നന്ദിയുള്ള ഹൃദയത്തിൽ നിന്ന് അനുസ്യൂതം പ്രവഹിക്കുന്ന സ്ത്രോത്ര കീർത്തനമാണിത്. ദാവീദിനെ ഉപദ്രവിച്ചിരുന്നവർ പരാജയപ്പെട്ടു. അവന്റെ പോരാട്ടങ്ങൾ ശാന്തമായി.
ഈ മനോഹരമായ ഗാനം 2 ശമൂവേൽ 22-ലും കാണാം. ഇത് ദാവീദ് രാജാവ് തന്റെ ശത്രുക്കളുടെ മേൽ നേടിയ വിജയത്തെ ആഘോഷിക്കുന്നു. വിജയിച്ച മറ്റ് യുദ്ധങ്ങൾക്ക് നന്ദി പറയുന്നതിനായി ദാവീദിന്റെ പിൻഗാമികളായ രാജാക്കന്മാർ ഇത് ആലപിച്ചിരിക്കാം.
ആമുഖസ്തുതി (18:1-3)
ദൈവത്തോടുള്ള സ്നേഹത്തിന്റെ വൈകാരികമായ പ്രകടനമാണ് ഈ ഭാഗം. “ എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന ആദ്യവാക്യം 2 ശമൂവേൽ 22 ൽ ഇല്ല. ദൈവം ദാവീദിന് ആരാണ് എന്ന് തുടർന്നുള്ള ഭാഗങ്ങൾ വ്യക്തമാക്കുന്നു. ദൈവം ദാവീദ് രാജാവിന് “എന്റെ ശക്തി, കോട്ട, എന്റെ പാറ, എന്റെ രക്ഷകൻ എന്റെ പരിചയും എന്റെ കോട്ടയും, എന്റെ ദൈവവും” ആയിരുന്നു. ഈ ഉജ്ജ്വലമായ രൂപകങ്ങളിലൂടെ, അവൻ തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. യോദ്ധാവായ രാജാവ് തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയും ദൈവത്തിന് വിടുതലിനും വിജയങ്ങൾക്കും മഹത്വം നൽകുകയും ചെയ്തു.
ദിവ്യ വിടുതലിനുള്ള നന്ദി (18:4-30)
രാജാവ് സഹായത്തിനായി നിലവിളിച്ചു (വാക്യങ്ങൾ 4-6). മരണപാശത്താൽ അവൻ ഏതാണ്ട് വലയിലായി. മരണത്തിന്റെ കയറുകൾ അവന് ഒരു വല പോലെയായിരുന്നു. പ്രവാഹങ്ങളോ തിരമാലകളോ അവനെ കീഴടക്കി നശിപ്പിക്കാൻ പോകുന്നു. ദൈവം “തന്റെ മന്ദിരത്തിൽ നിന്ന് ” നിലവിളി കേട്ടു. “മന്ദിരം” എന്നതുകൊണ്ട് ദാവീദ് രാജാവ് അർത്ഥമാക്കുന്നത് ദൈവം വസിക്കുന്ന സ്വർഗ്ഗമായിരിക്കണം. പിൽക്കാല രാജാക്കന്മാർ ഇതിനെ യരൂശലേമിലെ ശലോമേന്റെ ദൈവാലയത്തെക്കുറിച്ചുള്ള ഒരു പരാമർശമായി കണ്ടിരിക്കാം.
ശക്തിയുടെയും വിടുതലിന്റെയും ശക്തമായ പ്രകടനത്തിലൂടെ സ്വർഗ്ഗം അവന്റെ അപേക്ഷയ്ക്ക് മറുപടി നൽകി (വാക്യം. 7-19). ദൈവം അധികാരത്തിൽ വന്നു: ഒരു ഭൂകമ്പം (വാക്യം. 7), തീ (വാക്യം. 8), ഇരുണ്ട കൊടുങ്കാറ്റ്, മേഘങ്ങൾ (വാക്യം. 9-11), ഒരു വലിയ കൊടുങ്കാറ്റ് (വാക്യം. 12-15) എന്നിവയ്ക്കിടയിൽ ദൈവം മറുപടി നൽകി.ദൈവം കാറ്റിലും കൊടുങ്കാറ്റിലും മേഘങ്ങളിലും സഞ്ചരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവന്റെ അമ്പുകൾ മിന്നൽപ്പിണരുകളായിരുന്നു (വാക്യം. 14). ശക്തമായ കാറ്റ് അവന്റെ നാസാരന്ധ്രങ്ങളിൽ നിന്നുള്ള ശ്വാസമായി കാണപ്പെട്ടു (വാക്യം. 15).അത് ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപെടുന്നതായിരുന്നു.
