വാഷിംഗ്ടൺ: അമേരിക്കയിൽ മിഡ് ടേം തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ വികാരം. പ്രസിഡന്റിന് വൻ വീഴ്ച. യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻമാരിൽ നിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ഉപരിസഭയായ സെനറ്റിലും അധോസഭയായ ജനപ്രതിനിധിസഭയിലും വൻ ഭൂരിപക്ഷമാണ് ഡെമോക്രാറ്റിക് പാർട്ടി നേടിയത്.
തീരുവ ഭീഷണികൊണ്ട് ഡൊണാൾഡ് ട്രംപ് ലോകത്തെ വെറുപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ പാളിയ നയങ്ങളിലൂടെ സ്വന്തം ജനതയെയും. നാട്ടിൽ മുൻപില്ലാത്ത വിലക്കയറ്റവും സാമ്പത്തികാനിശ്ചിതത്വവും. ഇതിനെല്ലാം ചേർത്ത് ജനത മറുപടി നൽകി.
ഫലങ്ങൾ വന്നുതുടങ്ങിയ ഇന്നലെ തന്നെ സെനറ്റിലും സഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം കടന്നത് ചരിത്രമായി. മുൻ തിരഞ്ഞെടുപ്പുകളിൽ വിരലിലെണ്ണാവുന്ന സീറ്റിന്റെ വ്യത്യാസത്തിൽ ഇരുപാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചിരുന്നു. ഇത്തവണ ആദ്യം മുതൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വിയർത്തു. പരമ്പരാഗത കോട്ടകളിൽ അടിപതറി.
ട്രംപും യു.എസ് കോൺഗ്രസും തമ്മിലെ ഏറ്റുമുട്ടലിനാണ് ഇനി രണ്ട് വർഷം യു.എസ് സാക്ഷിയാകുക. തീരുവ, യുദ്ധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന് തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാനാകില്ല. ഡെമോക്രാറ്റുകൾക്ക് ട്രംപിന്റെ നീക്കങ്ങളെ ചെറുക്കാം. അതേസമയം ട്രംപിന് വീറ്റോ അധികാരമുണ്ട്. 2028ലാണ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. അതിൽ തിരിച്ചുവരാമെന്ന ആത്മവിശ്വാസമാണ് ഡെമോക്രാറ്റുകൾക്ക് ലഭിച്ചത്.
പുതിയ കോൺഗ്രസ് ജനുവരി 3ന് അധികാരമേൽക്കും. ജനപ്രതിനിധി സഭാംഗങ്ങൾക്ക് രണ്ട് വർഷവും സെനറ്റംഗങ്ങൾക്ക് ആറ് വർഷവുമാണ് കാലാവധി. ജനപ്രതിനിധികളുടെ 435 സീറ്റിലേക്കും വോട്ടെടുപ്പ് നടന്നു. 100 അംഗ സെനറ്റിൽ 35 ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാർട്ടിയുടെ ഇലക്ഷൻ ചിഹ്നം കഴുതയും റിപ്പബ്ലിക്കൻ പാർട്ടിയുടേത് ആനയുമാണ്.



