വിശുദ്ധ കർത്തൃമേശ ഒരു സാധാരണ മതാചാരമല്ല. അത് വെറും ചടങ്ങു അല്ല. അത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കാളിത്തമാണ്. അതിനെ അവഗണിക്കുക, നിസ്സാരമായി കാണുക, മനഃപൂർവ്വം വിട്ടുനിൽക്കുക—ഇവ ചെറിയ കാര്യങ്ങളല്ല; അതിന് ഗൗരവമുള്ള ആത്മീയ ഫലങ്ങളുണ്ട്.
ഇന്ന് പല വിശ്വാസികളും പല കാരണങ്ങളാൽ വിശുദ്ധ കർത്തൃമേശയിൽ നിന്ന് വിട്ടുനിൽക്കുന്നു—ആത്മീയ അലസത, മനസ്സിലുള്ള വിരോധം, പരിഹരിക്കാത്ത പാപങ്ങൾ, ലോകകാര്യങ്ങളോടുള്ള അത്യാഗ്രഹം, ഭയം, ആരോടെങ്കിലുമുള്ള പിണക്കം, അനാസ്ഥ, അല്ലെങ്കിൽ “ഇന്ന് വേണ്ട, പിന്നെ മതി” എന്ന മനോഭാവം.
എന്നാൽ തിരുവെഴുത്ത് വളരെ വ്യക്തമായി മുന്നറിയിപ്പ് നൽകുന്നു: ക്രിസ്തു നമുക്കു നൽകുന്ന ജീവനെ നാം നിരസിച്ചാൽ അതിന് ഭയാനകമായ ആത്മീയ ഫലങ്ങൾ ഉണ്ടാകും.
1. വിശുദ്ധ കർത്തൃമേശ ക്രിസ്തുവിന്റെ ശരീരവും രക്തവുമാണ്
ക്രൂശിക്കപ്പെടുന്നതിന് മുൻപുള്ള രാത്രിയിൽ യേശു തന്റെ ശിഷ്യന്മാരോടൊപ്പം അത്താഴമിരിക്കുമ്പോൾ വിശുദ്ധ കർത്തൃമേശ സ്ഥാപിച്ചു.
ബൈബിൾ ഇപ്രകാരം പറയുന്നു:
“വാങ്ങി ഭക്ഷിപ്പിൻ; ഇത് എന്റെ ശരീരം.”
“എല്ലാവരും ഇതിൽ നിന്ന് കുടിപ്പിൻ; ഇത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിനുള്ള എന്റെ രക്തം .” (മത്തായി 26:26–28)
യേശു “ഇത് എന്റെ ശരീരത്തെ പ്രതിനിധീകരിക്കുന്നു” എന്ന് പറഞ്ഞില്ല. അവിടുന്ന് പറഞ്ഞു: “ഇത് എന്റെ ശരീരം… ഇത് എന്റെ രക്തം.”
അതിനാൽ വിശുദ്ധ കർത്തൃമേശ വെറും അപ്പവും വീഞ്ഞും അല്ല. അത് ജീവിക്കുന്ന ക്രിസ്തുവിന്റെ പരിശുദ്ധ സാന്നിധ്യമാണ്.
യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ യേശു അതിലും ശക്തമായി പറയുന്നു:
“മനുഷ്യപുത്രന്റെ മാംസം തിന്നുകയും അവന്റെ രക്തം കുടിക്കുകയും ചെയ്യാത്തപക്ഷം നിങ്ങളിൽ ജീവൻ ഇല്ല.” (യോഹന്നാൻ 6:53)
തിരുമേശയെ നിരസിക്കുക വഴി നാം ജീവനെ തള്ളി മരണത്തെ ആലിംഗനം ചെയ്യുകയാണ് ചെയ്യുന്നത്. യേശുവിലൂടെയുള്ള ജീവൻ എനിക്കാവശ്യമില്ല എന്ന് നാം പ്രഖ്യാപിക്കുന്നു.
ഇത് വെറും ഒരു ഉപദേശം അല്ല—ഇത് യേശുവിന്റെ ഗൗരവമേറിയ മുന്നറിയിപ്പാണ്.