ശക്തമായ കൊടുങ്കാറ്റ് പുറജാതീയരുടെ ഹൃദയങ്ങളിൽ ഭീതി ഉളവാക്കി. എന്നാൽ സങ്കീർത്തനക്കാരനായ രാജാവ് അതിനെ ദൈവത്തിന്റെ ശക്തമായ വിടുതലിന്റെ പ്രതീകമായി കണ്ടു. അദ്ദേഹത്തിന്, കൊടുങ്കാറ്റ് ഭയവും ആത്മവിശ്വാസവും ഉളവാക്കി. “അവൻ ഉയരത്തിൽ നിന്നുകൈ നീട്ടി എന്നെപിടിച്ചു, പെരുവെള്ളത്തിൽ നിന്നു തന്നെ വലിച്ചെടുത്തു……… അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു” (വാക്യം. 16-19).
രാജാവ് ദൈവത്തിന്റെ വിടുതലിനെ തന്റെ ധാർമ്മിക വിശുദ്ധിക്കും വിശ്വസ്തതയ്ക്കുമുള്ള പ്രതിഫലമായി കണ്ടു (വാക്യം. 20-24). ധാർമ്മികമായി ജീവിക്കുന്നവർക്ക് ദൈവം പ്രതിഫലം നൽകുകയും വക്രതയുള്ളവരെയും അഹങ്കാരികളെയും ശിക്ഷിക്കുകയും ചെയ്യുന്നു (വാക്യങ്ങൾ 25-27). നല്ലതും ചീത്തയുമായകാര്യങ്ങൾക്ക് ദൈവം അളവിന് അളവ് നൽകുന്നു. നിങ്ങൾ നൽകുന്നതെന്തോ അത് നിങ്ങൾക്ക് ലഭിക്കും. നമ്മൾ ഒരു ധാർമ്മിക പ്രപഞ്ചത്തിലാണ് ജീവിക്കുന്നത്. ഇത് പഴയനിയമത്തിലെ അടിസ്ഥാന വിശ്വാസമാണ്.
വിജയാഘോഷത്തിന്റെ ഒരു ഗീതം (18:31-48)
രാജാവ് വ്യക്തിപരമായി വിജയത്തിന്റെ ഉറവിടം വ്യക്തിപരം എന്നു പറയുന്നതിനു പകരം വിജയകാരണം ദൈവമാണെന്ന് അംഗീകരിച്ചു. കർത്താവ് മാത്രമാണ് ദൈവം (വാക്യം 31). ഈ ദൈവം രാജാവിനെ അരക്കെട്ട് കെട്ടി, പർവതങ്ങളുടെ ഉയരങ്ങളിൽ മാൻ കാലുകൾ ഉള്ളതുപോലെ സുരക്ഷിതനാക്കി നിർത്തുന്നു.(വാക്യം 33-38).
യുദ്ധത്തിൽ രാജാവ് തന്റെ പങ്ക് നിർവഹിച്ചു (വാക്യം 37-38). എന്നാൽ ശത്രുക്കളുടെമേൽ വിജയം നൽകിയത് ദൈവമാണെന്ന് അദ്ദേഹത്തിന് തോന്നി (വാക്യം 39-41). പരാജിതരായ രാഷ്ട്രങ്ങൾ രാജാവിന്റെ പരമാധികാരം അംഗീകരിച്ചു എന്നതായിരുന്നു അന്തിമഫലം (വാക്യം 43-45). അവർ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു.
രാജാവ് കർത്താവിന് നന്ദിയുള്ള സ്തുതിഗീതം ആലപിച്ചു (വാക്യങ്ങൾ 46-48). ദൈവം തന്റെ പാറയും (അവന്റെ പ്രതിരോധവും) രക്ഷയുമാണെന്ന് തെളിയിച്ചു.
രാജാവിന്റെ സ്തുതിഗീതം (18:49-50)
ജനതകളുടെ ഇടയിൽ ദൈവത്തിന് സ്തുതി പാടുമെന്ന് ദാവീദ് വാഗ്ദാനം ചെയ്തു. ജാതികളുടെ രക്ഷ എന്ന നിലയിൽ ദൈവത്തിന്റെ ഉദ്ദേശ്യം കാണിക്കാൻ പൗലൊസ് ഈ വാക്യം ഉദ്ധരിക്കുന്നുണ്ട്(റോമ. 15:9).
മിശിഹൈക പരാമർശത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത് (വാക്യം 50). അഭിഷിക്തൻ എന്ന വാക്കിന്റെ അർത്ഥം “മിശിഹാ” എന്നാണ്. രാജാക്കന്മാർ ദൈവത്തിന്റെ അഭിഷിക്തരായിരുന്നു.
ദൈവത്തെ സ്നേഹിക്കുന്നു എന്ന പ്രസ്താവനയോടെ ആരംഭിക്കുന്ന ഈ ഗീതം അഗാധമായ പ്രശ്നങ്ങളിൽ നിന്നു ഭക്തനെ വിടുവിക്കുന്നതിന്റെ സാക്ഷ്യമാണ്. ദൈവത്തിൽ ആശ്രയിക്കുന്നവനെ ദൈവം ഏതു വലിയ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നു. ദൈവത്തിന്റെ സഹായത്തിനും വിടുതലിനും സ്തോത്രം അർപ്പിക്കുന്ന ഒരു കൃതജ്ഞതാ ഗീതവുമാണിത്.
