ആരാധന സംബന്ധിച്ച് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സഭകളിൽ നിലവിലുണ്ട്. എന്നാൽ ആരാധിക്കണം എന്ന കാര്യത്തിൽ
തർക്കമില്ല. ചിലർ അറിയാത്തതിനെ ആരാധിക്കുന്നു ,നാം അറിയു
ന്നവനെ ആരാധിക്കുന്നു .
എവിടെ , എങ്ങനെ ആരാധിക്കണമെന്നും
തർക്കമുണ്ട്. എവിടെ ആരാധിക്കണമെന്നതായിരുന്നു ശമര്യക്കാരിയുടെ ചോദ്യം.
” ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചു; നിങ്ങൾ പറയുന്നത് യെരൂശലേമിലാണ് ആരാധിക്കേണ്ടത് എന്ന്.” ഗെരസ്സീം മലയിലാണോ ,
യെരുശലേമിലാണോ ആരാധിക്കേണ്ടതെന്നായിരുന്നു അവരുടെസംശയം .
എന്നാൽ യേശു സ്ഥലത്തെക്കാൾ
പ്രാധാന്യം ആരാധനയുടെ സ്വഭാവത്തിനാണ് നൽകിയത് .
ആരാധനക്ക് സ്ഥലമല്ല പ്രധാന വിഷയം. പഴയ നിയമത്തിൽ ദൈവാരാധനയ്ക്ക് പ്രത്യേക സ്ഥലങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു.
എന്നാൽ യേശു പറഞ്ഞു:
“ഈ മലയിൽ അല്ല, യെരൂശലേമിലും അല്ല…” (യോഹന്നാൻ 4:21).
ആരാധനാലയങ്ങൾ നിർമ്മിക്കാനോ സഭയിൽ കൂടി വരുന്നതിനോ എതിരല്ല
യേശു പറഞ്ഞത് . സഭായോഗവും കൂട്ടായ ആരാധനയും പ്രധാനമാണ്. പക്ഷേ ദൈവാരാധന ഒരു കെട്ടിടത്തിനുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. ആരാധന ഹൃദയത്തിൽ നിന്നാണ് . അതിന് പ്രത്യേക സ്ഥലം അത്യാവശ്യമല്ല .
സഭയിൽ ആരാധിക്കുന്നവൻ വീട്ടിലും ആരാധിക്കും. ഞായറാഴ്ച മാത്രമല്ല ആരാധന , എന്നും എപ്പോഴും ഹൃദയത്തിൽ നിന്ന് ആരാധന ഉയരണം .
“ദൈവം ആത്മാവാകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം” എന്നാണ് യേശു പറഞ്ഞത് . ആത്മാവിൽ ആരാധിക്കുക എന്നത് പെന്തെക്കോസ്ത്
കാർക്കിടയിൽ തെറ്റിദ്ധരിക്കപ്പെട്ട പ്രയോഗമാണ് . ബുദ്ധി അഫലമാക്കി അന്യഭാഷ ഉച്ചത്തിൽ പറയുന്നതിനെയാണ് ചിലർ ആത്മാവിൽ ആരാധിക്കുക
എന്നു പറയുന്നത്. ആരാധനയിൽ പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യവും സഹായവും ഉണ്ട് . എന്നാൽ ആത്മാവിൽ എന്നു കർത്താവ് പറഞ്ഞത് നമ്മുടെ ആത്മാവിൽ
എന്നാണ് , ഹൃദയത്തിൽ നിന്ന് ആരാധിക്കണമെന്നാണ്. ഹൃദയം
ദൈവത്തോട് അകന്നിരുന്നു കൊണ്ടും പാടുകയും ,ഉപകരണ
ങ്ങൾ വായിക്കുകയും ,
സ്തുതിക്കുകയും ചെയ്യാം . ദൈവത്തോടുള്ള
സ്നേഹ ബന്ധത്തിൽ നമ്മുടെ ഹൃദയത്തിൽ നിന്ന് ഉയരുന്ന സ്തുതി സ്തോത്രങ്ങളാണ് ആരാധന. ശബ്ദത്തിൻ്റെ വലിപ്പത്തിലല്ല ആരാധന
ഉയരുന്നത് ,ദൈവത്തോടുള്ള ഹൃദയത്തിൻ്റെ സ്നേഹത്തിലാണ് .
“സത്യത്തിൽ” ആരാധിക്കുകയെന്നാൽ,ദൈവം വചനത്തിലൂടെ വെളിപ്പെടുത്തിയ സത്യത്തിനനുസരിച്ച് ആരാധിക്കുകയാണ് .
യേശുക്രിസ്തുവും അവിടുത്തെ വചനവുമാണ് സത്യം . വചനത്തിന്
വിരുദ്ധമായ എല്ലാ പ്രകടനങ്ങളും കോപ്രായങ്ങളും ജഡികമാണ്, വെറും വൈകാരിക പ്രകടനങ്ങളാണ് .
“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്നു ദൂരത്തു അകന്നിരിക്കുന്നു.”
( മത്തായി 15:8 ) എന്ന് പറഞ്ഞിരിക്കുന്ന രീതിയിലാണ് ഇക്കാലത്തെ
പല പ്രകടനങ്ങളും .
പാട്ട് നല്ലതായിരിക്കാം; സംഗീതം മനോഹരമായിരിക്കാം; കൈയടി ശക്തമായിരിക്കാം, വാദ്യോപകരണങ്ങൾ ഉച്ചത്തിൽ മീട്ടുന്നുണ്ടാവാം, പക്ഷേ ഹൃദയം
ദൈവത്തോട് അകന്നിരിക്കുന്നു
വെങ്കിൽ അത് “ആത്മാവിലും സത്യത്തിലും” ഉള്ള ആരാധനയല്ല.
ആരാധന തുടങ്ങുന്നത് വായിലല്ല , ഹൃദയത്തിലാണ് .കരങ്ങൾ ഉയർത്തുന്നതിന്
മുൻപ് ഹൃദയം ഉയരണം . ആവേശത്തിന് മുൻപ്
സത്യം ഗ്രഹിക്കണം . ദൈവം ആരാധനയേക്കാൾ , യഥാർത്ഥ ആരാധകരെയാണ് അന്വേഷിക്കുന്നത്.
യേശുവിനെയും ക്രൂശുമരണത്തെയും ധ്യാനിക്കാതെ എന്ത് ആരാധന ?