അവിടുന്ന് വീണ്ടും പറയുന്നു:
“എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്.” (യോഹന്നാൻ 6:54)
അതുമാത്രമല്ല:
“എന്നെ ഭക്ഷിക്കുന്നവൻ എനിമൂലം ജീവിക്കും.” (യോഹന്നാൻ 6:57)
എത്ര ഭയപ്പെടുത്തുന്ന വാക്കുകളാണിവ! യേശു തന്നെ പറയുന്നു: “എന്നെ ഭക്ഷിക്കുന്നവൻ ജീവിക്കും.”
അപ്പോൾ ചോദ്യം ഉയരുന്നു:
ക്രിസ്തു തരുന്ന ഈ ജീവന്റെ അപ്പം നാം നിരസിച്ചാൽ എന്താണ് സംഭവിക്കുക?
നിശ്ചയമായും ആത്മീയ മരണം തന്നെ സംഭവിക്കും.
അങ്ങനെ മരിച്ച പലരും ഇന്നും ജീവനുണ്ടെന്ന ഭാവേന എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു.
2. വിശുദ്ധ കർത്തൃമേശ മനഃപൂർവ്വം നിരസിക്കുന്നത് ചെറിയ കാര്യമല്ല
വിശന്നുമരിക്കാൻ പോകുന്ന ഒരാൾക്ക് ജീവൻ രക്ഷിക്കുന്ന ഭക്ഷണം കൊടുത്തപ്പോൾ അയാൾ അത് തള്ളിക്കളഞ്ഞുവെന്ന് ചിന്തിക്കുക. അത് എത്ര വലിയ മണ്ടത്തരമായിരിക്കും!
അതുപോലെയാണ് ആത്മീയ ജീവിതത്തിലും.
നമ്മുടെ ആത്മാവിന് ജീവൻ നൽകുവാൻ ക്രിസ്തു തന്റെ ശരീരവും രക്തവും നമുക്കു നൽകുന്നു. എന്നാൽ നാം പറയുകയാണ് —“ഇന്ന് വേണ്ട”, “ഞാൻ പിന്നീട് എടുക്കാം”, “എനിക്ക് താൽപര്യമില്ല”—അപ്പോൾ നാം ആരെയാണ് നിരസിക്കുന്നത്?
യേശുവിനെ.
യേശു വളരെ വ്യക്തമായി പറഞ്ഞു:
“മനുഷ്യപുത്രന്റെ മാംസം തിന്നുകയും അവന്റെ രക്തം കുടിക്കുകയും ചെയ്യാത്തപക്ഷം നിങ്ങളിൽ ജീവൻ ഇല്ല.” (യോഹന്നാൻ 6:53)
ഇത് മനുഷ്യരുടെ അഭിപ്രായമല്ല. സഭയുടെ മാത്രം ഉപദേശവുമല്ല.
ഇത് യേശുക്രിസ്തുവിന്റെ സ്വന്തം വാക്കുകളാണ്.
യോഹന്നാൻ 6-ൽ ഈ ഉപദേശം കേട്ടപ്പോൾ പല ശിഷ്യന്മാരും യേശുവിനെ വിട്ടുപോയി. “ഇത് കഠിനവാക്കാണ്” എന്നു പറഞ്ഞ് അവർ പിന്നോട്ടുപോയി.
എന്നാൽ യേശു അവരെ തടഞ്ഞോ? ഇല്ല.
അവിടുന്ന് തന്റെ വാക്ക് മാറ്റിയോ? ഇല്ല.
അവിടുന്ന് സത്യം മാറ്റാതെ അവരെ ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ വിട്ടു.
ഇന്ന് നമ്മളും അതേ തിരഞ്ഞെടുപ്പിന് മുമ്പിലാണ്:
ജീവന്റെ അപ്പം സ്വീകരിക്കുമോ? അതോ നിരസിക്കുമോ?
3. കർത്തൃമേശയിൽ നിന്ന് മാറി നിൽക്കുവാൻ അല്ല—പശ്ചാത്തപിച്ച് മടങ്ങിവരുവാനാണ് ദൈവം വിളിക്കുന്നത്
ചിലർ പറയുന്നു:
“ഞാൻ പാപിയാണ്; അതുകൊണ്ട് ഞാൻ കർത്തൃമേശ എടുക്കുന്നില്ല.”
