കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡണ്ട് ആയിരുന്ന പാസ്റ്റർ ഡോ ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തെ തുടർന്ന് സഭയുടെ ജനറൽ കൗൺസിലിന്റെ ആക്ടിംഗ് പ്രസിഡണ്ടായി പാസ്റ്റർ ഫിലിപ് പി തോമസ് ചുമതലയേറ്റു. ഐപിസി ഭരണഘടന അനുസരിച്ച് പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ട് ആകുന്ന സഭാ ഭരണഘടന അനുസരിച്ചും (ആർട്ടിക്കിൾ VIII ക്ലോസ് II) മുൻ കീഴ് വഴക്കങ്ങൾ അനുസരിച്ചുമാണ് പാസ്റ്റർ ഫിലിപ് പി തോമസ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം സഭയുടെ വൈസ് പ്രസിഡൻ്റായി പ്രവർത്തി വരികയായിരുന്നു.
ആലപ്പുഴ കരുവാറ്റ സ്വദേശിയായ പാസ്റ്റർ ഫിലിപ്പ് പി തോമസ് അമേരിക്കയിലെ സിയാറ്റിൽ ബൈബിൾ കോളജിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദം നേടി തുടർന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സഭയുടെ വിവിധ ശിശ്രൂഷാ രംഗങ്ങളിൽ വേദ അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ഔദ്യോഗിക നേതൃത്വ രംഗത്തും പ്രവർത്തിക്കുന്നു. സഭയുടെ യുവജന വിഭാഗം പ്രസിഡണ്ട് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജനറൽ വൈസ് പ്രസിഡണ്ട്, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഐപിസി ജനറൽ കൗൺസിലിന്റെയോ എക്സിക്യൂട്ടീവിൻ്റെ തീരുമാനങ്ങൾ ആയി കഴിഞ്ഞദിവസം ഒരു പത്രത്തിലും സാമൂഹ്യമാധ്യമങ്ങളിലും വന്ന വാർത്ത വ്യാജമാണെന്ന് ആക്റ്റിംഗ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി തോമസ് അറിയിച്ചു. ജനറൽ പ്രസിഡൻ്റിൻ്റെ ആകസ്മിക വേർപാടിന്ശേഷം സഭയുടെ മറ്റ് നാല് എക്സിക്യൂട്ടീവ് അംഗങ്ങളുമായി ആശയം വിനിമയം നടത്തിയിരുന്നുവെന്നും എന്നാൽ അവരിൽ ചിലർ ബാഹ്യശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ജനാതിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് പാസ്റ്റർ ഫിലിപ്പ് പി തോമസ് സ്വർഗീയധ്വനിയോട് പറഞ്ഞു.
സഭാ ഭരണഘടനക്കും ജനാപത്യമൂല്യങ്ങൾക്കും വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളേയും നിയമ വിധേയ മാർഗ്ഗങ്ങളിലൂടെ ചെറുക്കുമെന്ന് ഒരു സീനിയർ ജനറൽ കൗൺസിൽ അംഗം സ്വർഗീയധ്വനിയോട് പറഞ്ഞു.
റവ ഡോ. വത്സൻ എബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച് കുടുംബം എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് സഭയുടെ പൂർണ്ണ ആദരവുകളോടെ നടത്തുമെന്നും ആക്ടിംഗ് പ്രസിഡണ്ട് അറിയിച്ചു. ഇന്ന് രാത്രി 7 ന് കൂടുന്ന അടിയന്തിര ജനറൽ കൗൺസിൽ സഭയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ട സത്വരനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

