സുവിശേഷീകരണത്തിനെന്ന പേരിൽ സഭകൾ പല പ്രോഗ്രാമുകൾ
നടത്താറുണ്ട് .പരസ്യ യോഗങ്ങൾ ,കൺവൻഷനുകൾ ,മെഗാ ക്രൂസേഡുകൾ ഒക്കെ ഇതിൻ്റെഭാഗമാണ് .കൺവൻഷനുകളുടെ പേരിൽ ലക്ഷങ്ങൾ സഭകളും പ്രസ്ഥാനങ്ങളും പാഴാക്കുന്നുവെങ്കിലും
യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല .പലർക്കും കൺവൻഷനുകൾ അവരുടെ നിലനിൽപിൻ്റെയും അഭിമാനത്തിൻ്റെയും പ്രശ്നങ്ങൾ
ആണ് ,ഒഴിവാക്കാൻ പറ്റില്ല .എന്നാൽ അടുത്ത കാലത്തായി ചിലവ് കുറച്ച് വീട്ടുമുറ്റത്ത് നടത്തുന്ന യോഗങ്ങൾ പുറത്തുള്ളവരെ ആകർഷിക്കുന്നുണ്ട് .
പതിവ് പരിപാടികൾ നടത്തുന്നമെന്ന് വാശി പിടിക്കാതെ ,ഫലപ്രദമായ
മാർഗങ്ങളെക്കുറിച്ച് മാറി ചിന്തിക്കുവാൻ സമയമായി .
എങ്ങനെയാണ് യേശുവിങ്കലേക്ക് ആളുകൾ വന്നത് എന്നത് വേദപുസ്തകത്തിൽ നിന്നും തന്നെ പരിശോധിക്കേണ്ടത് ആവശ്യമാണ് .
കർത്താവിൻ്റെ ആദ്യത്തെ നാല് ശിഷ്യന്മാർ കർത്താവിനെ കണ്ടു
മുട്ടിയത് എങ്ങനെയെന്ന് യോഹന്നാൻ്റെ സുവിശേഷം ഒന്നാം
അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട് .
ഒന്നാമത് യേശുവിൻ്റടുത്ത് എത്തിയത് അന്ത്രയാസ് ആണ്. യോഹന്നാൻ സ്നാപകനാണ് അദ്ദേഹത്തിന് യേശുവിനെ പരിചയപ്പെടുത്തിയത് .ലോകത്തിൻ്റെ പാപത്തെ ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്
ആയാണ് യേശുവിനെ ചൂണ്ടിക്കാണിച്ചത് .ഏതു സുവിശേഷകനും
യേശുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ടത് പാപത്തിൻ്റെ
പരിഹാരകനായിട്ടാണ് .ലളിതമായ സുവിശേഷ പ്രസംഗം ഇതാണ് .
എന്നാൽ ഇന്ന് പലരും പ്രസംഗിക്കുന്നത് വേറൊരു സുവിശേഷമാണ് .മനുഷ്യൻ്റെ ഏറ്റവും വലിയ പ്രശ്നം പാപമാണ് .പാപപരിഹാരകനായ
യേശുവിനെ കാണാനാണ് അന്ത്രയാസ് യേശുവിനെ സമീപിച്ചത് .തെരുവിൽ നിന്നു വിളിച്ചു പറഞ്ഞത് കേട്ടാണ് അദ്ദേഹം യേശുവിനെ
സമീപിച്ചത് .
” കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു (യോഹ 1:36 ,37) .”
അടുത്തതായി യേശുവിൻ്റെ അടുക്കൽ എത്തിയത് പത്രോസ് ആണ് .അതിന് മുഖാന്തിരമായത് സ്വന്തം സഹോദരനായ അന്ത്രയാസാണ്.
അന്ത്രയാസ് യേശുവിനെ കണ്ടെത്തിയ ശേഷം ..
“അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെഎന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തി
യിരിക്കുന്നു എന്നു പറഞ്ഞു (1:41).” യേശുവിനെ കണ്ടെത്തിയവർ
ആദ്യം സാക്ഷ്യം പറയേണ്ടത് സ്വന്തം വീട്ടിൽ ഉള്ളവരോടാണ് . അന്ത്രയാസ് സ്വന്തം സഹോദരനെ യേശുവിൻ്റെ അടുക്കൽ കൊണ്ടു
വന്നു .ഗദരദേശത്തെ ഭൂതഗ്ര സ്ഥനായിരുന്നവനോട് യേശു പറഞ്ഞത്
“നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക” എന്നു അവനോടു പറഞ്ഞു (മർ .5: 19 ) ” .
അടുത്തത് ഫിലിപ്പോസ് ആയിരുന്നു .മറ്റാരെയും ഉപയോഗിക്കാതെ
ഫിലിപ്പോസിനെ യേശു നേരിട്ട് വിളിക്കുകയായിരുന്നു .”പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു ( 1:43) .
ഇന്നും വളരെ അപൂർവ്വമായി ചിലരെ യേശു നേരിട്ട് വിളിച്ചതായി
സാക്ഷ്യം കേട്ടിട്ടുണ്ട് .
അടുത്തതായി കാണുന്നത് നഥനയേൽആണ് .നഥനയേലിനോട് സാക്ഷ്യം പറയുന്നത് ഫിലിപ്പോസ് ആണ് . നഥനയേലിന് വലിയമുൻവിധി ആയിരുന്നു .
നസറേത്തിൽ നിന്നും വല്ല നന്മയും വരുമോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട് .എന്നാൽ യേശു തൻ്റെ മുൻ വിധികളെ
മാറ്റി .ഇന്നും കൃസ്തു മാർഗത്തെക്കുറിച്ചും പെന്തക്കോസ്തുകാരെ
കുറിച്ചും മുൻവിധികൾ ഉള്ളവർ ഉണ്ട് .അവരുടെ മുൻവിധികൾ
മാറ്റപ്പെടുമ്പോൾ സത്യം അംഗീകരിക്കും ( 1:45).
വ്യക്തിപരമായി ആളുകളോട് സുവിശേഷം അറിയിക്കുന്നതിന് പണചിലവില്ല .എക്കാലത്തും ഫലപ്രദമായ സുവിശേഷീകരണ മാർഗം വ്യക്തിഗത
സുവിശേഷികരണം തന്നെയാണ് .പൗലോസ് സ്വീകരിച്ച
മാർഗം ഏറ്റവും അനുകരണീയമാണ് . ” വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും…” (അ. പ്ര 20:19, 20) .പരസ്യമായും വീടുതോറും യേശുവിനെഅറിയിക്കാം .വളരെ പ്രാർത്ഥനയോടെ ഈ ശുശ്രൂഷ ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കട്ടെ .
