സംഗീത പ്രമാണിക്ക് ദാവീദ് അഷ്ടമരാഗത്തിൽ എഴുതിയതാണ് പന്ത്രണ്ടാമത്തെ സങ്കീർത്തനം. അഷ്ടമരാഗത്തിന് ഷെമിനിത്ത് (sheminith)എന്ന് എബ്രായ ഭാഷയിൽ പറയുന്നു. ഇതിനർഥം എട്ടാമത്തേത് എന്നാണ്. എട്ടു തന്ത്രികളുള്ള ഒരുതരം വീണ (lyre) ഉപയോഗിച്ച് പാടുന്നതിനെ ഇതു സൂചിപ്പിക്കുന്നു എന്നു കരുതാം. ആറാം സങ്കീർത്തനവും അഷ്ടമരാഗത്തിൽ പാടേണ്ടതാണ്. ഇത് സംഗീതശാസ്ത്രപരമായി താഴ്ന്ന സ്വരത്തിൽ (bass) പാടേണ്ടതാണെന്നു കാണാം. ഗൗരവതരവും വിലാപ സ്വഭാവമുള്ളതുമായ ഗാനങ്ങളാണ് അഷ്ടമരാഗത്തിൽ പാടുന്നത്.
ശൗൽ ദാവീദിനെ ഉപദ്രവിച്ചിരുന്ന കാലത്തായിരിക്കണം ഇതിന്റെ രചന. ഒരു പക്ഷേ, നീതിമാനും സത്യനിഷ്ഠയുള്ളവനുമായ ഒരു വ്യക്തിയുടെ വേർപാടിന്റെ ദുഃഖത്തിൽ രചിച്ചതുമാകാം. വിശ്വസ്തർക്കും ഭക്തന്മാർക്കും നേരിടുന്ന പ്രതിസന്ധിയും സാമൂഹികമായ മൂല്യത്തകർച്ചയും സങ്കീർത്തനക്കാരനെ വേദനിപ്പിക്കുന്നു. എന്നാൽ എല്ലാ ധാർമിക അധപ്പതനത്തിന്റെയും നടുവിൽ തന്റെ ഭക്തന്മാരെ ദൈവം സൂക്ഷിക്കും എന്ന ഉറപ്പ് എഴുത്തുകാരനുണ്ട്.
തിന്മയുടെ കാലത്തെ നന്മയുടെ ചിന്തകൾ എന്ന വിശേഷണമാണ് സി.എച്ച്. സ്പർജൻ ഈ സങ്കീർത്തനത്തിനു നല്കിയിട്ടുള്ളത്. ഇരുട്ടിനെ പ്രതിരോധിക്കുവാൻ വെളിച്ചമാണാവശ്യം. വെളിച്ചം ഉള്ളിടത്ത് ഇരുട്ടിനു സ്ഥാനമില്ല. ആത്മീയതയുടെ വെളിച്ചം കുറയുന്ന ഈ കാലഘട്ടത്തിൽ ഭക്തിയുടെ പ്രകാശമാകുകയും ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത ദൈവവചനം പ്രഘോഷിക്കപ്പെടുകയുമാണാവശ്യം.
ഈ സങ്കീർത്തനം ഒരു വാചാടോപ (chiasmus/rhetoric) ശൈലിയിലാണ് രചിച്ചിരിക്കുന്നത്. വാചകത്തിന്റെ രണ്ടാം ഭാഗത്തിലെ വാക്കുകളുടെ ക്രമം വിപരീതമാക്കുന്ന
പ്രയോഗരീതിയാണിത്. ആദ്യത്തെയും അവസാനത്തെയും വാക്യങ്ങളിൽ “മനുഷ്യപുത്രന്മാർ” എന്ന പ്രയോഗം അടങ്ങിയിരിക്കുന്നു, ഈ രണ്ട് വാക്യങ്ങളുടെയും അടിസ്ഥാന ഉള്ളടക്കം സമാന്തരമാണ്. രണ്ടാമത്തെ വാക്യം ദുഷ്ടന്മാരുടെ വാക്കുകളെ വിവരിക്കുമ്പോൾ, ആറാമത്തെയും ഏഴാമത്തെയും വാക്യങ്ങൾ കർത്താവിന്റെ ശുദ്ധമായ വാക്കുകളെ വിവരിക്കുന്നു. മധ്യ വാക്യങ്ങൾ (3, 4, 5) ദൈവം ദുഷ്ടന്മാരുടെ മേൽ പകരുന്ന ശിക്ഷയെയും അവിടുന്ന് അടിച്ചമർത്തപ്പെട്ടവർക്ക് നൽകുന്ന വിടുതലിനെയും ചിത്രീകരിക്കുന്നു. എബ്രായ കവിതയിലെ വിശിഷ്ട രചനാ ശൈലി ഇവിടെ കാണാം. “പ്രശ്നവും വിശ്വാസവും” വിഭാഗത്തിലാണ് ഈ ഗീതം ഉൾപ്പെടുന്നത്. ഘടനയിൽ അത് “പ്രശ്നം-വിശ്വാസം-പ്രശ്നം” എന്ന രീതിയിൽ ആണ്.