എന്നാൽ ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല.
പൗലോസ് എഴുതുന്നു:
“ അയോഗ്യമായി കർത്താവിന്റെ അപ്പം തിന്നുകയോ പാനപാത്രത്തിൽ നിന്ന് കുടിക്കുകയോ ചെയ്യുന്നവൻ കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരനാകും.” (1 കൊരിന്ത്യർ 11:27)
ഇവിടെ പൗലോസ് പറയുന്നത് “അകന്നുനിൽക്കുക” എന്നല്ല.
അവൻ പറയുന്നു:
“ഓരോരുത്തനും തന്നേത്താൻ ശോധന ചെയ്ത ശേഷം അപ്പം തിന്നുകയും പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യട്ടെ.” (1 കൊരിന്ത്യർ 11:28)
അതാണ് ദൈവത്തിന്റെ മാർഗം:
പാപമുണ്ടോ? — പശ്ചാത്തപിക്കുക
വിരോധമുണ്ടോ? — ക്ഷമിക്കുക
വഴക്കുണ്ടോ? — നിരപ്പിലാകുക
ദൈവത്തിൽ നിന്ന് അകന്നുപോയോ? — തിരിച്ചു വരിക
പരിഹാരം കർത്തൃമേശ ഒഴിവാക്കൽ അല്ല.
പരിഹാരം മാനസാന്തരത്തോടെ കർത്താവിന്റെ സന്നിധിയിലേക്ക് മടങ്ങിവരികയാണ്.
4. തിരുവെഴുത്തിലെ മുന്നറിയിപ്പുകളും ഉദാഹരണങ്ങളും
പെസഹാ കുഞ്ഞാട് — അനുസരിച്ചവർ രക്ഷപ്പെട്ടു
പഴയ നിയമത്തിൽ ഇസ്രായേല്യർ പെസഹാ കുഞ്ഞാടിന്റെ രക്തം വീടുകളിൽ അടയാളമായി പുരട്ടിയപ്പോൾ അവർ നാശത്തിൽ നിന്ന് രക്ഷിക്കപ്പെട്ടു.
രക്തത്തെ അവഗണിച്ചവർ ന്യായവിധിക്കിരയായി.
ഇന്ന് ക്രിസ്തു തന്നെയാണ് നമ്മുടെ യഥാർത്ഥ പെസഹാ കുഞ്ഞാട്.
“നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടിരിക്കുന്നു.”
(1 കൊരിന്ത്യർ 5:7)
ദൈവം നല്കുന്ന രക്ഷയുടെ മാർഗത്തെ അവഗണിക്കുന്നത് ഒരിക്കലും നിസ്സാരമല്ല.
യൂദാ — കാണിക്കുവാനായി പങ്കെടുത്തു, പക്ഷെ മനസ്സ് കൊണ്ട് മാറിനിന്നു.
യൂദാ അവസാന അത്താഴത്തിൽ പങ്കെടുത്തു. എന്നാൽ അവന്റെ ഹൃദയം യേശുവിൽ നിന്ന് അകന്നിരുന്നു.
അൽപ്പസമയം കഴിഞ്ഞ് അവൻ യേശുവിനെ ഒറ്റിക്കൊടുത്തു.
ഇത് ഒരു മുന്നറിയിപ്പാണ്:
കർത്തൃമേശയിൽ നിന്ന് മാറി നിൽക്കുന്നവൻ യേശുവിനെ ഒറ്റിക്കൊടുക്കുന്നവനാണ്.
കൊരിന്ത്യർ — അവഗണനയ്ക്ക് ന്യായവിധിയും ശിക്ഷയും ഉണ്ട്.
പൗലോസ് കൊരിന്ത്യസഭയ്ക്ക് വളരെ ഭയപ്പെടുത്തുന്ന ഒരു കാര്യം എഴുതുന്നു:
“അതുകൊണ്ട് നിങ്ങളിൽ പലരും ബലഹീനരും രോഗികളുമായി തീരുന്നു; ചിലർ നിദ്ര പ്രാപിക്കുന്നു.”
