാം പഠിച്ച വചനം അടുത്ത തലമുറയ്ക്ക് പകർന്നുനൽകാൻ എത്രത്തോളം ശ്രദ്ധിക്കുന്നു? നമ്മുടെ ശുശ്രൂഷകൾക്ക് പിന്നിൽ ദൈവത്തെ മഹത്വപ്പെടുത്താനുള്ള ആഗ്രഹമാണോ നിലകൊള്ളുന്നത്? തുടങ്ങിയ കാര്യങ്ങൾ ഈ അവസരത്തിൽ നാം ചിന്തിക്കുന്നത് ഉചിതമായിരിക്കും.
പാസ്റ്റർ കെ കെ ചെറിയാൻ് സ്വർഗീയധ്വനി കുടുംബത്തിൻ്റെ ഉറ്റമിത്രം ആയിരുന്നു. അദ്ദേഹത്തിൻ്റെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.