മൂന്നാം വാക്യത്തിൽ അധരങ്ങളെയും നാവിനെയും ഛേദിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നു. വാസ്തവത്തിൽ, പുരാതന ലോകത്ത് കുറ്റവാളികളുടെ ചുണ്ടുകൾ മുറിക്കുന്നതും നാവുകൾ മുറിക്കുന്നതും ഒരു പീഡന രീതിയായിരുന്നു. 5-ാം വാക്യത്തിന്റെ അവസാനം വരെ വായുടെ പരാമർശം കാണാം. അതേസമയം ദുഷ്ടൻ ദൈവവുമായി തന്നെത്തന്നെ കുഴപ്പത്തിലാക്കുന്ന രീതിയിൽ വ്യാജം സംസാരിക്കുന്നു, അടിച്ചമർത്തപ്പെട്ടവൻ അവന്റെ നീതിയെ പിന്തുടരുന്നു.സാമൂഹികമായ ഒരു അസന്തുലിതാവസ്ഥ ഇവിടെയുണ്ട്. ഭക്തന്മാർ ഇല്ലാതെ പോകുന്നു, വിശ്വസ്തന്മാർ കുറഞ്ഞു പോകുന്നു.
ഈ സങ്കീർത്തനത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാം
വ്യാജം പറയുന്നവരിൽ നിന്നുള്ള മോചനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു (വാക്യം 1-4).
ശത്രുക്കളിൽ നിന്ന് ദൈവം രക്ഷിക്കുമെന്ന ഉറപ്പ് ( വാക്യം 5 – 8).
ഒന്നാം ഭാഗത്ത് സമകാലിക തലമുറയിൽ ദുഷ്ടതയും വ്യാജവും ദൈവസന്നിധിയിൽ കൊണ്ടുവന്ന് രക്ഷയ്ക്കുവേണ്ടി അപേക്ഷിക്കുന്നു. ഭക്തിയും വിശ്വസ്തതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഭക്തൻ വിശ്വസ്തനും ആയിരിക്കണം. ഇപ്പോൾ ഭക്തന്മാരും വിശ്വസ്തന്മാരും കുറയുന്നു. സത്യസന്ധതയും പരമാർത്ഥതയും ഇല്ലാത്തവർ വർദ്ധിക്കുന്നു. ഈ കാലത്തും ഇതു യാഥാത്ഥ്യമാണ് എന്നു മാത്രമല്ല, വിശ്വസ്തതയില്ലാത്ത ഭക്തന്മാരുടെ എണ്ണവും വർദ്ധിക്കുന്നു.
വ്യാജം പറയുന്നവർ അവരുടെ നാവ് ബലമാണെന്ന് പ്രശംസിക്കുന്നു. നാവ് ഉപയോഗിച്ച് വ്യാജത്തിലുടെ വിജയിക്കും എന്നവർ ചിന്തിക്കുന്നു. ഇന്ന് സത്യത്തെക്കാൾ വ്യാജമാണ് പ്രചരിക്കുന്നത്. അതുകൊണ്ടാണ് ഈ കാലത്തെ സത്യാനന്തരകാലം എന്നു വിളിക്കുന്നത്.
രണ്ടാം ഭാഗം ദൈവവചനത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു. മനുഷ്യന്റെ വചനവും ദൈവത്തിന്റെ വചനവും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം.
ദൈവത്തിന്റെ രക്ഷയിലുള്ള ഉറപ്പോടും വിശ്വാസത്തോടും കൂടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. ദൈവജനത്തിന്റെ സംരക്ഷണം ഭൗതിക സ്വാധീനങ്ങളിലല്ല, ദൈവത്തിലാണ്. ദൈവത്തെ നിന്ദിക്കുന്നവർ ശിക്ഷിക്കപ്പെടും എന്നും സങ്കീർത്തനക്കാരൻ പറയുന്നു.
ദുഷ്ടന്മാർ എല്ലായിടത്തും ഉണ്ടെന്നും നല്ല മനുഷ്യരെ കണ്ടെത്താൻ കഴിയില്ലെന്നുമാണ് സങ്കീർത്തനക്കാരന്റെ പരാതി. ഏലീയാവിന്റേതിന് സമാനമായ ഒരു മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ദൈവത്തിന് ഇപ്പോഴും 7,000 പേർ ഉണ്ടായിരുന്നപ്പോൾ, താൻ മാത്രമാണ് വിശ്വാസിയെന്ന് ഏലീയാവ് കരുതി (1 രാജാക്കന്മാർ 19:14, 18).
മൂന്ന് വാക്യങ്ങളിൽ, ദുഷ്ടന്മാർ പറയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പലപ്പോഴും നമ്മുടെ ശത്രുക്കൾ ശാരീരികമായി ഉപദ്രവിക്കുന്നതിനേക്കാൾ അവർ പറയുന്നതിലൂടെയാണ് നമ്മെ കൂടുതൽ വേദനിപ്പിക്കുന്നത്. നാവിന്റെ പാപങ്ങൾ ചെയ്യുന്നതിൽ നിന്ന് ക്രിസ്ത്യാനികൾ ഒഴിവുള്ളവരല്ലെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകി (3:5-10).
ദൈവദൂഷണങ്ങൾക്കിടയിലും ദൈവം ഇപ്പോഴും ദരിദ്രരുടെയും പീഡിതരുടെയും ഞരക്കവും ശ്വാസംമുട്ടലും കേൾക്കുന്നു. നീതിയുടെ ദൈവം തന്റെ സ്നേഹത്താൽ ഈ അടിച്ചമർത്തപ്പെട്ടവർക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
7-ാം വാക്യത്തിൽ “ഈ തലമുറയിൽ നിന്ന് നീ ഞങ്ങളെ എന്നേക്കും സംരക്ഷിക്കും” എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ദൈവം അടിച്ചമർത്തപ്പെട്ടവരെ സംരക്ഷിക്കും; ദൈവം തന്നിൽ വിശ്വസിക്കുന്നവരെ സംരക്ഷിക്കും; ദൈവം തന്റെ വചനം പാലിക്കും. ഇതാണ് ഈ സങ്കീർത്തനം നൽകുന്ന സന്ദേശം.