(1 കൊരിന്ത്യർ 11:30)
കർത്താവിന്റെ ശരീരത്തെ അവമതിച്ചതിനാൽ ചിലർ ദൈവശിക്ഷ അനുഭവിച്ചുവെന്ന് തിരുവെഴുത്ത് പറയുന്നു.
അയോഗ്യമായി സ്വീകരിക്കുന്നത് ഇത്ര ഗൗരവമുള്ളതാണെങ്കിൽ, മനഃപൂർവ്വം പൂർണ്ണമായി നിരസിക്കുന്നത് എത്ര ഭയാനകമായിരിക്കും!
5. വിശുദ്ധ കർത്തൃമേശ — ശിക്ഷയ്ക്കല്ല, ജീവന് വേണ്ടിയുള്ള കൃപയുടെ ദാനമാണ്.
കർത്താവ് കർത്തൃമേശ സ്ഥാപിച്ചത് നമ്മെ ശിക്ഷിക്കാനല്ല.
നമ്മെ ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും അവിടുന്ന് തന്റെ ശരീരവും രക്തവും നല്കി.
വിശ്വാസത്തോടും പശ്ചാത്താപത്തോടും കൂടെ കർത്തൃമേശ സ്വീകരിക്കുന്നവർ ക്രിസ്തുവിന്റെ യാഗത്തെ ഓർക്കുന്നു, യേശുവിനോടുള്ള ഐക്യത്തിൽ വളരുന്നു, ആത്മീയ ശക്തി പ്രാപിക്കുന്നു, യേശുവിന്റെ വരവിനെ പ്രതീക്ഷിച്ചുകൊണ്ട് ജീവിക്കുന്നു.
യേശു ഇന്നും നമ്മെ ആഹ്വാനം ചെയ്യുന്നു:
“വാങ്ങി തിന്നുവിൻ.”
ഇത് ഒരു കല്പന മാത്രമല്ല—ഇത് സ്നേഹത്തിന്റെ ക്ഷണമാണ്.
ഒരു പിതാവിന് തന്റെ മകൻ ഭക്ഷണം നിരസിക്കുമ്പോൾ ദുഃഖമുണ്ടാകുന്നുവെങ്കിൽ, തന്റെ സ്വന്തം ശരീരവും രക്തവും ജീവന് വേണ്ടി നല്കിയ ക്രിസ്തുവിന് തന്റെ മക്കൾ അതിനെ നിരസിക്കുമ്പോൾ എത്ര വേദനയുണ്ടാകുമെന്നു ചിന്തിക്കൂ!
നിങ്ങൾ എന്തെങ്കിലും കാരണങ്ങളാൽ വിശുദ്ധ കർത്തൃമേശയിൽ നിന്ന് മാറിയിരുന്നിട്ടുണ്ടോ?
നിങ്ങളുടെ ഹൃദയം പരിശോധിക്കൂ. ഭയമാണോ നിങ്ങളെ അകറ്റുന്നത്? പാപമാണോ നിങ്ങളെ തടയുന്നത്? അനാസ്ഥയാണോ? ആത്മീയ അലസതയാണോ?
ഇന്ന് തന്നെ കർത്താവിലേക്കു മടങ്ങിവരിക.
പരിപൂർണ്ണരായവർക്ക് വേണ്ടിയല്ല കർത്തൃമേശ.
പശ്ചാത്തപിക്കുന്നവർക്ക് വേണ്ടിയാണ്.
യേശു പറയുന്നു:
“എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിൽ വസിക്കുന്നു; ഞാനും അവനിൽ വസിക്കുന്നു.”
(യോഹന്നാൻ 6:56)
അവനെ സ്വീകരിക്കുന്നത് ജീവൻ ആണ്.
അവനെ നിരസിക്കുന്നത് ആത്മീയ അപകടമാണ്.
അതുകൊണ്ട്,
ഭക്തിയോടെ വരിക.
പശ്ചാത്താപത്തോടെ വരിക.
വിശ്വാസത്തോടെ വരിക.
കാരണം വിശുദ്ധ കർത്തൃമേശ വെറും അപ്പവും വീഞ്ഞുമല്ല—
അതിൽ ക്രിസ്തു തന്റെ ജീവൻ നമുക്കു പകരുന്നു.
കർത്താവ് നല്കുന്ന ഈ പരിശുദ്ധ ദാനം ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്.
